നിങ്ങടെയല്ല, ഞങ്ങടെയല്ല നമ്മുടെതാണീ ഭൂമി
വിശ്വാസികളായ ഖബറാളികളെ! നിങ്ങളില്‍ അല്ലാഹുവിന്റെ രക്ഷ സദാ വര്‍ഷിക്കുമാറാകട്ടെ. അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം അടുത്തുതന്നെ ഞങ്ങളും നിങ്ങളോടൊപ്പം വന്നുചേരുന്നതാണ്. നമ്മള്‍ക്കും അഭയമുണ്ടാകട്ടെ!'' തോപ്പയില്‍ പള്ളി ഖബര്‍സ്ഥാനിലേക്ക് കടക്കുമ്പോള്‍ അവിടെ സ്ഥാപിച്ച ബോര്‍ഡിലെ വാചകങ്ങളാണിത്.
തൊട്ടപ്പുറത്തേക്കൊന്ന് കാലെടുത്ത് വച്ചാല്‍ ആകാശത്തേക്കുയര്‍ന്നു നില്‍ക്കുന്ന കുരിശുകളും കലാപരമായി പണിത ശവക്കല്ലറളകളുമായി ക്രിസ്ത്യന്‍ സെമിത്തേരിയിലെ കറുത്ത ബോര്‍ഡില്‍ ഇങ്ങനെ എഴുതി വച്ചിരിക്കുന്നു: 'കര്‍ത്താവില്‍ മരിക്കുന്ന മൃതന്‍മാര്‍ ഭാഗ്യവാന്‍മാര്‍; അതേ, അവര്‍ തങ്ങളുടെ പ്രയത്‌നങ്ങളില്‍ നിന്നു വിശ്രമിക്കേണ്ടതാകുന്നു'.
എട്ടോളം ക്രിസ്തീയ സഭകളുടെ സെമിത്തേരിക്ക് മുന്നിലൂടെ അല്‍പം ദൂരം സഞ്ചരിച്ചാല്‍ ഓടുമേഞ്ഞ പടിപ്പുരയ്ക്കപ്പുറം ഹിന്ദുമതവിശ്വാസികളെ ദഹിപ്പിക്കുന്ന ശ്മശാനം. അതിനോടനുബന്ധിച്ച് പണിത ചെറിയൊരു വിശ്രമ കേന്ദ്രത്തിന്റെ ചുവരില്‍ എഴുതി വച്ചിരിക്കുന്നത് ആശാന്റെ പ്രരോദനം എന്ന കവിതയിലെ വരികളാണ്: 'കഷ്ടം സ്ഥാനവലിപ്പമോ പ്രഭുതയോ സജ്ജാതിയോ വംശമോ, പുഷ്ടശ്രീതനുധാടിയോ ചെറുതുമിങ്ങോരില്ല ഘോരാനലന്‍, സ്പഷ്ടം മാനുഷ ഗര്‍വമൊക്കെയിവിടെപ്പുക്കസ്തമിക്കുന്നതിങ്ങിഷ്ടന്മാര്‍ പിരിയുന്നു ഹാ! ഇവിടമാണധ്യാത്മ വിദ്യാലയം.'
ശ്മശാനങ്ങളുടെ സൗഹൃദ ഭൂമി
കോഴിക്കോട് വെസ്റ്റ്ഹില്‍ ഭാഗത്ത് കരയോട് മല്ലടിക്കുന്ന അറബിക്കടലിന്റെ കിഴക്ക് ഭാഗത്താണ് പതിനൊന്ന് ഏക്കറിലധികം ഭൂമിയില്‍ ഈ ശ്മശാന ഭൂമി പരന്നുകിടക്കുന്നത്. തെക്ക് ഭാഗത്ത് മുസ്‌ലിംകളുടെ ഖബര്‍സ്ഥാന്‍. വടക്ക് ഭാഗത്ത് ഹിന്ദുക്കളുടെ ശ്മശാനം. ഇവയ്ക്ക് രണ്ടിനുമിടയില്‍ എട്ടോളം ക്രിസ്തീയ സഭകളുടെ സെമിത്തേരി. അവയ്ക്കിടയിലായി ബോറ മുസ്‌ലിം വിഭാഗത്തിന്റെയും അനാഥമായ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള പ്രത്യേക ശ്മശാന ഭൂമിയും.
കേരളത്തിലെ അപൂര്‍വ്വമായ ഒരു ശ്മശാന ഭൂമിയാണിത്. ഓരോ ശ്മശാന ഭൂമിക്കും ഉയരം കുറച്ച് ചെങ്കല്ലുകള്‍ കൊണ്ടാണ് അതിരിട്ടിരിക്കുന്നത്. മരിച്ചവരെ ചൊല്ലിയും ഖബറടക്കത്തെ ചൊല്ലിയും കേരളത്തില്‍ തര്‍ക്കം നടക്കുമ്പോഴാണ് ഇവിടം തര്‍ക്കങ്ങളേതുമില്ലാത്ത ഒരു ശ്മശാന സംഗമഭൂമി നിലകൊള്ളുന്നത്. അതെ, മരിച്ചു കഴിഞ്ഞാലും ഇവിടെ പൂവിടുന്നത് നിതാന്ത സൗഹൃദം തന്നെയാണ്.
ആരായിരിക്കും ഇത്രയും ദീര്‍ഘവീക്ഷണത്തോടെ എല്ലാ ശ്മശാനങ്ങള്‍ക്കും കൂടി ഒരു പൊതുഭൂമി ഒരുക്കിയിട്ടുണ്ടാവുക? ഏകാന്തത നിറഞ്ഞു കിടക്കുന്ന ശ്മശാനത്തിന്റെ ഓരത്തുകൂടി നടന്നുപോകുമ്പോള്‍ ആര്‍ക്കും ഉണ്ടാകുന്ന സംശയമാണിത്. അതുകൊണ്ടായിരിക്കാം പണ്ട് ബ്രിട്ടീഷുകാരുടെ കാലത്ത് ഇവിടേക്കുള്ള വഴിയെ അവരുടെ ഔദ്യോഗിക രേഖകളില്‍ ബി.ജി റോഡ് (ബെറിയല്‍ ഗ്രൗണ്ട് ശ്മശാനം) എന്ന് രേഖപ്പെടുത്തിയത്.
ശഹീദ് കുഞ്ഞിമരക്കാര്‍ മുതല്‍
കാടുമൂടിക്കിടക്കുന്ന ഖബര്‍സ്ഥാനിലേക്ക് നോക്കിയാല്‍ ആഢംബരങ്ങളേതുമില്ലാതെ മണ്ണിലേക്ക് ആഴ്ന്നിറങ്ങിയ മീസാന്‍ കല്ലുകള്‍ കാണാം. ചില കല്ലുകള്‍ പള്ളിയുടെ കുബ്ബപോലെ, മറ്റുചിലത് ചതുരാകൃതിയില്‍, കരിങ്കല്ലില്‍ ചന്ദ്രക്കലയ്ക്ക് മുകളില്‍ 786 എന്ന് കൊത്തിവച്ച മീസാന്‍കല്ലുകള്‍. ചിലതിന് മുകളില്‍ അതിനടിയില്‍ അന്ത്യവിശ്രമം കൊള്ളുന്നവരുടെ പേരും വിലാസവും, മരണ ദിവസവും രേഖപ്പെടുത്തിയിട്ടുണ്ട്. ചിലതില്‍ അവയെല്ലാം മാഞ്ഞുപോയിരിക്കുന്നു. പള്ളിയോട് ചേര്‍ന്ന് നാലോളം മഖ്ബറകള്‍ ഉയര്‍ത്തിക്കെട്ടിയിട്ടുണ്ട്. കരിങ്കല്ലിന്റെ മീസാന്‍കല്ലിന് മുകളില്‍ അവ്യക്തമായ പദങ്ങള്‍കൊണ്ട് ആ ഖബറിലെ അന്ത്യവിശ്രമം കൊള്ളുന്ന മഹാന്‍മാരുടെ പേര് കൊത്തിവച്ചിട്ടുണ്ട്. പണ്ട് കേരളത്തില്‍ ഇസ്‌ലാം മതത്തിന്റെ വ്യാപനത്തിന് കടല്‍ മാര്‍ഗമെത്തിയ മഹാന്‍മാരാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ മഖ്ബറയില്‍ ഒന്ന് മാത്രമേ ഇപ്പോഴും തിരിച്ചറിഞ്ഞിട്ടുള്ളൂ. ലക്ഷദ്വീപില്‍ നിന്നെത്തിയ സയ്യിദ് അഹമ്മദ് ശരീഫ് തങ്ങളുടേതാണ് ഈ ഖബ്ര്‍. പള്ളിയുടെ തെക്ക് ഭാഗത്തായിട്ടാണ് ഈ ഖബ്ര്‍ സ്ഥിതി ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടം ചെറിയൊരു സ്രാമ്പ്യ (നിസ്‌കാരപള്ളി) മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിനു ചുറ്റിലുമാണ് നാല് ഏക്കറോളം പരന്നുകിടക്കുന്ന തോപ്പയില്‍ ഖബര്‍സ്ഥാന്‍ സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടോളം പഴക്കമുള്ള ആ സ്രാമ്പ്യ പുതുക്കിപ്പണിതത് 1990 കളിലാണ്. പള്ളിക്ക് സൗകര്യമില്ലാത്ത സമയത്ത് കടപ്പുറത്ത് നിന്നു പൂഴി കൊണ്ടുവന്ന് മെഴുകി ചെരു ഉണ്ടാക്കി അവിടെയും നിസ്‌കരിക്കാനുള്ള സൗകര്യമുണ്ടാക്കിയിരുന്നു. പിന്നീട് കാലാന്തരത്തില്‍ പള്ളിക്ക് മാറ്റങ്ങള്‍ വരുത്തി.
രേഖകള്‍ പ്രകാരം 53 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഔദ്യോഗികമായി ഇവിടെ കമ്മിറ്റി നിലവില്‍ വന്നത്. 1966 ല്‍ നൂറുല്‍ ഹുദാ മദ്‌റസ നടത്തിപ്പിന് വേണ്ടിയാണ് ശറഫുല്‍ ഇസ്‌ലാം സംഘം സ്ഥാപിച്ചത്. ഈ കമ്മിറ്റിയാണ് പള്ളിയുടേയും ഖബര്‍സ്ഥാന്റെയും നടത്തിപ്പ് ചുമതല ഇപ്പോള്‍ നിര്‍വഹിക്കുന്നത്. ദീര്‍ഘകാലം പള്ളിയുടെയും ഖബര്‍സ്ഥാന്റെയും നടത്തിപ്പുചുമതല നിര്‍വഹിച്ചിരുന്നത് കുഞ്ഞിപ്പാണപ്പറമ്പില്‍ ഹുസൈന്റെ നേതൃത്വത്തിലായിരുന്നു. ഇപ്പോള്‍ പ്രദേശത്തുകാരായ എന്‍.പി നൗഷാദ് പ്രസിഡന്റും എന്‍.പി നിസാര്‍ സെക്രട്ടറിയുമായ കമ്മിറ്റിയുടെ കീഴിലാണ് ഖബര്‍സ്ഥാനും പള്ളിയുടെയും നടത്തിപ്പ് നിര്‍വഹിക്കുന്നത്. നിലവില്‍ തോപ്പയില്‍ മഹല്ലിന് കീഴില്‍ 700 ഓളം കുടുംബങ്ങളാണുള്ളത്. ഇവ കൂടാതെ മഹല്ലിന് ചുറ്റുമുള്ള 14 ഓളം പള്ളികളിലെയും മഹല്ലുകളിലെയും മയ്യിത്തുകളും ഇവിടെ തന്നെയാണ് ഖബറടക്കുന്നത്. എരഞ്ഞിപ്പാലം, ഈസ്റ്റ്ഹില്‍, നടക്കാവ്, വെള്ളയില്‍, മൂന്നാലിങ്കല്‍, ഗാന്ധിറോഡ് തുടങ്ങിയ പ്രദേശങ്ങളിലെ മയ്യിത്തുകളും ഇവിടെയാണ് അടക്കം ചെയ്യുന്നത്.
പള്ളിക്ക് മുന്‍വശത്തായി ഓടുമേഞ്ഞ മഖ്ബറയും സ്ഥിതി ചെയ്യുന്നുണ്ട്. ബ്രിട്ടീഷ് പട്ടാളത്തോട് കടലില്‍ നിന്നു യുദ്ധം ചെയ്ത് ശഹീദായ കുഞ്ഞിമരക്കാര്‍ ശഹീദിന്റെ മഖ്ബറയാണിത്. എല്ലാ വര്‍ഷവും ആണ്ടു നേര്‍ച്ച നടത്താറുള്ള മഖ്ബറയുടെ നടത്തിപ്പ് നിര്‍വഹിക്കുന്നത് പ്രദേശത്തെ ഒരു കുടുംബമാണ്.
എട്ട് സഭകളുടെ സെമിത്തേരി
മാര്‍ബിള്‍ പാകിയ കല്ലറകള്‍, ചിലത് മണ്‍കൂന തീര്‍ത്ത് അവയ്ക്ക് മുകളില്‍ കോണ്‍ക്രീറ്റ് കുരിശുകളും മരക്കുരിശുകളും മണ്ണിലേക്ക് ആഴ്ത്തിയിറക്കിയ ശവക്കല്ലറകള്‍. മുകളില്‍ വലിയ അക്ഷരത്തില്‍ കൊത്തിവച്ച, അടക്കം ചെയ്തവരുടെ മുഴുവന്‍ പേരും കുടുംബപേരും ജനന മരണവര്‍ഷവും. ചില കല്ലറകള്‍ക്ക് മുകളില്‍ വലിയഫ്രെയിമുകളിലായി ഫോട്ടോ അപൂര്‍വ്വമായി കാണാം. ഓര്‍മ ദിവസങ്ങളില്‍ കുടുംബാംഗങ്ങള്‍ അര്‍പ്പിച്ച് വെയിലേറ്റ് വാടിയ പൂവുകള്‍ ശേഷിപ്പുപോലെ കല്ലറയ്ക്ക് മുകളില്‍ അവശേഷിക്കുന്നു. ചിലതിന് മുകളില്‍ കത്തിത്തീരാത്ത മെഴുകുതിരികളും...
ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്ക് ഇവിടെ എട്ട് സഭകളുടെ സെമിത്തേരിയുണ്ട്. ഇതില്‍ ഏറ്റവും വലുത് റോമന്‍ കത്തോലിക്കക്കാരുടേതാണ്. മാര്‍ബിള്‍ പാകിയ കല്ലറകള്‍ അപൂര്‍വമായി മാത്രം കാണുന്ന സെമിത്തേരിയാണിത്. ആദ്യകാലത്ത് മാര്‍ബിള്‍കല്ലറകള്‍ പണിയുന്നതിന് 20 വര്‍ഷത്തേക്കായിരുന്നു കുടുംബങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നത്. പിന്നീട് സ്ഥലപരിമിതി കാരണം അര്‍ധകല്ലറകള്‍ സ്ഥാപിക്കാനും പിന്നീട് കോണ്‍ക്രീറ്റ് കുരിശ് സ്ഥാപിക്കാനും ഇപ്പോള്‍ മരക്കുരിശുകള്‍ സ്ഥാപിക്കാനുമാണ് അനുമതി നല്‍കുന്നത്. മരക്കുരിശുകളുടെ കാലാവധി അഞ്ച് വര്‍ഷത്തേക്ക് ചുരുക്കിയതും അടുത്ത കാലത്താണ്.
കോഴിക്കോട് രൂപത ദേവമാതാ കത്തീഡ്രലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെമിത്തേരിയില്‍ റോമന്‍ കത്തോലിക്കക്കാരുടെ മലങ്കര, ലാറ്റിന്‍, സിറിയന്‍ വിഭാഗങ്ങളുടെ മൃതദേഹങ്ങളാണ് ഇവിടം അടക്കം ചെയ്യുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സെമിത്തേരിയില്‍ 1849 ലാണ് മൃതദേഹം അടക്കം ചെയ്തതെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകളില്‍ കാണാം. എന്നാല്‍ 1800 കള്‍ക്ക് മുന്‍പെ തന്നെ ഇവിടെ മൃതദേഹം അടക്കം ചെയ്തതായി മറ്റു ചില തെളിവുകള്‍ സൂചിപ്പിക്കുന്നുണ്ട്. ബ്രിട്ടീഷുകാരുടെ കാലം മുതല്‍ സെമിത്തേരി നടത്തിയത് കോഴിക്കോട് രൂപത ചുമതലപ്പെടുത്തിയ ഔസേപ്പ് ആയിരുന്നു. ഇതിനു ശേഷം ഔസേപ്പിന്റെ മകളുടെ ഭര്‍ത്താവ് സി. ജോര്‍ജ്ജിനായിരുന്നു നടത്തിപ്പു ചുമതല. ജോര്‍ജ്ജിന്റെ ശേഷം മക്കളാണ് സെമിത്തേരിയുടെ കാവല്‍ക്കാരായത്. നിലവില്‍ ജോര്‍ജ്ജിന്റെ ഇളയമകന്‍ സി.കെ ജെയിംസ് ജോര്‍ജ്ജ് എന്ന ഉണ്ണിയാണ് സെമിത്തേരിയുടെ നടത്തിപ്പ് നിര്‍വഹിക്കുന്നത്.
റോമന്‍ കത്തോലിക്കക്കാരുടെ സെമിത്തേരിക്ക് പുറമെ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സെമിത്തേരി, സെന്റ് പോള്‍സ് മാര്‍ത്തോമ്മാപള്ളി സെമിത്തേരി, കോഴിക്കോട് ബ്രെതേറന്‍ അസംബ്ലി സെമിത്തേരി, ചര്‍ച്ച് ഓഫ് സൗത്ത് മലബാര്‍ ഇടവക സെമിത്തേരി, പെന്തക്കോസ്ത് മിഷന്‍, യാക്കോബായ സഭ എന്നിവരുടെയും സെമിത്തേരികളാണ് ഇവിടെയുള്ളത്. അതാത് ഇടവകകളിലെയും പള്ളികളിലെയും കത്ത് ലഭിച്ച ശേഷമാണ് സെമിത്തേരിയില്‍ ഖബര്‍ കുഴിക്കാന്‍ ആരംഭിക്കുക. എല്ലാ സെമിത്തേരിയിലും ചെറിയൊരു കെട്ടിടവും സ്ഥിതി ചെയ്യുന്നുണ്ട്. വീട്ടിലെ ശുശ്രൂഷകള്‍ കഴിഞ്ഞ് അടക്കം ചെയ്യുന്നതിന് മുന്‍പുള്ള ക്രിയകള്‍ ഇവിടെ നിന്നാണ് ചെയ്യുക.
ദഹിപ്പിക്കാനുള്ള ഇടവും
നീണ്ടു പരന്നു കിടക്കുന്ന ശ്മശാനങ്ങളുടെ വടക്കേയറ്റത്താണ് ഹിന്ദുക്കളെ ദഹിപ്പിക്കുന്ന കോഴിക്കോട് കോര്‍പ്പറേഷന്റെ പൊതു ശ്മശാനം സ്ഥിതി ചെയ്യുന്നത്. ആനപ്പന്തി പൊതു ശ്മശാനം എന്നാണ് ശ്മശാനത്തിന്റെ പേര്.
'പണ്ട് അന്‍പത് പൈസക്കായിരുന്നു ശ്മശാനത്തിലെ ജോലിയെടുത്തിരുന്നത്. കടപ്പുറത്ത് നിന്നും ചെളിവാരുന്ന ജോലിയായിരുന്നു. മൃതദേഹം ദഹിപ്പിക്കുന്നതിന് മുന്‍പ് ചെളിയെടുത്ത് കൈകൊണ്ട് മെഴുകണം. ഒരു മൃതദേഹം കത്തിതീരാന്‍ അഞ്ച് മണിക്കൂറെടുക്കും. രാത്രിയിലാണ് ദഹിപ്പിക്കുന്നതെങ്കില്‍ അന്നത്തെ അന്തിയുറക്കം ഇവിടെ തന്നെയായിരിക്കും. പുലര്‍ച്ചെയായാല്‍ ചിതാഭസ്മത്തിനായും ആളുകളെത്തും. പിന്നെ അതിനു ശേഷമായിരിക്കും വീട്ടിലേക്കുള്ള മടക്കം'- വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ശ്മശാനത്തിലെ ജോലിക്കാരനായെത്തിയ ബാപ്പുട്ടിയുടെ വാക്കുകളാണിത്. ഇന്ന് ബാപ്പുട്ടിക്ക് പുറമെ സുരേഷ് ബാബു, രാജീവ്, അജിത്കുമാര്‍, സുനില്‍കുമാര്‍, ഷാജി, ബാബു എന്നിവരടക്കം ഏഴ് പേരാണ് ഇവിടുത്തെ ജോലി ചെയ്യുന്നത്.
'വെള്ളയില്‍ പ്രദേശത്ത് നിന്ന് തിരിച്ചറിയാത്ത ഒരു മൃതദേഹം അധികൃതര്‍ ആംബുലന്‍സില്‍ കൊണ്ടുവന്നു. ഞങ്ങള്‍ കോര്‍പ്പറേഷന്റെ പൊതുശ്മശാനത്തില്‍ അത് അടക്കം ചെയ്തു. ആഴ്ചകള്‍ക്ക് ശേഷം ആ മൃതദേഹം തിരിച്ചറിഞ്ഞ് ബന്ധുക്കളെത്തി. അതൊരു മുസ്‌ലിം സഹോദരന്റെതായിരുന്നു. അധികൃതരുടെ സമ്മത പ്രകാരം ഞങ്ങള്‍ ആ സ്ഥലത്തെ മണ്ണുമാറ്റി മൃതദേഹം പുറത്തെടുത്തു. ബന്ധുക്കളുടെ സഹായത്തോടെ അത് തോപ്പയില്‍ പള്ളി ഖബര്‍സ്ഥാനില്‍ അടക്കം ചെയ്തു'. കോഴിക്കോട് കോര്‍പ്പറേഷന്റെ മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്ന പൊതുശ്മശാനത്തിലും ബാപ്പുട്ടിയും സംഘവുമാണ് കുഴിയെടുക്കുന്നത്. ഏകദേശം 80 സെന്റ് സ്ഥലത്താണ് കോര്‍പ്പറേഷന്റെ പൊതു ശ്മശാനം നിലകൊള്ളുന്നത്. കാടുമൂടിയ ശ്മശാനത്തിന്റെ നാലു ഭാഗത്തും ഉയര്‍ത്തിക്കെട്ടിയ മതില്‍കെട്ടുകളുണ്ട്. മൃതദേഹം ദഹിപ്പിക്കുന്ന ശ്മശാനത്തിലേക്കുള്ള പ്രവേശന കവാടത്തിന് സമീപാണ് ഇതിന്റെയും പ്രവേശന കവാടം സ്ഥിതി ചെയ്യുന്നത്. മരണശേഷം ദഹിപ്പിക്കേണ്ടെന്ന് ഔസ്യത്ത് ചെയ്തവരുടേതും, പിഞ്ചു കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളുമാണ് ഇവിടെ അടക്കം ചെയ്യാറുള്ളത്.
ഇവയ്ക്ക് പുറമെ തീര്‍ത്തും ദുരൂഹമായ മരണങ്ങള്‍ സംഭവിച്ച മൃതദേഹങ്ങളാണ് ഇവിടെ അടക്കം ചെയ്തിട്ടുള്ളവയില്‍ ഭൂരിഭാഗവും. ട്രെയിന്‍ തട്ടി മരിച്ചത്, തിരിച്ചറിയാതെ കാലങ്ങളോളം ആശുപത്രികളുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചവ, അനാഥമായി റോഡരികില്‍ കണ്ടെത്തിയവ, മതമേതെന്ന് തിരിച്ചറിയാത്തവരുടേത്, കടലില്‍ നിന്ന് ഒഴുകിയെത്തിയ മനുഷ്യശരീരത്തിന്റെ ഭാഗങ്ങള്‍... ഇവയെല്ലാം പൊതുശ്മശാനത്തിലാണ് അടക്കം ചെയ്തിട്ടുള്ളത്. കൂടാതെ റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ട നിയമപരമായി തടസങ്ങളുള്ള മൃതദേഹങ്ങളും ഇവിടെയാണ് അടക്കം ചെയ്യാറ്. ഏറ്റവും അവസാനമായി നിലമ്പൂര്‍ കരുളായി വനത്തില്‍ സായുധസേനയുടെ വെടിയേറ്റ് മരിച്ച അജിതയുടെ മൃതദേഹവും കോര്‍പ്പറേഷന്റെ പൊതുശ്മശാനത്തിലാണ് അടക്കം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."