ചരിത്രം തീര്‍ത്ത് തിരൂര്‍ മുതല്‍ കോഴിക്കോട്ട് വരെ ഡി.വൈ.എഫ്.ഐ യൂത്ത് മാര്‍ച്ച്
കോഴിക്കോട്: മുസ്ലിങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരുമാണ് ഇന്ത്യയുടെ ശത്രുക്കളെന്ന് ആര്‍.എസ്.എസ് പ്രചരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വനിയമ ഭേദഗതിക്കെതിരേ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ തിരൂര്‍ മുതല്‍ കോഴിക്കോട് വരെ നടത്തിയ യൂത്ത്മാര്‍ച്ചിന്റെ സമാപന സമ്മേളനം കോഴിക്കോട് ബീച്ചില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. പ്രതിഷേധ പ്രകടനങ്ങളിലെ ആദ്യഘട്ടത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കേരളസര്‍ക്കാരിനൊപ്പം നിന്നത് സ്വാഗതാര്‍ഹമാണെങ്കിലും പിന്നീട് കോണ്‍ഗ്രസിലെ
ഒരുവിഭാഗം എതിര്‍പ്പുകാട്ടിയതില്‍ സംശയമുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേരള സര്‍ക്കാര്‍ കൊണ്ടുവന്നതരത്തിലുള്ള
പ്രമേയങ്ങളും മറ്റു നിലപാടുകളും സ്വീകരിക്കാന്‍ മടിക്കുന്നതിന്റെ ഉള്ളിരിപ്പ് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യമാകെ ഭരണാധികാരികള്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മള്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്നും രാഷ്ട്രീയമായുള്ള വ്യത്യസ്ഥ അഭിപ്രായങ്ങളല്ല ഈ ഘട്ടങ്ങളില്‍ പ്രകടമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം രക്തസാക്ഷിത്വം പാഴ്‌ചെലവായിക്കാണുന്ന സാഹചര്യത്തില്‍ ഡി.വൈ.എഫ്.ഐ സമരം കാലഘട്ടത്തിനു യോജിച്ച ഉത്തരവാദിത്തമാണ്. മതാന്ധത ബാധിച്ച കേന്ദ്ര ഭരണാധികാരികള്‍ പുതിയ നിയമത്തിലൂടെ പൗരത്വം മതാടിസ്ഥാനത്തിലാക്കി മാറ്റുന്നു. മുസ്ലിമിന്റെ വിവാഹമോചനം മാത്രം ക്രിമിനല്‍ക്കുറ്റമാക്കിയും, മുസ്ലിം ഭൂരിപക്ഷമുള്ള കശ്മീരിന്റെ പ്രത്യേകപരിഗണനകള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചും മതരാഷ്ട്രം ഉണ്ടാക്കാനായി ഗോള്‍വാര്‍ക്കറിന്റെ പിന്‍തലമുറക്കാര്‍ ഹിറ്റലര്‍ മോഡല്‍ അജണ്ടകള്‍ ഓരോന്നായി പുറത്തെടുക്കുകയാണ്.
ഇതിലൂടെ അന്താരാഷ്ട്ര തലത്തില്‍ ചരിത്രത്തിലില്ലാത്ത വിധം ഇന്ത്യയെ ഒറ്റപ്പെടുത്തുകയാണ്. ജെ.എന്‍.യു എല്ലാ കാലത്തും സംഘ്പരിവാറിന്റെ കണ്ണിലെ കരടാണ്. ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ മര്‍ദിച്ചൊതുക്കാമെന്ന് കരുതേണ്ട. ആര്‍.എസ്.എസ് ഹുങ്ക് രാജ്യം അംഗീകരിക്കില്ല. ഭരണാധികാരികള്‍ കശക്കിയെറിയുന്ന രാജ്യത്തിന്റെ വ്യവസ്ഥിതികള്‍ക്കെതിരേ എല്ലാ മതേതര സംഘടനകളും ഒന്നിക്കണമെന്നും നിയമം റദ്ദ് ചെയ്യുന്നത്‌വരെ പ്രകടനങ്ങള്‍ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങില്‍ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എല്‍.ജി ലിജീഷ് അധ്യക്ഷനായി. സംവിധായകന്‍ കമല്‍, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്, എ.എം ആരിഫ് എം.പി, പി മോഹനന്‍ മാസ്റ്റര്‍, എ പ്രദീപ്കുമാര്‍ എം.എല്‍.എ, എ.എ റഹീം, എസ്.കെ സജീഷ്, വി.കെ സനോജ്, കെ.യു ജനീഷ്‌കുമാര്‍, പി നിഖില്‍, സച്ചിന്‍ദേവ്, ടി.പി ദാസന്‍ സംസാരിച്ചു. വി വസീഫ് സ്വാഗതവും പി.സി ഷൈജു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."