സെക്രട്ടേറിയറ്റില്‍ സുരക്ഷാവീഴ്ച: വനിതാമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഓഫിസ് വരെ അതിക്രമിച്ചു കയറി
തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശനം നടന്നതിന് പിന്നാലെ സെക്രട്ടേറിയറ്റില്‍ ഗുരുതരമായ സുരക്ഷാവീഴ്ച. സെക്രട്ടേറിയറ്റിനുള്ളില്‍ അതിക്രമിച്ചുകയറിയ വനിതാമോര്ച്ചാ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ കവാടംവരെ മുദ്രാവാക്യം വിളിയുമായി ഓടിയെത്തി.
മുഖ്യമന്ത്രി ഓഫിസില്‍ നിന്ന് പുറത്തിറങ്ങുന്നതിന് തൊട്ടുമുന്‍പാണ് സംഭവം. അറസ്റ്റുചെയ്ത് മാറ്റിയ വനിതാമോര്‍ച്ച പ്രവര്‍ത്തകരെ പിന്നീട് ജാമ്യം നല്കി വിട്ടയച്ചു. സംഭവത്തിന് ശേഷം വാഹനത്തില്‍ പുറത്തേക്ക് പോയ മുഖ്യമന്ത്രിയെ വനിതാമോര്‍ച്ച, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തെറിയഭിഷേകം നടത്തുകയും കൂകിവിളിക്കുകയും ചെയ്തു.
വനിതാമോര്‍ച്ച തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വലിയശാല ബിന്ദുവിന്റെ നേതൃത്വത്തില്‍ സ്വപ്ന, ജയ രാജീവ്, രാകേന്ദു, കവിത, ശ്രീലത എന്നിവരടങ്ങിയ സംഘമാണ് സെക്രട്ടേറിയറ്റിലേക്ക് അതിക്രമിച്ചു കയറിയത്.
സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടത്തിലൂടെ ഉള്ളിലേക്ക് പ്രവേശിച്ച വനിതകളെ തടയാന്‍ വനിതാ പൊലിസുകാരാരും ഇല്ലാതിരുന്നതാണ് സുരക്ഷാവീഴ്ചയുണ്ടാകാന് കാരണം. സെക്രട്ടേറിയറ്റിന് മുന്നിലെ ഗൈറ്റിലേക്ക് മാര്ച്ചുണ്ടാകുമെന്ന പ്രതീക്ഷയില്‍ വനിതാ പൊലിസുകാരടക്കം ഭൂരിപക്ഷം പൊലിസുകാരെയും സെക്രട്ടേറിയറ്റിന് മുന്നില്‍ വിന്യസിച്ചിരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."