അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക് മീറ്റ് മംഗളൂരുവിന് കിരീടം
ആല്‍വാസിന്റെ കായിക കരുത്തില്‍ വീണ്ടും മംഗളൂരുവിന് കിരീടം. അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 170 പോയിന്റ് നേട്ടവുമായാണ് മംഗളൂരു വിന്റെ തുടര്‍ച്ചയായ നാലാം കിരീട നേട്ടം. ഒന്‍പത് വീതം സ്വര്‍ണം, വെള്ളി പതക്കങ്ങളും അഞ്ച് വെങ്കലവുമാണ് മംഗളൂരു സര്‍വകലാശാല നേടിയത്. 98.5 പോയിന്റുമായി മദ്രാസ് സര്‍വകലാശാലയാണ് റണ്ണറപ്പ്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനക്കാരായിരുന്ന എം.ജി മൂന്നാം സ്ഥാനത്തേക്ക് (80) പിന്തള്ളപ്പെട്ടു. കാലിക്കറ്റ് വാഴ്‌സിറ്റിയാണ് നാലാം സ്ഥാനത്ത് (64). വനിത, പുരുഷ വിഭാഗങ്ങളില്‍ മംഗളൂരു തന്നെ ഒന്നാമത്. വനിതകളില്‍ എം.ജി റണ്ണറപ്പായി(47). ആല്‍വാസ് കോളജിന്റെ സംഭാവനയാണ് കിരീട വഴിയിലെ മംഗളൂരുവിന്റെ മുഴുവന്‍ പോയിന്റും. മംഗളൂരു ടീമിലെ 81 കായിക താരങ്ങളില്‍ 75 പേരും ആല്‍വാസിന്റെ സംഭാവനയാണ്.
മംഗളൂരുവിന്റെ ട്രിപ്പിള്‍ ജംപ് താരം ജയ് പ്രദീപ് മികച്ച പുരുഷ താരമായും ഗുണ്ടൂര്‍ നാഗാര്‍ജുനയുടെ ഹര്‍ഡില്‍സ് താരം വൈ.ജ്യോതി മികച്ച വനിത താരമാവുകയും ചെയ്തു. കേരളത്തിലെ വാഴ്‌സിറ്റികളുടെ ആകെ മെഡല്‍ സമ്പാദ്യം 25. രണ്ടു സ്വര്‍ണവും അഞ്ചു വെള്ളിയും ആറു വെങ്കലവുമായി എം.ജി മെഡല്‍ വേട്ടയില്‍ മുന്നിലെത്തി. നാലു സ്വര്‍ണവും രണ്ടു വീതം വെള്ളിയും വെങ്കലവുമടക്കം എട്ടു മെഡലുകളാണ് കാലിക്കറ്റ് വാഴ്‌സിറ്റിയുടെ നേട്ടം. രണ്ടു സ്വര്‍ണവും രണ്ടു വെങ്കലവുമായാണ് കേരളയുടെ മടക്കം.
വരവറിയിച്ച് സാന്ദ്ര
ആദ്യ വരവില്‍ തന്നെ ട്രിപ്പിള്‍ ജംപില്‍ വെള്ളിത്തിളക്കവുമായി സാന്ദ്രബാബു. ആദ്യ ചട്ടത്തില്‍ തന്നെ കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്ത സാന്ദ്ര അവസാന ശ്രമത്തില്‍ 13.28 മീറ്റര്‍ ദൂരം താണ്ടിയാണ് മെഡല്‍ ഉറപ്പിച്ചത്. വെള്ളിയണിഞ്ഞത്. കഴിഞ്ഞ വര്‍ഷം പൂനെ ഖേലോ ഇന്ത്യ മീറ്റില്‍ കുറിച്ച 13.15 മീറ്ററായിരുന്നു ഇതുവരെ ഉണ്ടായിരുന്ന മികച്ച ചാട്ടം. കോതമംഗലം എം.എ കോളജ് ഒന്നാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ഥിനിയായ സാന്ദ്ര അടുത്ത മാസം മുതല്‍ തിരുവനന്തപുരം എല്‍.എന്‍.സി.പിയില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ ക്യാമ്പില്‍ പങ്കെടുക്കും. ടി.പി ഔസേപാണ് പരിശീലകന്‍. മംഗളൂരുവിന്റെ ബി.ഐശ്വര്യക്കാണ് സ്വര്‍ണം (13.29). കോയമ്പത്തൂര്‍ ഭാരതീയാറിലെ എസ്.നന്ദിനി വെങ്കലം (12.95) നേടി.
രണ്ട് പതക്കം, പരിശീലകയായി വരവറിയിച്ച് ജെയ്ഷ
പരിശീലകയായി കേരളം അംഗീകാരം നല്‍കാന്‍ മടിച്ച ഒളിംപ്യന്‍ ഒ.പി ജെയ്ഷയ്ക്ക് ശിഷ്യര്‍ നല്‍കിയത് സുവര്‍ണ വെള്ളി മെഡല്‍ സമ്മാനം. പരിശീലകായായി ട്രാക്കിലിറങ്ങിയ ആറുമാസം കൊണ്ടു ജെയ്ഷ ശിഷ്യരിലൂടെ മധ്യദൂര ട്രാക്കില്‍ ഓരോ സ്വര്‍ണവും വെള്ളിയും നേടിയാണ് വരവറിയിച്ചത്. അഖിലേന്ത്യ അന്തര്‍സര്‍വകലാശാല അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 800, 1500 മീറ്ററില്‍ ജെയ്ഷ പരിശീലിപ്പിക്കുന്ന നാല് താരങ്ങളാണ് ഓടാനിറങ്ങിയത്. 800 മീറ്ററില്‍ അമന്‍ദീപ് സ്വര്‍ണവും 1500 ല്‍ സുനില്‍ വെള്ളിയും നേടി. സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ പരിശീലകയായി ജോലി വാഗ്ദാനം നല്‍കുകയും, പിന്നീട് താല്‍ക്കാലിക നിയമനമെന്നതിലേക്ക് സംസ്ഥാന സര്‍ക്കാര്‍ ചുവടുമാറ്റുകയും ചെയ്തിരുന്നു. ജന്മനാടിന്റെ വാഗ്ദാന ലംഘനത്തില്‍ മനംമടുത്ത ജെയ്ഷ ബംഗളൂരു സായിയില്‍ പരിശീലകയായി. ആറ് മാസമായി ബംഗളൂരു സായിയില്‍ താരങ്ങളെ പരിശീലിപ്പിക്കാന്‍ തുടങ്ങിയിട്ട്. തന്റെ ഇഷ്ടയിനമായ 1500 മീറ്ററിലേക്ക് തിരിച്ചെത്താനുള്ള പരിശീലനവും ജെയ്ഷ നടത്തുന്നുണ്ട്.
ഉന്നതങ്ങളില്‍
ഗോഡ് 'വിന്‍'
പാലാ ജംപ്‌സ് അക്കാദമിയില്‍ നിന്ന് കടം വാങ്ങിയ പോളുമായി വന്നു ആദ്യ അവസരത്തില്‍ തന്നെ ഉന്നതങ്ങളിലെ ക്രോസ്ബാര്‍ താണ്ടി ഗോഡ്‌വിന്‍ ഡാമിയന്‍ പൊന്നായി. പുരുഷന്മാരുടെ പോള്‍വോള്‍ട്ടിലാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ ഗോഡ്‌വിന്‍ 4.70 മീറ്റര്‍ ചാടി സ്വര്‍ണം നേടിയത്. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ ബി.എ സംസ്‌കൃതം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഗോഡ് വിന്‍ പാലാ ജംപ്‌സ് അക്കാദമിയില്‍ സതീഷ്‌കുമാറിന് കീഴിലാണ് പരിശീലനം.
സ്വന്തമായി പോളില്ലാത്ത ഗോഡ്‌വിന്‍ അക്കാദമിയില്‍ നിന്ന് കടം വാങ്ങിയ പോളുമായാണ് ചാടാനെത്തിയത്. കാറ്റ് പ്രതികൂലമായതും മികച്ച എതിരാളികള്‍ ഇല്ലാത്തതും കൂടുതല്‍ ഉയരത്തിലേക്ക് കുതിക്കാന്‍ തടസമായി. ആലപ്പുഴ അര്‍ത്തുങ്കല്‍ ചാരങ്ങാട്ട് ഡാമിയാന്‍ - ബീന ദമ്പതികളുടെ മകനാണ് ഗുഡ്‌വിന്‍. വനിത വിഭാഗത്തില്‍ എം.ജിയുടെ ദിവ്യമോഹനും സ്വര്‍ണം നേടി.
ഒറ്റലാപ്പിലും കാലിക്കറ്റിന് സുവര്‍ണ ബാറ്റണ്‍
ഒറ്റലാപ്പിന്റെ റിലേ പോരില്‍ കാലിക്കറ്റിന് പൊന്ന്. വനിതകളുടെ 4-400 മീറ്റര്‍ റിലേയില്‍ 3:40.01 സെക്കന്റിലാണ് സ്വര്‍ണ നേട്ടം.എം.ജി 3:42.81 സെക്കന്റില്‍ വെള്ളി നേടി.
ഒളിംപ്യന്‍ ജിസ്‌ന മാത്യു ആങ്കര്‍ ലാപ്പില്‍ ബാറ്റണേന്തിയ സംഘത്തില്‍ എം.പി അര്‍ച്ച, എസ്.അര്‍ഷിത, അബിത മേരി മാനുവല്‍ എന്നിവരാണ് സുവര്‍ണ കുതിപ്പ് നടത്തിയത്. കെ. സ്‌നേഹ, പി.ആര്‍ അലീഷ, കെ.ടി എമിലി, അനില വേണു എന്നിവരാണ് എം.ജിക്കായി ബാറ്റണേന്തിയത്. മിക്‌സഡ് റിലേയുടെ തനിയാവര്‍ത്തനമായിരുന്നു വനിതകളുടെ റിലേയിലും. ആദ്യ മൂന്നു ലാപ്പിലും നേരിയ വ്യത്യാസത്തിലായിരുന്നു എം.ജിയും കാലിക്കറ്റും കുതിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."