രണ്ടു ദിവസത്തിനുള്ളില്‍ സസ്‌പെന്‍ഡ് ചെയ്തത് 45 എം.പിമാരെ
ന്യൂഡല്‍ഹി: രണ്ടു ദിവസത്തിനുള്ളില്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍ ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത് 45 എം.പിമാരെ. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച എ.ഐ.എഡി.എം.കെ, ടി.ഡി.പി അംഗങ്ങളെയാണ് സ്പീക്കര്‍ സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത രീതിയില്‍ സസ്‌പെന്‍ഡ് ചെയ്തത്.
റഫാല്‍ ഇടപാട് സംബന്ധിച്ച് പ്രതിപക്ഷം സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിനിടെ എ.ഐ.എഡി.എം.കെ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും നില വിട്ടു പെരുമാറുകയും ചെയ്തതോടെ ബുധനാഴ്ച 24 എം.പിമാരെ അഞ്ചു ദിവസത്തേക്കു സസ്‌പെന്റ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഇന്നലെ എ.ഐ.എഡി.എം.കെ, ടി.ഡി.പി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ നിന്നായി 21 എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തത്.
ശീതകാല സമ്മേളനം കഴിയുന്നത് വരെ ഇവര്‍ക്കു പാര്‍ലമെന്റ് നടപടികളില്‍ സംബന്ധിക്കാന്‍ കഴിയില്ല.എ.ഐഡി.എ.എം.കെയ്ക്ക് 37ഉം ടി.ഡി.പിക്ക് 15ഉം എം.പിമാരാണ് ലോക്‌സഭയില്‍ ഉള്ളത്.
ഇത്രയധികം എം.പിമാര്‍ക്കെതിരേ ഒറ്റയടിക്ക് നടപടിയെടുക്കുന്നത് അപൂര്‍വമാണ്. 2014ല്‍ ആന്ധ്ര വിഭജന വിഷയത്തില്‍ എം.പിമാരെ കൂട്ടത്തോടെ സസ്‌പെന്‍ഡ്് ചെയ്തിരുന്നു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ പതിനൊന്നിന് ആരംഭിച്ചപ്പോള്‍ മുതല്‍ എ.ഐ.എഡി.എം.കെ, ടി.ഡി.പി എം.പിമാരുടെ പ്രതിഷേധത്തില്‍ ലോക്‌സഭ തുടര്‍ച്ചയായി സ്തംഭിച്ചിരുന്നു. കാവേരി നദിയില്‍ അണ കെട്ടുന്നതിനെതിരായാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള എം.പിമാരുടെ പ്രതിഷേധം.
ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെട്ടാണ് ടി.ഡി.പി എം.പിമാരുടെ പ്രതിഷേധം. ഇന്നലെ സഭ തുടങ്ങിയതിന് ശേഷം ബഹളം വെച്ച 19 എം.പിമാരെയാണ് ആദ്യം സസ്‌പെന്‍ഡ് ചെയ്തത്. ഉച്ചയ്ക്ക് ശേഷം സഭ വീണ്ടും ചേര്‍ന്നപ്പോള്‍ ബഹളമുണ്ടാക്കിയ രണ്ട് എം.പിമാരോടു കൂടി പുറത്തു പോകാന്‍ സ്പീക്കര്‍ ആവശ്യപ്പെടുകയായിരുന്നു.
ശൂന്യവേള ആരംഭിച്ചപ്പോള്‍ തന്നെ ഇരു പാര്‍ട്ടികളിലെയും എം.പിമാര്‍ മുദ്രാവാക്യം മുഴക്കി പ്ലാക്കാര്‍ഡുകളുമേന്തി നടുത്തളത്തിലിറങ്ങി. അതിനിടെ എ.ഐ.എഡി.എം.കെ എം.പിമാര്‍ സ്പീക്കറുടെ ചേംബറിന് നേര്‍ക്ക് പലതവണ കടലാസ് കീറിയെറിഞ്ഞു. ഇരു പാര്‍ട്ടിയില്‍ പെട്ട എം.പിമാരോടും ശാന്തരായി മടങ്ങാന്‍ പാര്‍ലമെന്ററികാര്യ മന്ത്രി നരേന്ദ്ര സിങ് തോമര്‍ അഭ്യര്‍ഥിച്ചുവെങ്കിലും അംഗങ്ങള്‍ കൂട്ടാക്കിയില്ല. ബഹളം രൂക്ഷമായപ്പോള്‍ നടപടിയെടുക്കുമെന്ന് താക്കീത് ചെയ്ത സ്പീക്കര്‍, ബഹളം തുടര്‍ന്നതോടെ അംഗങ്ങളെ സസ്‌പെന്റ് ചെയ്യുകയായിരുന്നു. നിങ്ങള്‍ മനപ്പൂര്‍വം ബഹളമുണ്ടാക്കുകയാണ്. അതിനാല്‍ പേരെടുത്തു പരാമര്‍ശിച്ച് സസ്‌പെന്‍ഡ് ചെയ്യുന്നു എന്നാണ് സ്പീക്കര്‍ സുമിത്ര മഹാജന്‍ പറഞ്ഞത്. ഇതിനിടെ പലവട്ടം ബഹളത്തില്‍ പിരിഞ്ഞ സഭ വീണ്ടും ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നു. തുടര്‍ന്ന് ബുധനാഴ്ച റാഫേല്‍ വിഷയത്തില്‍ ആരംഭിച്ച ചര്‍ച്ചയിലേക്കു കടക്കാതെ സഭ പിരിയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."