പ്രീമിയര്‍ ലീഗില്‍ ഇന്ന് സ്റ്റാര്‍ വാര്
ലണ്ടന്‍: ആദ്യ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം സ്വപ്നം കാണുന്ന ലിവര്‍പൂളും കിരീടം നിലനിര്‍ത്താന്‍ ജീവന് മരണ പോരാട്ടം നടത്തുന്ന മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്ന് കൊമ്പുകോര്‍ക്കും. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ കിരീടത്തിലേക്ക് കുതിക്കുകയാണ്. രണ്ടാം സ്ഥാനത്തുള്ള ടോട്ടനവും ലിവര്‍പൂളും തമ്മില്‍ ആറു പോയിന്റിന്റെയും മൂന്നാം സ്ഥാനത്തുള്ള സിറ്റിയും ലിവര്‍പൂളും തമ്മില്‍ ഏഴു പോയിന്റിന്റെയും വ്യത്യാസമുണ്ട്. സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിലാണ് ഇന്നത്തെ അങ്കം.
ലിവര്‍പൂള്‍ ഇന്ന് ജയിച്ചാല്‍ ആദ്യ കിരീട നേട്ടത്തിലേക്ക് ഒരുപടികൂടി അടുക്കും. പരാജയപ്പെട്ടാല്‍ തൊട്ടുപിന്നിലുള്ള ടോട്ടനവും സിറ്റിയും ലിവര്‍പൂളിന്റെ ഒന്നാം സ്ഥാനത്തിന് ഭീഷണിയാകും. ശക്തമായ പ്രതിരോധമുള്ള ലിവര്‍പൂളിന് അതിനെക്കാള്‍ ശക്തിയുള്ള മുന്നേറ്റനിരയുമുണ്ട്. മുഹമ്മദ് സലാഹ്, ഫിര്‍മീഞ്ഞോ, സാഡിയോ മാനേ സഖ്യമാണ് ലിവര്‍പൂളിന്റെ കരുത്ത്. 21 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടോട്ടനത്തന് 48 പോയിന്റാണുള്ളത്. അതേ സമയം 54 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ലിവര്‍പൂളിന്റെയും 47 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നില്ക്കുന്ന സിറ്റിയുടെയും 21 ാം മത്സരമാണ് ഇന്ന് നടക്കുന്നത്. ലെസ്റ്റര്‍ സിറ്റിയോട് അപ്രതീക്ഷിതമായി ഏറ്റ തോല്‍വിയാണ് സിറ്റിയെ പിറകിലാക്കിയത്.
ടോട്ടനത്തിന് ജയം
പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിന് ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ടോട്ടനം കാര്‍ഡിഫ് സിറ്റിയെ പരാജയപ്പെടുത്തിയത്. ജയത്തോടെ 48 പോയിന്റുമായി സിറ്റിയെ പിന്തള്ളി ടോട്ടനം രണ്ടാം സ്ഥാനത്തെത്തി. മൂന്നാം മിനുട്ടില്‍ നായകന് ഹാരി കെയ്നാണ് ടോട്ടനത്തിന്റെ ആദ്യ ഗോള്‍ നേടിയത്. 12ാം മിനുട്ടില്‍ ക്രിസ്റ്റ്യന്‍ എറിക്സണ് രണ്ടാം ഗോളും ദക്ഷിണ കൊറിയന്‍ താരം സണ്‍ ഹുന്‍ മിന് മൂന്നാം ഗോളും നേടി ടോട്ടനത്തിന്റെ ജയം ഉറപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."