അമിത് ഷാ കുരുങ്ങുമോ?; ജസ്റ്റിസ് ലോയ കേസ് പുനഃരന്വേഷിക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍
മുംബൈ: ജസ്റ്റിസ് ലോയയുടെ മരണം പുനഃരന്വേഷിക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. വ്യക്തമായ തെളിവുകളോടെ ആരെങ്കിലും പരാതി നല്‍കിയാല്‍ കേസ് പുനഃരന്വേഷിക്കുമെന്ന് മന്ത്രിയും എന്‍.സി.പി വക്താവുമായ നവാബ് മാലിക്ക് വ്യക്തമാക്കി. ശരദ് പവാറിന്റെ നേതൃത്വത്തില്‍ മൂന്ന് മണിക്കൂര്‍ നീണ്ട യോഗത്തിന് ശേഷമാണ് തീരുമാനം.
മഹാരാഷ്ട്രയില്‍ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ കേസില്‍ പുനഃരന്വേഷണം നടത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറാകുമോ എന്ന ചോദ്യവും ഉയര്‍ന്നിരുന്നുവെന്നും ആവശ്യം ഉയര്‍ന്നാല്‍ തീര്‍ച്ചയായും കേസ് അന്വേഷിക്കുമെന്നാണ് ശരദ് പവാര്‍ അന്ന പറഞ്ഞതെന്നും നവാബ് മാലിക് കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിയായിരുന്ന സൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന സി.ബി.ഐ കോടതി ജഡ്ജിയായിരുന്നു ജസ്റ്റിസ് ലോയ. സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് ഏറ്റുമുട്ടല്‍ കേസ് പരിഗണനയില്‍ ഇരിക്കവേയാണ് 2014 ഡിസംബര്‍ ഒന്നിന് ജഡ്ജ് ലോയയുടെ മരണം സംഭവിക്കുന്നത്.
2017 നവംബറില്‍ 'ദ കാരവ'നാണ് ജസ്റ്റിസ് ലോയയുടെ മരണത്തിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരുന്നത്. ലോയയുടെ കുടുംബം തന്നെ അദ്ദേഹത്തിന്റെ മരണത്തില്‍ സംശയം രേഖപ്പെടുത്തി രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ഇത്. മരണത്തിന്റെ സാഹചര്യങ്ങള്‍ സംശയാസ്പദമാണെന്നും കേസില്‍ അനുകൂലമായ വിധി പുറപ്പെടുവിക്കാന്‍ അദ്ദേഹത്തിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നെന്നും കുടുംബം പറഞ്ഞിരുന്നു.
എന്നാല്‍ ലോയയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് 2018 ജൂലൈയില്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി തള്ളുകയായിരുന്നു. അദ്ദേഹത്തിന്റേത് സ്വാഭാവിക മരണമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."