കിം ജോങ് നാമിന്റെ വധം; മലേഷ്യയും ഉ.കൊറിയയും നയതന്ത്രപ്പോരില്‍
ക്വാലാലംപൂര്‍: ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിംജോങ് നാമിന്റെ വധവുമായി ബന്ധപ്പെട്ട് മലേഷ്യയും ഉ.കൊറിയയും നയതന്ത്ര പോര് രൂക്ഷം. കഴിഞ്ഞ ആഴ്ച ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ ദുരൂഹസാഹചര്യത്തില്‍ കിം ജോങ് നാം കൊല്ലപ്പെട്ടതിനു പിന്നാലെയാണ് തര്‍ക്കം. ഉത്തര കൊറിയയുമായി നയതന്ത്രബന്ധം കാത്തുസൂക്ഷിക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്നാണ് മലേഷ്യ. ഉ.കൊറിയന്‍ വംശജരാണ് പ്രതികളെന്നും ഇവര്‍ രാജ്യംവിട്ടെന്നും കഴിഞ്ഞ ദിവസം മലേഷ്യ അറിയിച്ചിരുന്നു. വിമാനത്താവളത്തില്‍ വച്ച് ഒരു യുവതി നാമിന്റെ മുഖം പൊത്തിപിടിച്ച് കടന്നു കളയുന്ന ദൃശ്യങ്ങളും പുറത്തുവന്നു. തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട കിം പൊലിസിന്റെ സഹായത്തോടെ പുറത്തുപോകുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ജപ്പാന്‍ ടി.വിയാണ് ഇത് പുറത്തുവിട്ടത്.
വിഷബാധയേറ്റാണ് കിം കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഉ.കൊറിയയാണ് വധത്തിനു പിന്നിലെന്ന് കഴിഞ്ഞ ദിവസം ദ.കൊറിയ ആരോപിച്ചിരുന്നു. കേസ് അന്വേഷിക്കുന്ന മലേഷ്യന്‍ പൊലിസും ഇതേനിഗമനത്തിലാണെന്നാണ് സൂചന. കിമ്മിന്റെ മരണത്തില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് മലേഷ്യ ഉത്തര കൊറിയന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി. ഇതിനു പിന്നാലെ ഉ.കൊറിയയിലെ തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിക്കുകയും ചെയ്തു.
നാലു ഉത്തര കൊറിയന്‍ പൗരന്മാരാണ് പ്രതികളെന്നാണ് മലേഷ്യന്‍ പൊലിസ് പറയുന്നത്. മലേഷ്യയുടെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ക്വാലാലംപൂരിലെ ഉത്തര കൊറിയന്‍ സ്ഥാനപതി കാങ് ചോള്‍ പറഞ്ഞു. കൊലപാതകം നടന്ന് ഏഴു ദിവസമായിട്ടും കൃത്യമായ മരണകാരണം കണ്ടെത്താനോ തെളിവ് ശേഖരിക്കാനോ മലേഷ്യന്‍ പൊലിസിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. അന്വേഷണത്തിനു പിന്നില്‍ ചിലരുടെ കൈകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണവും ഉ.കൊറിയ ഉന്നയിച്ചു.
കിം ജോങ് നാമിന്റെ ഡി.എന്‍.എ സാംപിള്‍ കൈമാറാതെ മൃതദേഹം വിട്ടുനല്‍കില്ലെന്ന് നേരത്തെ മലേഷ്യ പറഞ്ഞിരുന്നു. കൂടുതല്‍ തെളിവിനായി വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തുവന്നു. നാമിന്റെ മൃതദേഹം സൂക്ഷിച്ച ആശുപത്രിയിലെത്തി മലേഷ്യയിലെ ഉത്തര കൊറിയന്‍ എംബസി അധികൃതര്‍ വിവരം ശേഖരിച്ച് മടങ്ങിയിരുന്നു. മലേഷ്യ സംഭവത്തെ രാഷ്ട്ട്രീയവല്‍ക്കരിച്ചുവെന്നാണ് ഉത്തര കൊറിയ പറയുന്നത്.
എന്നാല്‍ മലേഷ്യന്‍ പ്രധാനമന്ത്രി പൊലിസിനെ പ്രതിരോധിച്ച് രംഗത്തെത്തി. നിയമം നടപ്പാക്കുന്നതില്‍ ഉത്തര കൊറിയ ആശങ്കപെടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. മലേഷ്യന്‍ മണ്ണിലാണ് കിം കൊല്ലപ്പെട്ടതെന്നതിനാല്‍ അന്വേഷണത്തിന്റെ ഉത്തരവാദിത്വം തങ്ങള്‍ക്കാണെന്ന് മലേഷ്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. കിമ്മിന്റെ കുടുംബാംഗങ്ങളുടെ ഡി.എന്‍.എ സാംപിള്‍ പൊലിസ് ആവശ്യപ്പെട്ടു. ബെയ്ജിങ്ങിലും മക്കാവുവിലുമാണ് ഇവരുള്ളതെന്നാണ് സൂചന. ഡി.എന്‍.എ പരിശോധനയ്ക്ക് ശേഷം കിമ്മിന്റെ മൃതദേഹം ഉ.കൊറിയന്‍ എംബസിക്ക് കൈമാറാമെന്നാണ് പൊലിസ് നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."