ജെ.പി.സി അന്വേഷണത്തില്‍ ഉറച്ച് പ്രതിപക്ഷം
ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. റിലയന്‍സിനു നേട്ടമുണ്ടാകുന്ന തരത്തില്‍ റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി ഇളവുകള്‍ വരുത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുര്‍ ഖാര്‍ഗെ. ഇടപാടില്‍ ഗുരുതര അഴിമതി നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റാഫേല്‍ ഇടപാടില്‍ സര്‍ക്കാര്‍ ഉണ്ടെന്നു പറയുന്ന സി.എ.ജി റിപ്പോര്‍ട്ട് എവിടെയാണ്? നിയമവകുപ്പും ഡിഫന്‍സ് അക്വിസിഷന്‍ കമ്മിറ്റിയും ഇടപാടിനെ എതിര്‍ത്തിരുന്നു. ഇതെല്ലാം മറികടന്നാണ് ഉപകരാര്‍ റിലയന്‍സിന് മറിച്ചുനല്‍കിയത്. ഇടപാടിനെക്കുറിച്ചു കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചു. സര്‍ക്കാര്‍ തെറ്റായ സത്യവാങ്മൂലമാണ് സുപ്രിംകോടതിയില്‍ നല്‍കിയത്. അതുകൊണ്ടുതന്നെ ജെ.പി.സി അന്വേഷണത്തിലൂടെ മാത്രമേ സത്യാവസ്ഥ പുറത്തുവരികയുള്ളൂവെന്നും ഖാര്‍ഗെ പറഞ്ഞു. റാഫേല്‍ ഇടപാടില്‍ ജെ.പി.സി അന്വേഷണം നടത്താനുള്ള എല്ലാ സാധ്യതകളുമുണ്ടെന്നു ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച എന്‍.കെ പ്രേമചന്ദ്രന്‍, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരും പറഞ്ഞു.
അതേസമയം, റാഫേല്‍ ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും നേരിട്ട് ഉത്തരം നല്‍കാതെ പ്രത്യാരോപണങ്ങള്‍ നടത്തിയും മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയുമാണു പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ സംസാരിച്ചത്. ക്രമക്കേടുകളെക്കുറിച്ച് പ്രധാനമന്ത്രി സഭയില്‍ നേരിട്ടു മറുപടി പറയണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോഴാണ് നിര്‍മല സീതാരാമന്‍ മറുപടി നല്‍കിയത്. റാഫേല്‍ ബൊഫോഴ്‌സ് ഇടപാട് പോലെ ഒരു അഴിമതിയല്ല. ഇതു രാജ്യസുരക്ഷയെ കരുതിയുള്ള ഇടപാടാണ്. റാഫേല്‍ ഇടപാടിലെ സുതാര്യതയും കരുതലും മോദിയെ വീണ്ടും അധികാരത്തില്‍ എത്തിക്കുമെന്നും നിര്‍മല അവകാശപ്പെട്ടു. പ്രതിപക്ഷം പ്രധാനമന്ത്രിയെ കള്ളനെന്നു വിളിച്ചെന്നും താന്‍ കള്ളം പറഞ്ഞതായി ആരോപിച്ചെന്നും പറഞ്ഞ് അവര്‍ വികാരാധീനയാകുകയും ചെയ്തു.
പ്രതിപക്ഷം ആവര്‍ത്തിച്ചു വിശദീകരണം ആവശ്യപ്പെടുന്നതിനിടെ റാഫേല്‍ കേസിലെ സുപ്രിംകോടതി വിധിയിലെ ഭാഗങ്ങള്‍ ഉദ്ധരിച്ചു ന്യായീകരിക്കാനാണു മന്ത്രി ശ്രമിച്ചത്. പ്രതിപക്ഷം ആവശ്യപ്പെടുന്നതു പോലെ റാഫേല്‍ വിമാനങ്ങളുടെ വില വെളിപ്പെടുത്താനാകില്ലെന്നും അക്കാര്യം ഔദ്യോഗിക രഹസ്യ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും നിര്‍മല ആവര്‍ത്തിച്ചു. വിമാനങ്ങളുടെ വിലവിവരം സി.എ.ജിക്കു കൈമാറിയിട്ടുണ്ട്. സി.എ.ജി ഉന്നയിച്ച ചോദ്യങ്ങളില്‍ സര്‍ക്കാര്‍ മറുപടി തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."