ജഡ്ജിക്ക് കോഴവാഗ്ദാനം: അഭിഭാഷകരുടെ മൊഴിയെടുത്തു
കൊച്ചി: കൊഫെപോസ പ്രതിയെ രക്ഷിക്കുന്നതിനായി ജഡ്ജി കെ.ടി ശങ്കരന് കോഴ വാഗ്ദാനം ചെയ്തതായുള്ള വെളിപ്പെടുത്തല്‍ അന്വേഷിക്കുന്ന വിജിലന്‍സ് ഉദ്യോഗസ്ഥന് അഭിഭാഷകരുടെ മൊഴിയെടുത്തു. വെളിപ്പെടുത്തല്‍ സമയത്ത് കോടതിയിലുണ്ടായിരുന്ന ഗവ. പ്ലീഡര്‍ ശ്യാംകുമാര്‍, പ്രോസിക്യൂഷന് അഭിഭാഷകനായ ജോണ്‍ വര്‍ഗീസ്, പ്രതിഭാഗം അഭിഭാഷകന് നിരീഷ് മാത്യു എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.
തുറന്ന കോടതിയില്‍ ജഡ്ജി കെ.ടി ശങ്കരന് തന്നെയാണ് കോഴ വാഗ്ദാനം വെളിപ്പെടുത്തിയത്. പണം വാഗ്ദാനം ചെയ്തുവെന്ന് പറഞ്ഞെങ്കിലും ആരുടെയും പേര് ജഡ്ജി വെളിപ്പെടുത്തിയില്ലെന്ന് മൂവരും മൊഴിനല്‍കി. ആരാണ് പണം വാഗ്ദാനം ചെയ്തതെന്ന് അഭിഭാഷകര്‍ കോടതിയില്‍ വച്ച് ചോദിച്ചപ്പോള്‍ നിങ്ങളുടെ ആളുകളാണ് ഇതിനുപിന്നിലെന്ന് പ്രതിഭാഗം അഭിഭാഷകനെ ചൂണ്ടി ജഡ്ജി പറഞ്ഞിരുന്നു.
അതേസമയം, ജസ്റ്റിസ് ശങ്കരന്റെ മൊഴി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ രേഖപ്പെടുത്തുമെന്നാണ് സൂചന. അദ്ദേഹം ആരുടെയും പേര് പറയാന്‍ തയാറായില്ലെങ്കില്‍ അന്വേഷണം അവസാനിപ്പിക്കാനാണ് വിജിലന്‍സ് ആലോചിക്കുന്നത്. കോഴ വാഗ്ദാനം സംബന്ധിച്ച വെളിപ്പെടുത്തലുണ്ടായ ദിവസംതന്നെ വിജിലന്‍സ് ഉദ്യോഗസ്ഥന് ജസ്റ്റിസ് ശങ്കരനെ കണ്ടെങ്കിലും അദ്ദേഹം ആരുടെയും പേര് പറഞ്ഞിരുന്നില്ല. കോഴ വാഗ്ദാനംചെയ്ത ആളെക്കുറിച്ച് ജഡ്ജി മൊഴിനല്കിയാല് വിജിലന്‍സ് ചാര്‍ജ് ചെയ്യുന്ന കേസില്‍ അദ്ദേഹം മുഖ്യസാക്ഷിയാവുകയും വിസ്താരത്തിന് വിധേയനാകേണ്ടിയും വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."