ഡയാലിസിസ് സെന്റര്‍ മന്ത്രി നാടിന് സമര്‍പ്പിച്ചു
ഇരിട്ടി: ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ നിര്‍മിച്ച ഡയാലിസിസ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു. മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു. പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് ആളുകള്‍ കൂട്ടത്തോടെ മരിക്കുന്ന അവസ്ഥ തടയുന്നതിനാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ ക്യാംപ് നടത്തുന്നതെന്ന് മന്ത്രി കെ.കെ ശൈലജ. ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്ന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തണമെന്നും മന്ത്രി പറഞ്ഞു.
രോഗി സൗഹൃദവും മികച്ചതുമായ ആരോഗ്യ കേന്ദ്രങ്ങളാണ് ആവശ്യം. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 170 ആശുപത്രികളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നത്. ഇതില്‍ 169 ഉം പൂര്‍ത്തിയായി കഴിഞ്ഞു. ഇത്തവണ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട 500 പി.എച്ച്.സികളില്‍ 50 എണ്ണം ജില്ലയിലാണ്. ഈ സര്‍ക്കാരിന്റെ കാലത്തു തന്നെ ജില്ലാ ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സെന്ററുകള്‍ അനുവദിച്ചിട്ടുണ്ട്. 30 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരുടെയും ജീവിത ശൈലി രോഗങ്ങള്‍ പരിശോധിക്കുന്നതിന് അമൃതം ആരോഗ്യം പദ്ധതി എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ആരംഭിച്ചു. ഡയറ്റീഷ്യന്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം ഇതിലൂടെ ആശുപത്രികളില്‍ ലഭ്യമാകും. പാമ്പ് കടിക്കുന്നതുമായി ബന്ധപ്പെട്ട് ആറളം ഫാമില്‍ നിന്നും നിരവധി കേസുകള്‍ വരുന്ന സാഹചര്യത്തില്‍ ഇവിടെ സ്‌നേക്ക് ബൈറ്റ് സെന്റര്‍ കൂടി ആരംഭിക്കുന്നതിനുള്ള നടപടികളാരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
1.5 കോടി രൂപ ചെലവഴിച്ചാണ് അതിനൂതന സൗകര്യങ്ങളുള്ള ഡയാലിസിസ് സെന്റര്‍ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ഒരുക്കിയിരിക്കുന്നത്. അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് അഞ്ചു ലക്ഷം രൂപ ആശുപത്രി മാനേജിങ് കമ്മിറ്റിയും ചിലവഴിച്ചു. ഒരേ സമയം 10 പേര്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യം ഇവിടെയുണ്ട്. 10 മുതല്‍ അപേക്ഷ സ്വീകരിക്കും. ഫെബ്രുവരിയില്‍ ഡയാലിസിസ് ആരംഭിക്കും.
സെന്ററിന്റെ നടത്തിപ്പ് ചിലവുകള്‍ കണ്ടെത്തുന്നതിനായി കനിവ് കിഡ്‌നി പേഷ്യന്റ് വെല്‍ഫെയര്‍ സൊസൈറ്റി എന്ന സംഘടനയും രൂപീകരിച്ചിട്ടുണ്ട്. പണം ജനകീയമായി കണ്ടെത്തുന്നതിനാല്‍ കാരുണ്യ, ആര്‍.എസ്.ബി.വൈ പദ്ധതിയില്‍പെട്ടവര്‍ക്കും ആദിവാസികള്‍ക്കും സൗജന്യമായും മറ്റു രോഗികളില്‍ നിന്ന് 400 രൂപ മാത്രം ഈടാക്കിയും ഡയാലിസിസ് സൗകര്യം ലഭ്യമാക്കും. കനിവ് വെല്‍ഫെയര്‍ സൊസൈറ്റിയിലേക്ക് വ്യക്തികളും സംഘടനകളും നല്‍കിയ സംഭാവനകളും മന്ത്രി ഏറ്റുവാങ്ങി.
സണ്ണി ജോസഫ് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. നാരായണ നായിക് മുഖ്യാതിഥിയായി. ഇരിട്ടി നഗരസഭ ചെയര്‍മാന്‍ പി.പി അശോകന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷിജി നടപ്പറമ്പില്‍ (ആറളം), പി.പി നൗഫല്‍ (കൂടാളി), കെ.വി ശ്രീജ (പടിയൂര്‍), ജില്ലാ പഞ്ചായത്ത് അംഗങ്ങളായ തോമസ് വര്‍ഗീസ്, മാര്‍ഗരറ്റ് ജോസ്, ഡോ. എം.കെ ഷാജ്, കെ.കെ ദിവാകരന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."