വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും: മിന്നല്‍ പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍
തിരുവനന്തപുരം: വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും തടയുന്നതിന് താലൂക്ക് സപ്ലൈ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ പ്രധാന വിപണികളില്‍ മിന്നല്‍ പരിശോധന നടത്തുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍.
നിത്യോപയോഗസാധനങ്ങളുടെ ദിനംതോറുമുള്ള വിലനിലവാരം അവലോകനം നടത്തുന്നതിന് പ്രൈസ് മോണിറ്ററിങ് സെല്‍ ആരംഭിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അരിവില വര്‍ധനക്ക് കാരണം ആന്ധ്രയിലെ വ്യാപാരികള്‍ അരി പൂഴ്ത്തിവയ്ക്കുന്നതാണ്. മലബാര്‍ മേഖലയില്‍ അരിവില വര്‍ധിച്ചിട്ടില്ല. സംസ്ഥാനത്തെ മുഴുവന്‍ മൊത്തകച്ചവടക്കാരുടെയും യോഗം ഉടന്‍ വിളിച്ചുചേര്‍ക്കും. ആവശ്യമെങ്കില്‍ ആന്ധ്രയിലെ അരി വ്യാപാരികളുമായി ആശയവിനിമയം നടത്തും. കച്ചവടക്കാരുടെ ഭീഷണിക്ക് കീഴടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.
സപ്ലൈക്കോയ്ക്ക് സാധനങ്ങള്‍ നല്‍കിയ വകയില്‍ വിതരണക്കാര്‍ക്ക് നല്‍കാനുള്ള കുടിശിക ഉടന്‍ കൊടുത്തുതീര്‍ക്കും. 2013ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭക്ഷ്യസുരക്ഷാ നിയമം സമയബന്ധിതമായി നടപ്പാക്കും. പരാതികളെല്ലാം പരിഹരിച്ച് റേഷന്‍കാര്‍ഡുകള്‍ ഉടന്‍ വിതരണം ചെയ്യും. എ.എ.വൈ - ബി.പി.എല്‍ വിഭാഗത്തില്‍ അര്‍ഹരായ മുഴുവന്‍പേരെയും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തും. വിലക്കയറ്റം തടയാന്‍ വിപണി ഇടപെടലിനായി 150 കോടി അനുവദിച്ചിട്ടുണ്ട്.
മാവേലി സ്റ്റോറുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും നവീകരിക്കാനും നടപടികള്‍ സ്വീകരിക്കും. മാവേലിസ്റ്റോറുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ ഘട്ടംഘട്ടമായി അവ തുറക്കും. ജില്ലാ കേന്ദ്രങ്ങളിലെ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ വിപുലീകരിക്കും. സപ്ലൈകോയുടെ വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍, എല്‍.പി.ജി ഔട്ട്‌ലെറ്റുകള്‍ എന്നിവ സ്ഥാപിക്കും.
ഭക്ഷ്യോല്‍പന്നങ്ങള്‍ കൃഷിയിടങ്ങളില്‍ പോയി സംഭരിക്കുന്നതിന് നടപടിയെടുക്കും. നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശിക സമയബന്ധിതമായി നല്‍കും. ഉപഭോക്താക്കളുടെ പരാതി പരിഹാരത്തിന് ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കുമെന്നും അളവുതൂക്ക വകുപ്പിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."