കോണ്‍ഗ്രസ് നേതാവിന് കാരണംകാണിക്കല്‍ നോട്ടിസ്
വടകര: പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള മതേതരത്വ സംരക്ഷണറാലിയില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസ് നേതാവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കോട്ടയില്‍ രാധാകൃഷ്ണന് കെ.പി.സി.സിയുടെ കാരണംകാണിക്കല്‍ നോട്ടിസ്. പൗരത്വ നിയമത്തിനെതിരേയുള്ള പ്രതിഷേധങ്ങളില്‍ സി.പി.എമ്മിനോടൊപ്പം പങ്കെടുക്കരുതെന്ന കെ.പി.സി.സി നിര്‍ദേശം ലംഘിച്ച് പങ്കെടുത്തതിനാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
വടകര ഓര്‍ക്കാട്ടേരിയില്‍ നടന്ന റാലിയില്‍ ഏറാമല പഞ്ചായത്തിലെ 19 വാര്‍ഡുകളില്‍നിന്നും പതിനായിരങ്ങളാണ് പങ്കെടുത്തത്. സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം പങ്കെടുത്ത റാലിക്ക് നേതൃത്വം നല്‍കിയത് യു.ഡി.എഫിന്റെ തന്നെ ഘടകകക്ഷിയായ മുസ്‌ലിംലീഗാണ്. ഈ പരിപാടിയില്‍ നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കാളികളായിരുന്നു.
ഗുജറാത്ത് എം.എല്‍.എയും പൗരത്വ നിയമത്തിനെതിരേ ദേശീയ പ്രക്ഷോഭങ്ങളിലെ പ്രധാനനേതാവുമായ ജിഗ്നേഷ് മേവാനി പങ്കെടുത്ത റാലി ജില്ലയിലെ തന്നെ ശ്രദ്ധേയമായ പ്രതിഷേധ പരിപാടിയായിരുന്നു.
ഇന്നലെയാണ് നോട്ടിസ് ലഭിച്ചതെന്നും മറുപടി നല്‍കുമെന്നും കോട്ടയില്‍ രാധാകൃഷ്ണന്‍ അറിയിച്ചു. അതേസമയം സംസ്ഥാന തലത്തില്‍തന്നെ പ്രതിപക്ഷവും ഭരണപക്ഷവും യോജിച്ച് ഇത്തരം പ്രതിഷേധ പരിപാടികള്‍ നടത്തുന്നുണ്ട്. പല പഞ്ചായത്തുകളിലും എല്ലാ രാഷ്ട്രീയകക്ഷികളും യോജിച്ച് ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ തന്നെ ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തായിരുന്നു ഉദ്ഘാടകന്‍.
ഇത്തരം നേതാക്കള്‍ക്കൊന്നും നോട്ടിസ് നല്‍കാതെ കോട്ടയില്‍ രാധാകൃഷ്ണനുമാത്രം നോട്ടിസ് നല്‍കിയത് വടകരയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. ചിലരുടെ വ്യക്തി വൈരാഗ്യം തീര്‍ക്കാനാണ് നോട്ടിസ് നല്‍കിയതെന്ന് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍തന്നെ പറയുന്നു.
രാഷ്ട്രീയ കക്ഷിഭേദമില്ലാതെ എല്ലാവരുടെയും പൊതുപ്രശ്‌നങ്ങളില്‍ ഇടപെടുന്ന ജനകീയനായ രാധാകൃഷ്ണനെ ഇത്തരത്തില്‍ സ്വന്തം പാര്‍ട്ടിതന്നെ നോട്ടിസ് നല്‍കിയതിനെതിരേ യു.ഡി.എഫിലെ മറ്റ് കക്ഷികള്‍ക്കും അമര്‍ഷമുണ്ട്.
പഞ്ചായത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നയിച്ച പ്രതിഷേധ പരിപാടിയില്‍ ജനപ്രതിനിധിയെന്ന നിലയില്‍ പങ്കെടുക്കാതെ എങ്ങിനെ കോട്ടയില്‍ രാധാകൃഷ്ണന്‍ മാറിനില്‍ക്കുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോദിക്കുന്നത്.
കെ.പി.സി.സിയുടെ നോട്ടിസ് വരുംദിവസങ്ങളില്‍ ചൂടുള്ള ചര്‍ച്ചകള്‍ക്ക് ഇടയാക്കുമെന്നുതന്നെയാണ് വടകരയിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."