വാർദ്ധക്യകാലത്തു പ്രവാസത്തിനെത്തി ദുരിതത്തിലായ ആന്ധ്രാ സ്വദേശിനിക്ക് മലയാളികൾ തുണയായി
ദമാം: വീട്ടിലെ പ്രാരാബ്ദം കാരണം പ്രായം വകവയ്ക്കാതെ വീട്ടുജോലിക്കാരിയായി പ്രവാസലോകത്തെത്തി ദുരിതത്തിലായ ഇന്ത്യൻ വനിത ,മലയാളി സാമൂഹ്യ പ്രവർത്തകരുടെ സഹായത്താൽ നാടണഞ്ഞു. ആന്ധ്രാപ്രദേശ് കടപ്പ സ്വദേശിനിയായ ശുഭദ്രമ്മയാണ് നവയുഗം സാംസ്‌കാരിക വേദി സഹായത്തോടെ നാടണഞ്ഞത്. രണ്ടു വർഷം മുൻപാണ് ഇവർ കിഴക്കൻ സഊദിയിലെ ജുബൈലിൽ വീട്ടു ജോലിക്കായി എത്തിയത്. വാർദ്ധക്യസഹജമായ അനാരോഗ്യം വകവയ്ക്കാതെ രണ്ടു വർഷം ജോലി ചെയ്തുവെങ്കിലും സ്പോൺസർ കൃത്യമായി ശമ്പളം കൊടുത്തിരുന്നില്ല. അഞ്ചു മാസത്തെ ശമ്പളം കുടിശ്ശികയുമായി.
രണ്ടാം വർഷം ഇക്കാമ പുതുക്കാൻ സമയമായപ്പോൾ ഇഖാമ പുതുക്കാതെ സ്പോൺസർ അവരെ ദമാം പോലീസ് സ്റ്റേഷന് മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു. പോലീസുകാരാണ് ഇവരെ ദമാം വനിതാ അഭയകേന്ദ്രത്തിൽ എത്തിച്ചത്. ഇവിടെ എത്തിയ അവർ പെട്ടെന്ന് തലകറങ്ങി വീണതോടെ അധികൃതർ മലയാളായി സാമൂഹ്യ പ്രവർത്തകരുടെ സഹായം തേടുകയായിരുന്നു. വനിതാ അഭയകേന്ദ്രത്തിൽ എത്തിയ നവയുഗം പ്രവർത്തക മഞ്ജു മണിക്കുട്ടൻ ഇവരെ വീട്ടിലേയ്ക്ക് കൂട്ടികൊണ്ടു പോയി. മൂന്നു ദിവസമായി ആഹാരം കഴിച്ചിട്ടില്ലാത്തതിനാലാണ് ശുഭദ്രമ്മ തല കറങ്ങി വീണതെന്ന് അപ്പോഴാണ് മനസ്സിലായത്. ഇവിടെ നിന്നുള്ള ശുശ്രൂഷയിൽ ആരോഗ്യം മെച്ചപ്പെട്ടതോടൊപ്പം ശുഭദ്രമ്മയുടെ സ്‌പോൺസറെ ബന്ധപ്പെട്ട് നിരന്തരം ചർച്ചകൾ നടത്തിയതിനെ തുടർന്ന് ഒടുവിൽ കുടിശ്ശികയായ അഞ്ചു മാസത്തെ ശമ്പളം നൽകാൻ സ്‌പോൺസർ തയ്യാറായി.
ഇന്ത്യൻ എംബസ്സിയിൽ നിന്നും ശുഭദ്രമ്മയ്ക്ക് ഔട്ട്പാസ്സ് വാങ്ങി അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനൽ എക്സിറ്റ് സംഘടിപ്പിക്കുകയും ചെയ്‌തു. ബന്ധുക്കൾ നാട്ടിൽ നിന്നും അയച്ചു കൊടുത്ത ടിക്കറ്റിലാന്ന് ശുഭദ്രമ്മ മലയാളി മനസ്സിന് നന്ദി പറഞ്ഞു നാട്ടിലേക്ക് കയറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."