ജില്ലാ പൊലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടരുന്നു
കല്‍പ്പറ്റ: ജില്ലാ പൊലിസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള ഡിസ്ട്രിക്ട് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ പൊലീസ് അസോസിയേഷന്‍ പ്രതിനിധികളുടെ നേതൃത്വത്തില്‍ നടക്കുന്ന രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ മനംമടുത്ത് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍. ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ അസോസിയേഷന്‍ പ്രതിനിധികളുടെ രാഷ്ട്രീയപ്രവര്‍ത്തനം സംബന്ധിച്ച് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി പരാതികള്‍ കേള്‍ക്കുന്നതിനായി യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ പരാതി പറയുമെന്ന് സംശയിച്ച ഉദ്യോഗസ്ഥരെ അന്നേദിവസം ദൂരേ സ്ഥലങ്ങളിലേക്കും മറ്റും ജോലിക്ക് നിയോഗിച്ചതായി ഒരു വിഭാഗം ആരോപിക്കുന്നു.
അതുകൊണ്ട് തന്നെ ആ യോഗത്തില്‍ ഒരു പരാതിയും ഉയര്‍ന്നുവന്നില്ല. ഇതേ തുടര്‍ന്ന് പഴയ അവസ്ഥയിലേക്ക് തന്നെ മാറിയിരിക്കുകയാണ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ അവസ്ഥ. നിലവിലെ അസോസിയേഷന്‍ പ്രതിനിധികളാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ മുന്‍ അസോസിയേഷന്‍ ഭാരവാഹികളെയും, അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരേ ശബ്ദമുയര്‍ത്തുന്നവരെയുമാണ് നിലവില്‍ ദ്രോഹിച്ചുകൊണ്ടിരിക്കുന്നത്. പ്രതിഷേധിക്കുന്നവരെയും എതിരഭിപ്രായമുള്ളവരെയും മറ്റ് രാഷ്ട്രീയകക്ഷികളോട് ആഭിമുഖ്യമുള്ള പൊലിസുകാരെയും വിശ്രമമില്ലാതെ ജോലിക്കിടുന്നതാണ് ദ്രോഹങ്ങളില്‍ പ്രധാനം. ഇത്തരം നടപടികളെ ഏതെങ്കിലുമൊരു പൊലിസുകാരന്‍ ചോദ്യം ചെയ്താന്‍ അസോസിയേഷനാണ് വലുത് എന്നാണ് മറുപടി.
തീരുമാനങ്ങളെടുക്കുന്നത് അസോസിയേഷനാണെന്നും ഉദ്യോഗസ്ഥര്‍ അത് അനുസരിച്ചാല്‍ മതിയെന്നുമാണ് ഭീഷണി. നിലവില്‍ ക്യാംപിന്റെ മേലധികാരികളായ അസിസ്റ്റന്റ് കമന്ററും, റിസര്‍വ് ഇന്‍സ്‌പെക്ടറും, ഡ്യൂട്ടി ഡീറ്റെയ്‌ലിംഗ് ഓഫീസറും സംഘടനയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ഇത്തരം മേലുദ്യോഗസ്ഥര്‍ അവരുടെ അധികാരങ്ങള്‍ സംഘടനക്ക് വേണ്ടി ദുരുപയോഗം ചെയ്യുകയാണെന്നും ഒരു വിഭാഗം പൊലിസുകാര്‍ ആരോപിക്കുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം യാതൊരു ഡ്യൂട്ടിയുമെടുക്കാത്ത പൊലിസുകാര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലുണ്ടെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ടി.എ ലഭിക്കുന്ന അന്തര്‍സംസ്ഥാന ഡ്യൂട്ടികള്‍ മാത്രമാണ് അസോസിയേഷന്‍ അംഗങ്ങള്‍ക്കായി നീക്കി വെക്കുന്നത്. അസോസിയേഷന്റെ പേരില്‍ വളരെ ജൂനിയറായിട്ടുള്ള പൊലിസുകാര്‍ മേല്‍ ഉദ്യോഗസ്ഥരെയടക്കം അടക്കിഭരിക്കുന്നത് സേനാംഗങ്ങള്‍ക്കിടയില്‍ തന്നെ കടുത്ത എതിര്‍പ്പിനിടയാക്കിയിട്ടുണ്ട്. അതേസമയം, അസോസിയേഷനോട് അനുഭാവം പ്രകടിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജോലിയൊന്നും നല്‍കുന്നുമില്ല. അത്തരം പൊലീസുകാര്‍ക്ക് യാതൊരുമാനദണ്ഡവുമില്ലാതെ വീട്ടില്‍ വിശ്രമിക്കാനുള്ള അവസരമൊരുക്കുകയാണെന്നും ആക്ഷേപമുണ്ട്. എന്തെങ്കിലും കാരണവശാല്‍ ഇത്തരക്കാര്‍ക്ക് ജോലിയിട്ടാല്‍ തന്നെ ഒരു ദിവസത്തിന് ശേഷം വിശ്രമിക്കുന്ന രീതിയില്‍ മാത്രമായിരിക്കും. മുഴുവന്‍ പേരെയും സാലറിചലഞ്ചില്‍ പങ്കെടുപ്പിക്കുന്നതിനായി ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ അസോസിയേഷന്‍ പ്രതിനിധികള്‍ പൊലിസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന സാഹചര്യവുമുണ്ടായി. ഈ ഭീഷണിക്ക് വഴങ്ങാത്ത പൊലിസുകാരെ യാതൊരു മാനദണ്ഡവുമില്ലാതെ കഠിനമായ ഡ്യൂട്ടികള്‍ക്കിട്ട് പീഡിപ്പിക്കുന്നത് ഇപ്പോഴും സ്ഥിരമാണ്. ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിലവില്‍ ഭരണകക്ഷിയില്‍ വിശ്വസിക്കുന്നവര്‍ക്ക് മാത്രം ജോലി ചെയ്യാന്‍ സാധിക്കുന്ന രീതിയാണ് നിലനില്‍ക്കുന്നത്. മാനസിക സം ഘര്‍ഷം മൂലം പ്രതിപക്ഷ പാര്‍ട്ടികളിലും മറ്റും വിശ്വസിക്കുന്നവര്‍ക്ക് പിടിച്ചുനില്‍ ക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ പെ ലീസ് സേനാംഗങ്ങള്‍ എന്ത് ചെയ്യണമെന്നും, ചിന്തിക്കണമെന്നും അസോസിയേഷന്‍ പ്രതിനിധികള്‍ തീരുമാനിക്കുന്ന അവസ്ഥയാണുള്ളത്.
ഡ്യൂട്ടി ഓഫീസില്‍ ഇരിക്കുന്ന അസോസിയേഷന്‍ പ്രതിനിധികളായ പൊലീസുകാരുടെ മോശം സമീപനത്തിനെതിരെയും ചിലര്‍ പരാതികളുണ്ട്. മേലധികാരികള്‍ക്ക് പോലും ഒരു തീരുമാനമെടുക്കണമെങ്കില്‍ ഡ്യൂട്ടി ഓഫിസിലെയും, അസോസിയേഷനിലെയും, ജൂനിയര്‍ പൊലീസുകാരുടെ സമ്മതം വേണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. എന്തിരുന്നാലും ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ 330-ഓളം വരുന്ന പൊലീസ് സേനാംഗങ്ങളില്‍ ഭൂരിഭാഗവും ഈ രാഷ്ട്രീയക്കളിയില്‍ മനംമടുത്ത് മാനസികമായി സംഘര്‍ഷമനുഭവിച്ചുവരികയാണ്.
ഡ്യൂട്ടിയും മറ്റും നിശ്ചയിക്കുന്ന വിവരങ്ങള്‍ കൈമാറുന്നതിനായി ഉണ്ടാക്കിയ ഫ്രണ്ട്‌സ് ഓഫ് വയനാട് എന്ന ഗ്രൂപ്പില്‍ അടുത്തിടെ അസോസിയേഷന്‍ അനുഭാവിയായ ഒരു എ.എസ്.ഐ അശ്ലീലപോസ്റ്റിട്ടിരുന്നു. എന്നാല്‍ ഇത് മുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറായില്ല. നേരത്തെ ഗ്രൂപ്പിലെ പോസ്റ്റുമായി ബന്ധപ്പെട്ട് ഒരു ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിച്ചതിന്റെ ഭാഗമായി രണ്ട് ഇന്‍ക്രിമെന്റ് ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പോസ്റ്റിട്ട എ.എസ്.ഐയെ സംരക്ഷിക്കുന്ന നടപടിയാണ് സ്വീകരിച്ചതെന്നും ഒരു വിഭാഗം ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."