മുഖ്യമന്ത്രിയുടെ വീട് കാണാനെത്തിയവരെ കസ്റ്റഡിയിലെടുത്തു
തലശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയന്റെ പിണറായി പാണ്ഡ്യാലമുക്കിലെ വീട് കാണാനെത്തിയ വിദേശി ഉള്‍പ്പെടെയുള്ള രണ്ടംഗ സംഘത്തെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇംഗ്ലണ്ട് സ്വദേശി ഫെഡറിക് ഓട്ടോ (23), പിണറായി പുത്തന്‍കണ്ടം സ്വദേശി വിനോദ് കൃഷ്ണന് (32) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് വിട്ടയച്ചു. ഇന്നലെ വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം.
ഫെഡറികും പിണറായിയുടെ അയല്‍ക്കാരനായ വിനോദും മുഖ്യമന്ത്രിയുടെ വീട്ടില്‍ അതിക്രമിച്ചുകടക്കാന്‍ ശ്രമിക്കുന്നതായി കാവല്‍നിന്ന പൊലിസുകാര്‍ ധര്‍മടം സ്റ്റേഷനില്‍ വിളിച്ചറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ധര്‍മടം പൊലിസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് കതിരൂര്‍ പൊലിസിന് കൈമാറി. കൂത്തുപറമ്പ് സി.ഐ യു. പ്രേമന്റെ നേതൃത്വത്തിലുള്ള പൊലിസ് ഇരുവരെയും ചോദ്യംചെയ്തു. തുടര്‍ന്നാണ് വിട്ടയച്ചത്. മുഖ്യമന്ത്രിയുടെ വീട് കാണാനുള്ള കൗതുകം കൊണ്ടാണ് എത്തിയതെന്ന് ഫെഡറിക് പൊലിസിനോടു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."