ഹര്‍ത്താലിനോട് 'നോ'
മലപ്പുറം: ഇന്നു സംസ്ഥാന വ്യാപകമായി നടക്കുന്ന ഹര്‍ത്താലിനോടു നോ പറയാന്‍ ജില്ല. ഹര്‍ത്താലിനോടു സഹകരിക്കാതെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാനാണ് ജില്ലയിലെ വ്യാപരികളുടെ തീരുമാനം. ഹര്‍ത്താലിനോടു വ്യാപാരികള്‍ സഹകരിക്കില്ലെന്നു വ്യാപാരി വ്യവസായ ഏകോപന സമിതി ജില്ലാ നേതാക്കള്‍ അറിയിച്ചു.
ഒരു പാര്‍ട്ടിയുടെയും ഹര്‍ത്താലുമായി സഹകരിക്കില്ലെന്നു വ്യാപാരികള്‍ തീരുമാനിച്ചതാണെന്നും അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ വ്യാപാരികള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കിയതിന്റെ ഭാഗമായാണ് തീരുമാനമെന്നും വ്യാപാരി വ്യവസായ ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി, സെക്രട്ടറി എം. കുഞ്ഞിമുഹമ്മദ് എന്നിവര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം തുടരെത്തുടരെ ഹര്‍ത്താലുകളുണ്ടായതിനെ തുടര്‍ന്നു ജില്ലയിലെ പല നഗരങ്ങളിലെയും വ്യാപാരികള്‍ ഹര്‍ത്താലിനെതിരേ രംഗത്തുവരികയും കടകള്‍ തുറക്കുമെന്നു പ്രഖ്യാപിക്കുകുയം ചെയ്തിരുന്നു. പ്രളയവും നോട്ടുനിരോധനവും ഉള്‍പ്പെടെ വരുത്തിവച്ച നഷ്ടത്തില്‍നിന്നു കരകയറുന്നതിനിടെ ഹര്‍ത്താല്‍ വരുത്തിവയ്ക്കുന്ന നഷ്ടങ്ങള്‍കൂടി താങ്ങാനാകില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. ശബരിമല വിഷയത്തില്‍തന്നെ ബി.ജെ.പിയുടെ പിന്തുണയോടെ മുന്‍പു നടന്ന ഹര്‍ത്താല്‍ ജില്ലയില്‍ പരാജയമായിരുന്നു. സ്വകാര്യ ബസുകളടക്കം അന്നു സര്‍വിസ് നടത്തി. മിക്കയിടങ്ങളിലും വ്യാപാര സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിച്ചിരുന്നു. ഇന്നു നടത്തുന്ന ഹര്‍ത്താലിനോടും ഈ രീതിയില്‍ പ്രതികരിക്കാനാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."