ഐ ലീഗ്: ഗോകുലം 1 - ഐസ്വാള്‍ 1 പുതുവര്‍ഷം സമനിലയോടെ
കോഴിക്കോട്: ഐ ലീഗില്‍ ഐസ്വാളിനെതിരേ സമനിലയില്‍ പിരിഞ്ഞ് ഗോകുലം കേരള എഫ്.സി. കളിയുടെ കൂടുതല്‍ സമയവും പത്തുപേരുമായി കളിച്ച ഐസ്വാള്‍ ടീം ഗോകുലം കേരള എഫ്.സിയുടെ തട്ടകത്തില്‍ വിജയത്തിനൊത്ത സമനില സ്വന്തമാക്കി. 1-1 നാണ് ഇരുടീമുകളും തുല്യനിലയില്‍ പിരിഞ്ഞത്. 14ാം മിനുട്ടില്‍ അബ്ദുല്ല കനൗട്ടിലൂടെ ഐസ്വാള്‍ എഫ്.സിയാണ് മുന്നിലത്തെിയത്. 70ാം മിനുട്ടില്‍ ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫിലൂടെ ആതിഥേയര്‍ സമനില പിടിക്കുകയായിരുന്നു. പകരക്കാരനായെത്തിയ സല്‍മാന്‍ ഇടതുവിങ്ങില്‍നിന്ന് നല്‍കിയ അസാമാന്യ ക്രോസാണ് മാര്‍ക്കസ് ഗോളാക്കിയത്. ഇതോടെ ഗോകുലത്തിന് നാല് കളികളില്‍നിന്ന് ഏഴ് പോയിന്റായി. ആറ് കളികളില്‍ ഏഴ് പോയിന്റാണ് ഐസ്വാളിന്റെ സമ്പാദ്യം.
ആദ്യ മിനുട്ടുകളില്‍ തന്നെ നിരവധി അവസരങ്ങള്‍ ഗോകുലം നഷ്ടപ്പെടുത്തി. എട്ടാം മിനുട്ടില്‍ തുടര്‍ച്ചയായി രണ്ടുതവണ മാര്‍ക്കസ് ഐസ്വാള്‍ ഗോള്‍മുഖത്തേക്ക് ഇരമ്പിയെത്തിയെങ്കിലും ഗോള്‍വല കുലുക്കാനായില്ല. 11 -ാം മിനുട്ടില്‍ മുഹമ്മദ് ഇര്‍ഷാദ് ബോക്‌സിനുള്ളില്‍വച്ച് അവസരം നഷ്ടപ്പെടുത്തി. 14-ാം മിനുട്ടിലാണ് ഐസ്വാള്‍ എഫ്.സിയുടെ ഗോള്‍ വീണത്. മാലി താരം അബ്ദുല്ല കനൗട്ട് ഉജ്ജ്വലമായ ലോങ് റേഞ്ചിലൂടെയായിരുന്നു ഗോള്‍ നേടിയത്. 19-ാം മിനുട്ടില്‍ ബോക്‌സിനുള്ളില്‍വച്ച് ഗാര്‍ഷിയ നല്‍കിയ ക്രോസില്‍ ഹെന്റി കിസേക്കയുടെ ഗോളെന്നുറപ്പിച്ച നീക്കം ഹാന്‍ഡ്‌ബോള്‍ വഴങ്ങി ഐസ്വാളിന്റെ ഡിഫന്‍ഡര്‍ ജോസഫ് അഡ്‌ജെയ് രക്ഷപ്പെടുത്തി. എന്നാല്‍ അപകടകരമായ സേവിന് ഐസ്വാള്‍ താരം ജോസഫ് അഡ്‌ജെയിന് റഫറി ചുവപ്പ് കാര്‍ഡും നല്‍കി. ഈ നീക്കത്തിന് ലഭിച്ച പെനാല്‍ട്ടി (23)യെടുത്ത മാര്‍ക്കസ് ജോസഫിന് പിഴച്ചു. റീബൗണ്ടിലൂടെ ഗോള്‍ നേടാന്‍ ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാതെ ഗോള്‍ പോസ്റ്റിന് പുറത്തേക്ക്. പത്ത് പേരായി ചുരുങ്ങിയ ഐസ്വാളിനെതിരേ ആദ്യപകുതിയില്‍ ഗോകുലത്തിന് കൂടുതലൊന്നും ചെയ്യാനായില്ല.
ആക്രമണം ശക്തമാക്കാന്‍ ഡിഫന്‍ഡര്‍ നവോച്ച സിങിനെ പിന്‍വലിച്ച് മുന്നേറ്റനിരക്കാരന്‍ ലാല്‍റൊമവിയയെ ഇറക്കി. രണ്ടാം പകുതിയുടെ തുടക്കം മുതല്‍ കളി ഗോകുലം പിടിച്ചെടുക്കുകയായിരുന്നു. എന്നാല്‍ ഐസ്വാള്‍ ഗോളി ലാല്‍റെം റുവാത്തയുടെ നിരന്തരമായ ഭീഷണിക്ക് മുമ്പില്‍ അടിപതറി. 49ാം മിനുട്ടില്‍ ലാല്‍റൊമാവിയയുടെ ഷോട്ട് നേരിയ വ്യത്യാസത്തില്‍ കോര്‍ണര്‍ കിക്കിന് വഴിമാറിയതും ടീമിന് തിരിച്ചടിയായി. ഇതിനിടെ ഗോകുലം ഡിഫന്‍ഡര്‍ സെബാസ്റ്റ്യന് പകരം ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ അമിരിയെ പകരക്കാരനായി ഇറക്കി. 64ാം മിനുട്ടില്‍ ജസ്റ്റിന്‍ ജോര്‍ജിന് പകരം കെ. സല്‍മാനെയുമെത്തിച്ചത് കോച്ച് ഫെര്‍ണാഡോ സാന്റിയോഗോ വലേരയുടെ മികച്ച തന്ത്രമായി. 70ാം മിനുട്ടില്‍ സല്‍മാന്റെ മികച്ച ക്രോസില്‍ മാര്‍ക്കസ് ഗോകുലത്തെ സമനിലയിലെത്തെിക്കുകയായിരുന്നു. മാര്‍ക്കസിന്റെ ഈ സീസണിലെ മൂന്നാം ഗോളായിരുന്നു ഇത്.
സി.കെ ഉബൈദിന് പകരം വിഘ്‌നേശ്വരന്‍ ഭാസ്‌കരനാണ് ഗോകുലത്തിന്റെ വലകാത്തത്. സസ്‌പെന്‍ഷന്‍ കഴിഞ്ഞ് ആന്ദ്രെ എറ്റിയന്നെ തിരിച്ചത്തെിയപ്പോള്‍ അഫ്ഗാന്‍ താരം ഹാറൂണ്‍ അമിരി പകരക്കാരുടെ ബെഞ്ചിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."