മാന്‍സി ഹാട്രിക്കില്‍ ചെന്നൈ
യു.എച്ച് സിദ്ദീഖ്#
കോയമ്പത്തൂര്‍: നായകന്‍ പെട്രോ ജാവിയര്‍ മാന്‍സിയുടെ ഹാട്രിക് ഗോളില്‍ ഗോകുലത്തെ വീഴ്ത്തി ചെന്നൈ എഫ്.സിയുടെ പടയോട്ടം. ഐ ലീഗിലെ ചെന്നൈയുടെ കുതിപ്പിന് തടയിടാന്‍ ഗോകുലത്തിനുമായില്ല. 2-1ന് മുന്നിട്ടു നിന്ന ശേഷമായിരുന്നു ഗോകുലം കേരള എഫ്.സി 3-2 ന് തോറ്റത്. ലീഗിലെ ഗോകുലത്തിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. 7, 59, 80 മിനുട്ടുകളിലായിരുന്നു മാന്‍സിയുടെ ഹാട്രിക് പിറന്നത്. മുഡേ മൂസ (17), സന്‍ഡേ ജോയല്‍ (38) എന്നിവര്‍ ഗോകുലത്തിനായി വലകുലുക്കി. മെന്‍സിയുടെ ലീഗിലെ മൂന്നാം ഹാട്രിക്കാണിത്. ലീഗില്‍ ചെന്നൈ സിറ്റി എഫ്.സി 11 മത്സരങ്ങളില്‍നിന്ന് 24 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. പത്ത് പോയിന്റുമായി ഗോകുലം എട്ടാം സ്ഥാനത്താണ്.
മുന്നിലോടി മാന്‍സി
കോവൈയുടെ കളിത്തട്ടില്‍ ഇരമ്പിക്കയറിയ ചെന്നൈ സിറ്റി ആദ്യ പത്ത് മിനുട്ടിനുള്ളില്‍ തന്നെ ലക്ഷ്യം കണ്ടു. ഏഴാം മിനുട്ടില്‍ ചെന്നൈ നായകന്‍ പെട്രോ ജാവിയര്‍ മാന്‍സിയാണ് ഗോകുലത്തിന്റെ വല കുലുക്കിയത്. സാന്‍ട്രോ റോഡിഗ്രസിന്റെ അപകടകരമായ കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു ഗോള്‍. വിദേശ താരങ്ങളുടെ കരുത്തുമായി കളത്തിലിറങ്ങിയ ചെന്നൈ ഗോകുലം പ്രതിരോധത്തെ വിറപ്പിച്ചു ഗോള്‍മുഖത്തേക്ക് ഇരമ്പിക്കയറി. ഒരു ഗോളിന് പിന്നിലായതോടെ ഉണര്‍ന്നു കളിച്ച ഗോകുലം പ്രതിരോധം ശക്തമാക്കിയതിനൊപ്പം ആക്രമണത്തിനും ശക്തികൂട്ടി.
ഒപ്പം പിടിച്ചു മുഡേ
ആരാധക സംഘമായ 'ബറ്റാലിയ'യും മലയാളി കോളജ് വിദ്യാര്‍ഥികളും നല്‍കിയ പിന്തുണയുമായി മലബാറിയന്‍സ് പത്ത് മിനുട്ടിനകം തന്നെ മത്സരത്തിലേക്ക് തിരിച്ചെത്തി. 17 ാം മിനുട്ടില്‍ മുഡേ മൂസയിലൂടെയായിരുന്നു ഗോകുലം സമനില പിടിച്ചത്. അര്‍ജുന്‍ ജയരാജിന്റെ ഫ്രീകിക്കില്‍നിന്ന് ഉയര്‍ന്നു വന്ന പന്ത് എസ്. രാജേഷ് വലയിലേക്ക് ഹെഡ് ചെയ്‌തെങ്കിലും പോസ്റ്റില്‍ തട്ടിത്തെറിച്ചു. തിരിച്ചു വന്ന പന്ത് കൃത്യമായി പിടിച്ചെടുത്ത മൂസ ചെന്നൈ ഗോളി നൗസെറ്റ് ഗാര്‍ഷ്യയെ നിഷ്പ്രഭനാക്കി വലകുലുക്കി. സ്‌കോര്‍: 1 -1.
ജോയലിന്റെ പിഴയും ഗോളും
പെനാല്‍റ്റിയുടെ രൂപത്തിലായിരുന്നു ഗോകുലത്തിന്റെ ലീഡുയര്‍ത്തിയ ഭാഗ്യം കടന്നു വന്നത്. 38 ാം മിനുട്ടില്‍ അഭിഷേക് ദാസ് ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ ലോങ് ബോളിനെ റോബര്‍ട്ടോ യൂജിന്‍ കൈകൊണ്ടു തടുക്കാന്‍ ശ്രമിച്ചു. കൃത്യം റഫറിയുടെ വിസില്‍ പെനാല്‍റ്റിക്കായി മുഴങ്ങി. കിക്ക് എടുത്തത് ജോയല്‍ സന്‍ഡേ. മൂന്ന് ചുവട് പിന്നിലേക്ക്‌വച്ച് മുന്നോട്ടോടിക്കയറി സന്‍ഡേ തൊടുത്ത കിക്ക് ഗോളി നൗസെറ്റ് ഗാര്‍ഷ്യ തട്ടി ജോയലിന്റെ മുന്നിലേക്ക് തന്നെ വന്നു. ഒരു നിമിഷം പോലും പാഴാക്കാതെ ജോയല്‍ സന്‍ഡേ ചെന്നൈയുടെ വലകുലുക്കി. സ്‌കോര്‍: ചെന്നൈ -1, ഗോകുലം -2.
മുഖത്തടിയും കഴുത്തിന് പിടിത്തവും രണ്ട് താരങ്ങള്‍ക്ക് പുറത്തേക്കുള്ള വഴികാട്ടി. ചെന്നൈയുടെ ശ്രീനിവാസ പാണ്ഡ്യനും ഗോകുലത്തിന്റെ അര്‍ജുന്‍ ജയരാജിനുമാണ് ചുവപ്പു കിട്ടിയത്. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു കൈയാങ്കളി.
ഹാട്രിക് മാന്‍സി
പത്തു വീതം കളിക്കാരുമായിട്ടായിരുന്നു രണ്ടാം പകുതിയുടെ തുടക്കം. 2-1 ന് പിന്നിലായതോടെ ചെന്നൈ ആക്രമണം ശക്തമാക്കി. ഗോകുലം പ്രതിരോധത്തെ കീറിമുറിച്ച് ചെന്നൈ വീരന്മാര്‍ ആഞ്ഞടിച്ചു. നിരന്തരമായ ആക്രമണത്തിന് ഒടുവില്‍ ചെന്നൈ സമനില പിടിച്ചു. പ്രതിരോധത്തിലേക്ക് വലിഞ്ഞതാണ് ഗോകുലത്തിന് വിനയായത്. തുടക്കത്തില്‍ മൂന്നാം ഗോള്‍ വീഴ്ത്താനുള്ള മികച്ച അവസരം ഗോകുലം താരങ്ങള്‍ പാഴാക്കുകയും ചെയ്തു. 59 ാം മിനുട്ടില്‍ പെട്രോ ജാവിയര്‍ മാന്‍സിലൂടെയായിരുന്നു ചെന്നൈ വീണ്ടും വലകുലുക്കിയത്. ലോബ് ചെയ്തു ഗോകുലം ബോക്‌സിലേക്ക് എത്തിയ പന്ത് പ്രതിരോധതാരം അഭിഷേക് ദാസിനെ കബളിപ്പിച്ചു മാന്‍സി ഹെഡ് ചെയ്തു വലയിലാക്കുകയായിരുന്നു. സ്‌കോര്‍: ചെന്നൈ -2, ഗോകുലം -2. തിരിച്ചടിക്കാന്‍ ശക്തിയില്ലാതെ വലഞ്ഞ ഗോകുലത്തെ വിറപ്പിച്ചു വീണ്ടും മാന്‍സി നിറഞ്ഞാടി. 80 ാം മിനുട്ടില്‍ വീണ്ടും ഗോകുലത്തിന്റെ വലകുലുങ്ങി. മനോഹരമായൊരു പാസില്‍നിന്ന് വലകുലുക്കിയ മാന്‍സി ഹാട്രിക് ഗോളുമായി ചെന്നൈയെ 3-2 ന് മുന്നില്‍ എത്തിച്ചു. തിരിച്ചടിക്കാന്‍ ഗോകുലം കിണഞ്ഞു ശ്രമിച്ചെങ്കിലും വിജയം ചെന്നൈക്കൊപ്പം നിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."