വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസാമി
ചെന്നൈ: അധികാരം ഏറ്റെടുത്ത മുഖ്യമന്ത്രി എടപ്പാടി പളനിസാമി തന്റെ മുന്‍ഗാമിയായിരുന്ന ജയലളിതയുടെ മാതൃക പിന്തുടര്‍ന്ന് സംസ്ഥാനത്ത് അഞ്ച് പദ്ധതികള്‍ പ്രഖ്യാപിച്ചു.
തൊഴില്‍ മേഖലയിലെ സ്ത്രീകള്‍ക്ക് സബ്‌സിഡിയോടുകൂടി സ്‌കൂട്ടര്‍ നല്‍കല്‍, നിര്‍ധനരായ ഗര്‍ഭിണികള്‍ക്കുള്ള പ്രസവാനുകൂല്യത്തില്‍ വര്‍ധന ഉള്‍പ്പടെയുള്ള അഞ്ച് പദ്ധതികള്‍ക്കാണ് ഇന്നലെ മുഖ്യമന്ത്രി ഒപ്പുവച്ചത്.
സ്ത്രീകള്‍ക്ക് 50 ശതമാനം സബ്‌സിഡിയോടുകൂടി സ്‌കൂട്ടര്‍ അനുവദിക്കുന്ന പദ്ധതിയിലാണ് അധികാരമേറ്റെടുത്ത ഉടന്‍തന്നെ മുഖ്യമന്ത്രി ഒപ്പുവച്ചത്. ഈ പദ്ധതി നടപ്പിലാക്കണമെങ്കില്‍ 200 കോടി രൂപ വേണമെന്നാണ് പറയപ്പെടുന്നത്. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് നല്‍കുന്ന പ്രസവാനുകൂല്യം 12,000ല്‍ നിന്ന് 18,000 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. ഇതിനായി 360 കോടി രൂപയാണ് അധികമായി വേണ്ടത്.
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ചില്ലറ വിദേശ മദ്യഷാപ്പുകളില്‍ 500 എണ്ണം അടച്ചുപൂട്ടാനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. മുന്‍മുഖ്യമന്ത്രി ജയലളിത നടപ്പാക്കാന്‍ ഉദ്ദേശിച്ചതായിരുന്നു ഇതെന്ന് പദ്ധതികളെ സംബന്ധിച്ച് വിശദീകരിച്ചുകൊണ്ട് പളനിസാമി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
തൊഴിലില്ലാത്ത യുവതീ യുവാക്കള്‍ക്ക് നല്‍കുന്ന തൊഴിലില്ലായ്മാ വേതനം വര്‍ധിപ്പിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."