ജെ.എന്‍.യു ആക്രമണം: രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് താരങ്ങള്‍
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ മുഖം മൂടി ധരിച്ചെത്തിയ അക്രമികള്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും തല്ലിച്ചതച്ച സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി ബോളിവുഡ്. തപ്‌സി പന്നു, സ്വര ഭാസ്‌കര്‍, ശബാന ആസ്മി, റിതേഷ് ദേശ്മുഖ്, ദിയ മിര്‍സ തുടങ്ങിയവരാണ് ജെ.എന്‍.യു ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയത്.
ആക്രമണങ്ങളെ 'ഭീതിപ്പെടുത്തുന്നത് ' എന്ന് വിശേഷിപ്പിച്ച റിതേഷ് ദേശ്മുഖ്, മുഖം മൂടി ധരിച്ചെത്തിയ ഗുണ്ടകള്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും തല്ലിച്ചതച്ചത് അംഗീകരിക്കാനാകില്ലെന്നും പറഞ്ഞു.
ദേശ്മുഖിന്റെ ഭാര്യയും നടിയുമായ ജെനിലിയയും ശക്തമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. കലാപകാരികളെ നിയമത്തിന് മുന്‍പില്‍ കൊണ്ടു വരണമെന്ന് അവര്‍ പൊലിസിനോട് അഭ്യര്‍ഥിച്ചു.
അക്രമത്തില്‍ പരിക്കേറ്റ് വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് ഐശ ഘോഷിന്റെ തല പൊട്ടി ചോരയൊലിക്കുന്ന വീഡിയോ പങ്കുവെച്ച സ്വര ഭാസ്‌ക്കര്‍, സംഭവത്തില്‍ ഡല്‍ഹി പൊലിസിന്റെ നടപടിയെ രൂക്ഷമായി വിമര്‍ഷിച്ചു. പൊലിസ് അടുത്തുണ്ടായിട്ടും കലാപകാരികളെ അഴിഞ്ഞാടാന്‍ എങ്ങനെ അനുവദിച്ചു എന്ന് അവര്‍ ചോദിച്ചു. ജെ.എന്‍.യു പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ ഭാസ്‌കര്‍, പ്രതിഷേധവുമായി ഡല്‍ഹി നിവാസികള്‍ യൂനിവേഴ്‌സിറ്റി കവാടത്തിലേക്ക് മാര്‍ച്ച് നടത്തണമെന്നും വീഡിയോയിലൂടെ ആവശ്യപ്പെട്ടു.
കലാപകാരികള്‍ക്കെതിരേ ശക്തമായ നടപടി എടുക്കണമെന്നു ശബാന അസ്മി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."