ജൈവപച്ചക്കറി വിളയിച്ചെടുത്ത് അയല്‍കൂട്ടായ്മ
കൂടരഞ്ഞി: അയല്‍ക്കാര്‍ ഒത്തുചേര്‍ന്ന് വിത്തിട്ടപ്പോള്‍ വിളഞ്ഞത് സൗഹൃദത്തിന്റെ രുചിയുള്ള പച്ചക്കറികള്‍. കൂടരഞ്ഞി കരിങ്കുറ്റി മുണ്ടമലയിലെ ഏഴോളം വരുന്ന അയല്‍ക്കാരാണ് ഒരേക്കര്‍ സ്ഥലത്തു ജൈവപച്ചക്കറി കൃഷിയൊരുക്കിയത്. വിഷകീടനാശിനികളെ അകറ്റിനിര്‍ത്തി തികച്ചും ജൈവികമായി വിളയിച്ചെടുക്കുകയാണിവര്. തോട്ടത്തില്‍മ്യാലില്‍ അഗസ്റ്റിന് എന്ന കര്‍ഷകന്റെ കൃഷിയിടത്തിലാണു ജൈവപച്ചക്കറികള്‍ വിളയിച്ചത്. അഗസ്റ്റിനും ഭാര്യ ചിന്നമ്മയും അയല്‍ക്കാരായ പുരുഷന് വാഹാനിയില്‍, ചന്ദ്രന് കിഴക്കേ പുതിയിടത്തില്‍, വേലായുധന് മണക്കാട്ട്പറമ്പില്‍, സുനില്‍ കോട്ടൂര്‍, അനീഷ് എന്നിവരടങ്ങിയ ഏഴംഗ സംഘമാണ് ഇവിടെ പച്ചക്കറി കൃഷിയൊരുക്കിയത്.
പയര്‍, പാവല്‍, മുളക്, വെണ്ട, ചീര, വഴുതന, കാബേജ്, മത്തന്‍ തുടങ്ങിയവയാണ് ഈ ജൈവകൂട്ടായ്മ വിളയിച്ചെടുക്കുന്നത്. വിദേശത്തുനിന്ന് അവധിക്കു വന്ന സുനിലും പിന്നീട് ഇവര്‍ക്കൊപ്പം ചേര്‍ന്നു. അഗ്രോ സര്‍വിസ് സെന്ററിന്റെ കൂടരഞ്ഞിയിലെ തൈ ഉല്പാദന കേന്ദ്രത്തില്‍ നിന്നുള്ള തൈകളാണ് കൃഷി ചെയ്തത്. തടമെടുത്ത് അടിവളമായി ചാണകപ്പൊടി ഇട്ടാണ് തൈകള്‍ നട്ടത്. കൂട്ടായ്മയില്‍പെട്ടവര്‍ ക്ഷീരകര്ഷകരായതിനാല് ചാണകപ്പൊടി പുറത്തുനിന്ന് വാങ്ങേണ്ടി വന്നില്ല. പച്ചചാണകവും കടലപ്പിണ്ണാക്ക,് ശീമക്കൊന്നയില എന്നിവ നാലു ദിവസം ബാരലിലിട്ട് പുളിപ്പിച്ച് ഉണ്ടാക്കുന്ന സ്ലറിയാണ് ഇവിടുത്തെ പ്രധാന വളം. മൂന്നു ദിവസം കൂടുന്തോറും സ്ലറി നേര്‍പ്പിച്ച് തടത്തിലൊഴിക്കും.
പ്രധാനമായും അടുത്തുള്ള അങ്ങാടികളിലാണ് വിളയിച്ചെടുത്ത പച്ചക്കറിയുടെ വിപണനം. അതേസമയം പച്ചക്കറി വികസന പരിപാടിയില്‍ കൂടരഞ്ഞി കൃഷിഭവന് മുഖേന സഹായം ലഭിക്കുന്നത് ഇവര്‍ക്ക് പ്രോത്സാഹനമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."