യൂറോ കപ്പിനു ഇന്ന് കിക്കോഫ്
ആദ്യ മത്സരത്തില്‍ ഫ്രാന്‍സ്- റൊമാനിയ നേര്‍ക്കുനേര്‍
പാരിസ്: ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്നഫ്രാന്‍സില്‍ ഇന്നു യൂറോ കപ്പ് ഫുട്‌ബോളിനു കിക്കോഫ്. കനത്ത സുരക്ഷാ വലയത്തിലാണ് ടൂര്‍ണമെന്റിനു അരങ്ങുണരുന്നത്. ഒരു വശത്ത് ഭീകരാക്രമണ ഭീഷണി നിലനില്‍ക്കെ മറ്റൊരു വശത്ത് തൊഴില്‍ സമരവും രാജ്യത്തു നടക്കുന്നു.
ഒപ്പം പ്രളയക്കെടുതികളുടെ പൊറുതിമുട്ടലുകള്‍ വേറെയുമുണ്ട്. പക്ഷേ ഇതൊന്നും ടൂര്‍ണമെന്റിനെ ബാധിക്കാത്ത തരത്തിലാണ് സംഘാടനമെന്നു അധികൃതര്‍ അവകാശപ്പെടുന്നു.
ഇന്നു ഇന്ത്യന്‍ സമയം രാത്രി 12.30നു ആതിഥേയരായ ഫ്രാന്‍സ് റൊമാനിയയുമായി ഏറ്റുമുട്ടുന്നതോടെ പോരാട്ടത്തിനു തുടക്കമാകും. 24 ടീമുകളാണ് കിരീട പോരിനായി അണിനിരക്കുന്നത്.
1960 മുതല്‍ തുടങ്ങിയ ടൂര്‍ണമെന്റില്‍ ആദ്യമായാണ് ഇത്രയും ടീമുകള്‍ പങ്കെടുക്കുന്നത്. ഇന്നു മുതല്‍ ജൂലൈ പത്തു വരെ ഫ്രാന്‍സിലെ പത്തു സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.
മത്സരങ്ങള്‍ തത്സമയം സോണി ഇ.എസ്.പി.എന്‍, എച്.ഡി, സോണി സിക്‌സ്, എച്.ഡി ചാനുകളില്‍ കാണാം.
അവസാന അങ്കം അവിസ്മരണീയമാക്കാനൊരുങ്ങി ഇവര്‍
ഫുട്‌ബോളിനു വേണ്ടി സര്‍വവും സമര്‍പ്പിച്ച് കായിക നഭസില്‍ തിളങ്ങിയ നിരവധി താരങ്ങളാണ് ഇത്തവണത്തെ യൂറോക്കെത്തുന്നത്. ഒരു പക്ഷേ ഇത് അത്തരത്തിലുള്ള താരങ്ങളുടെ അവസാനത്തെ യൂറോ കപ്പ് മത്സരമായിരിക്കും. സ്വന്തം രാജ്യത്തിനായി കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെയായിരിക്കും അവര്‍ കളത്തിലിറങ്ങുക. വെറ്ററന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന താരങ്ങളായ ഇവര്‍ ഒട്ടേറെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളാണ് ഫുട്‌ബോള്‍ ലോകത്തിനു സമ്മാനിച്ചത്. പരിചയ സമ്പന്നരായ താരങ്ങള്‍ അണിനിരക്കുന്ന ടീമുകളുടെ മത്സരവും ഈ യൂറോയെ നിറപ്പകിട്ടാക്കുന്നു.
ജിയാന്‍ലൂയി
ബുഫണ്‍ (ഇറ്റലി)
1993 മുതല്‍ ഇറ്റലിക്കു വേണ്ടി ഇറങ്ങുന്ന ഗോള്‍ കീപ്പറും ക്യാപ്റ്റനുമായ ജിയാന്‍ലൂയി ബുഫണ്‍ ഫുട്‌ബോളിലെ നിത്യഹരിത നായകനാണ്. ഇത്തവണത്തെ യൂറോ കപ്പിലെ തലമുതിര്‍ന്ന താരങ്ങളിലൊരാളും 38കാരനായ ബുഫണ്‍ തന്നെ. 157 മത്സരങ്ങളാണ് ഇറ്റലിക്ക് വേണ്ടി ബുഫണ്‍ കളിച്ചിട്ടുള്ളത്. പാര്‍മ, യുവന്റസ് ക്ലബുകള്‍ക്കായി 799 മത്സരങ്ങളിലും അദ്ദേഹം ഗോള്‍ വല കാത്തു. എക്കാലത്തെയും മികച്ച കാവല്‍ക്കാരിലൊരാളായാണ് ബുഫണ്‍ അറിയപ്പെടുന്നത്. 2006 ലോകകപ്പ് ജേതാക്കളായ ഇറ്റാലിയന്‍ സംഘത്തിന്റെ വല കാത്തത് ബുഫണായിരുന്നു. 2012ലെ യൂറോ കപ്പിന്റെ ഫൈനലില്‍ കടന്ന ഇറ്റാലിയന്‍ സംഘത്തിലും താരം അംഗമായിരുന്നു.
പീറ്റര്‍ ചെക്ക്
(ചെക്ക് റിപ്പബ്ലിക്)
1997മുതല്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ഗോള്‍ വല കാക്കുന്നത് പീറ്റര്‍ ചെക്കാണ്. 34 വയസുള്ള പീറ്റര്‍ ചെക്ക് ഏതു പ്രതിസന്ധിഘട്ടത്തിലും വന്‍മതിലായി നിന്നു ടീമിനെ രക്ഷിക്കാന്‍ മിടുക്കനാണ്. കഴിഞ്ഞ തവണത്തെ യൂറോ കപ്പില്‍ ആറാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്ന ചെക്ക് ഇത്തവണ ചാംപ്യന്‍ മോഹവുമായിട്ടാണ് ഫ്രാന്‍സിലേക്കെത്തുന്നത്.
ഇകര്‍ കാസിയസ്
(സ്‌പെയിന്‍)
35 വയസുള്ള ഇകര്‍ കയിയസ് ബുഫണിനൊപ്പം ലോകത്തെ മികച്ച ഗോള്‍ കീപ്പറായി വിലയിരുത്തപ്പെടുന്നു. ഗോള്‍ മുഖം കാക്കുന്നതില്‍ പ്രത്യേക മിടുക്കുള്ള കാസിയസ് യൂറോയിലെ ഹാട്രിക്ക് കിരീടമാണ് ലക്ഷ്യമിടുന്നത്. 2010 ലോകകപ്പ്, 2008, 2012 യൂറോ കപ്പ് ചാംപ്യന്‍മാരായിരുന്ന സ്പാനിഷ് സംഘത്തിന്റെ ഗോള്‍ വല കാത്തത് കാസിയസായിരുന്നു. സ്‌പെയിനിനു വേണ്ടി 167 മത്സരങ്ങളാണ് താരം കളിച്ചത്. യൂറോ കപ്പ് നിലനിര്‍ത്താനൊരുങ്ങിയാണ് കാസിയസെത്തുന്നത്.
ഇബ്രാഹിമോവിച്
(സ്വീഡന്‍)
1999 മുതല്‍ സ്വീഡന്റെ മുന്നേറ്റത്തിലെ ശക്തിദുര്‍ഗമാണ് സ്ലട്ടന്‍ ഇബ്രാഹിമോ വിച്. അവസാന യൂറോയ്‌ക്കെത്തുന്ന താരം സ്വീഡനായി 62 മത്സരങ്ങളില്‍ നിന്നു 113 ഗോളുകളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. ഫ്രഞ്ച് ലീഗില്‍ പി. എസ്. ജിക്കായി കളത്തിലിറങ്ങി ഈ വര്‍ഷം കരാര്‍ അവസാനിപ്പിച്ച ഇബ്ര ഫ്രഞ്ച് ചാംപ്യന്‍മാര്‍ക്കായി കൂടുതല്‍ ഗോള്‍ നേടിയെന്ന പെരുമയുമായാണ് യൂറോയ്‌ക്കെത്തുന്നത്. സ്വീഡനു വേണ്ടി കാര്യമായ കിരീട നേട്ടങ്ങള്‍ സമ്മാനിക്കാന്‍ കഴിയാതിരുന്ന ഇബ്ര ആ കോട്ടം നികത്താനൊരുങ്ങിയാണ് യൂറോയ്‌ക്കെത്തുന്നത്.
പെപ്പെ (പോര്‍ച്ചുഗല്‍)
33 വയസുള്ള പെപ്പെയുടെ അവസാനത്തെ യൂറോയായിരിക്കും ഫ്രാന്‍സിലേത്. പോര്‍ച്ചുഗലിനായി 70 മല്‍സരങ്ങള്‍ കളിച്ച താരം മൂന്നു ഗോളുകളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. പോര്‍ച്ചുഗലിന്റെയും റയല്‍ മാഡ്രിന്റെയും പ്രതിരോധ നിരയിലെ പ്രധാന കണ്ണിയാണ് പെപ്പെ.
2004 യൂറോ കപ്പില്‍ റണ്ണറപ്പായ പോര്‍ച്ചുഗല്‍ ടീമില്‍ അംഗമായിരുന്നു പെപ്പെ. അന്നു നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാനൊരുങ്ങിയാണ് താരം ഫ്രാന്‍സിലെത്തുന്നത്.
പോര്‍ച്ചുഗലിന് ജയം
ലിസ്ബന്‍: അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളില്‍ പോര്‍ച്ചുഗലിന് വമ്പന്‍ ജയം. എസ്‌റ്റോണിയയെ എതിരില്ലാത്ത ഏഴു ഗോളിനാണ് പോര്‍ച്ചുഗല്‍ മുക്കിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റിക്കാര്‍ഡോ ക്വാറെസ്മ, എന്നിവര്‍ ഇരട്ട ഗോള്‍ നേടി. ഡാനിലോ പെരേര, ഈഡര്‍ എന്നിവര്‍ ഓരോ ഗോള്‍ നേടിയപ്പോള്‍ ശേഷിച്ചത് മെറ്റ്‌സിന്റെ സെല്‍ഫ് ഗോളായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."