'അണ്‍ഹാപ്പി ന്യൂ ഇയര്‍, സേവ് മൈ ഹൗസ് '
ആല്‍ഫ സെറീന്‍ ഫ്‌ളാറ്റിന്റെ 24 മീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന അനൂപിന്റെ വീടിന്റെ ഭിത്തിനിറയെ വരകളിലൂടെയും വാക്കുകളിലൂടെയും പ്രതിഷേധം കോറിയിട്ടിരിക്കുകയാണ് ഒന്നാംക്ലാസുകാരനായ കാര്‍ത്തിക് നാരായണ്‍. അണ്‍ഹാപ്പി ന്യൂ ഇയര്‍, സേവ് മൈ ഹൗസ്, ഐ ലൗ മൈ ഹൗസ്... എന്നിങ്ങനെ നീളുന്നു ഇത്.
താന്‍ കണ്ട വില്ലന്‍കഥാപാത്രങ്ങളുടെ രൂപവും വരച്ചിട്ടുണ്ട്. അനൂപിന്റെയും പ്രജീഷയുടെയും രണ്ട് മക്കളില്‍ മൂത്തവനാണ് ആറുവയസുകാരനായ കാര്‍ത്തിക് നാരായണ്‍. ചിത്രംവരയില്‍ മിടുക്കനായ കാര്‍ത്തിക്കിന് വീട് തകരുമ്പോള്‍ താന്‍ വരച്ചുകൂട്ടിയ ചിത്രങ്ങളെല്ലാം നഷ്ടമാകുമെന്ന ഭയമാണ്. ബെഡ്‌റൂമിന്റെ ചുവരുകളിലും കാര്‍ത്തിക് ചിത്രം വരച്ചിട്ടുണ്ട്. അതില്‍ ഉദിച്ചുയരുന്ന സൂര്യനുണ്ട്, പൂമ്പാറ്റയുണ്ട്, പലതരത്തിലുള്ള വീടുകളുണ്ട്, മരങ്ങളും പക്ഷികളുമൊക്കെയുണ്ട്. ഇതുകൂടാതെ ചാര്‍ട്ട് പേപ്പറുകളിലും നിരവധി ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. മാതാപിതാക്കളുടെയും മുത്തശ്ശി ഹര്‍ഷമ്മയുടെയും പ്രോത്സാഹനമാണ് കാര്‍ത്തിക്കിന്റെ ഈ ചിത്രം വരയ്ക്കുപിന്നില്‍.
ഫ്‌ളാറ്റ് പൊളിക്കുമ്പോള്‍ വീട് തകരുമെന്ന ഭയം കുഞ്ഞു കാര്‍ത്തിക്കിനെയും മാനസികമായി തളര്‍ത്തിയിരിക്കുന്നു. പഠനത്തില്‍ മിടുക്കനായ കാര്‍ത്തിക്കിനിപ്പോള്‍ ശ്രദ്ധ മുഴുവന്‍ ഫ്‌ളാറ്റ് പൊളിക്കുന്നതിനെപ്പറ്റിയാണ്. സ്‌ഫോടനം എങ്ങനെയിരിക്കും.
വീട്ടിലേക്ക് ഫ്‌ളാറ്റ് വീഴുമോ എന്നൊക്കെയാണ് അവന്റെ സംശയങ്ങള്‍. പഠിക്കാനിരുന്നാല്‍ ഇക്കാര്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുകയാണ്- അമ്മ പ്രജീഷ പറഞ്ഞു.
ഫ്‌ളാറ്റിന്റെ നീന്തല്‍ക്കുളം പൊളിച്ചപ്പോള്‍തന്നെ അനൂപും കുടുംബവും വാടകവീട്ടിലേക്ക് മാറിയിരുന്നു. ഓരോദിവസവും ഉയര്‍ന്നുവന്ന പൊടിപടലം അസഹനീയമായതിനെ തുടര്‍ന്നായിരുന്നു ഇത്. ഇവര്‍ക്കൊപ്പം അനൂപിന്റെ മാതാവ് റിട്ട.അധ്യാപിക ഹര്‍ഷമ്മയും താമസിക്കുന്നുണ്ട്.
അരനൂറ്റാണ്ടോളമായി ഹര്‍ഷമ്മ ഇവിടെ താമസം തുടങ്ങിയിട്ട്. 'ആകെയുണ്ടായിരുന്ന 36 സെന്റ് ഭൂമി രണ്ട് മക്കള്‍ക്കുമായി വീതിച്ചുകൊടുത്തു. അവരവിടെ വീടും വച്ചു. ഞങ്ങളുടെ ബന്ധുക്കളുടെ ഭൂമിയാണ് ഫ്‌ളാറ്റുകാര്‍ വാങ്ങിയത്. ചതുപ്പുഭൂമിയായിരുന്നു. കണ്ടം നികത്തിയും കായല്‍ കൈയേറിയുമൊക്കെയാണ് ഫ്‌ളാറ്റ് നിര്‍മിച്ചത്. ഫ്‌ളാറ്റിന്റെ നിര്‍മാണം നടക്കുമ്പോഴും ഞങ്ങളൊക്കെ ഒരുപാട് ദുരിതം അനുഭവിച്ചിട്ടുണ്ട്. പൊടിയും ശബ്ദവും ഇടുങ്ങിയ റോഡിലൂടെ നിര്‍മാണസാമഗ്രികളുമായി വലിയ വാഹനങ്ങള്‍ വരുമ്പോഴുണ്ടാകുന്ന യാത്രാക്ലേശവുമൊക്കെ അനുഭവിച്ചു.
ഇപ്പോള്‍ സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റ് തകര്‍ക്കുമ്പോള്‍ എന്റെ മക്കളുടെ വീടുള്‍പ്പെടെയാണ് നഷ്ടമാകാന്‍ പോകുന്നത്'- ഹര്‍ഷമ്മ ടീച്ചര്‍ ഇതെല്ലാം പറയുമ്പോള്‍ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.
മൂന്നുമാസത്തേക്കാണ് അനൂപും കുടുംബവും വാടകവീട്ടിലേക്ക് മാറിയിരിക്കുന്നത്. കാര്‍ത്തിക് വരച്ച ചിത്രങ്ങളും ഇവര്‍ വാടകവീട്ടിലേക്ക് മാറ്റിയിട്ടുണ്ട്. ഫ്‌ളാറ്റിന്റെ അവശിഷ്ടങ്ങള്‍ മാറ്റാന്‍ മൂന്നുമാസത്തിലധികം സമയം വേണ്ടിവരുമെന്ന് അനൂപിനും കുടുംബത്തിനും അറിയാം. തിരികെവരുമ്പോള്‍ തങ്ങളുടെ വീടിന് ഒന്നും സംഭവിക്കരുതേ എന്ന പ്രാര്‍ഥനയിലാണിവര്‍.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."