ശബരിമല യുവതീ പ്രവേശനം: കാസര്‍കോട്ട് റോഡ് ഉപരോധവും പ്രകോപന പ്രകടനവും
കാസര്‍കോട്: ശബരിമലയില്‍ യുവതീ പ്രവേശനത്തിന് സര്‍ക്കാര്‍ കൂട്ടുനിന്നുവെന്നും ആചാരലംഘനം നടന്നുവെന്നുമാരോപിച്ച് ശബരിമല കര്‍മസമിതി കാസര്‍കോട് നഗരത്തില്‍ റോഡ് ഉപരോധിക്കുകയും പ്രകോപനം സൃഷ്ടിച്ച് പ്രതിഷേധ പ്രകടനവും നടത്തി. പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും മണിക്കൂറുകള്‍ നീണ്ടു. പൊലിസിന്റെ സമയോചിത ഇടപെടല്‍ മൂലമാണ് സംഘര്‍ഷം ഒഴിവായത്. ശബരിമലയില്‍ സ്ത്രീകള്‍ ദര്‍ശനം നടത്തിയ വിവരമറിഞ്ഞ് രാവിലെ പത്തോടെയാണ് ദേശീയപാത കറന്തക്കാട് ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചത്. റോഡ് ഉപരോധം അവസാനിപ്പിക്കണമെന്ന് പൊലിസ് ആവശ്യപ്പെട്ടുവെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല. ഇതിനിടയില്‍ പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റു ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും പ്രവര്‍ത്തകര്‍ വഴങ്ങിയില്ല. ഉച്ചയ്ക്ക് 12ഓടെ പൊലിസുമായി നടന്ന ഉന്തിനും തള്ളിനും ശേഷം ദേശീയപാതയില്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പുതിയ ബസ്സ്റ്റാന്‍ഡ് വഴി നുള്ളിപ്പാടി അയ്യപ്പഭജന മന്ദിരത്തിനു മുന്നിലെത്തിയ പ്രവര്‍ത്തകര്‍ അവിടെ റോഡ് ഉപരോധിച്ചു. ഇതോടെ ദേശീയപാത വീണ്ടും സ്തംഭിച്ചു. ഉപരോധം അവസാനിപ്പിക്കാന്‍ കൂട്ടാക്കാതിരുന്ന പ്രവര്‍ത്തകരോട് പിരിഞ്ഞുപോകണമെന്ന് പൊലിസ് ആവശ്യപ്പെട്ടുവെങ്കിലും മുദ്രാവാക്യം വിളിയുമായി റോഡില്‍ കുത്തിയിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടരയോടെ നുള്ളിപ്പാടിയില്‍നിന്നു പ്രകടനമായി പ്രവര്‍ത്തകര്‍ കറന്തക്കാട് ബി.ജെ.പി ഓഫിസ് പരിസരത്തേക്കു നീങ്ങി. നഗരത്തില്‍ പലയിടത്തായി സ്ഥാപിച്ച വനിതാ മതിലിന്റെ പ്രചാരണത്തിനായി സ്ഥാപിച്ച ബോര്‍ഡുകളും മറ്റും പ്രകടനത്തിനിടെ തകര്‍ത്ത് പ്രതിഷേധക്കാര്‍ പ്രകോപനം സൃഷ്ടിച്ചു. എന്നാല്‍ പൊലിസ് സമചിത്തത പാലിച്ചതു കാരണം വലിയ അനിഷ്ടസംഭവങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിയില്ല. എസ്.ഐ എന്‍. അജിത്ത്കുമാറിന്റെ നേതൃത്വത്തിലുള്ള വന്‍ പൊലിസ് സംഘമാണ് കാസര്‍കോട് നഗരത്തില്‍ പട്രോളിങ് നടത്തിയത്. പ്രകോപനം സൃഷ്ടിച്ച് ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയത് നഗരത്തില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."