അയ്യപ്പന്മാരുടെ വാഹനം അപകടത്തില്‍പെട്ടു; ചായയും ചോറും വിളമ്പി മദ്‌റസാ വിദ്യാര്‍ത്ഥികള്‍
ജംഷീര്‍ പള്ളിക്കുളം#
പാലക്കാട്: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കര്‍മസമിതിപ്രവര്‍ത്തകര്‍ നടത്തിയ ഹര്‍ത്താലില്‍ വാഹനാപകടത്തില്‍പെട്ട അയ്യപ്പന്‍മാര്‍ക്കു തുണയായത് കുഴല്‍മന്ദം ചരപ്പറമ്പ് ദാറുറഹ്മ യതീംഖാന വിദ്യാര്‍ഥികളും ഉസ്താദുമാരും.
ചരപ്പറമ്പ് ദാറുറഹ്മ യതീംഖാനക്കു സമീപം തെലങ്കാനയില്‍നിന്നെത്തിയ അയ്യപ്പന്മാര്‍ സഞ്ചരിച്ച വാഹനമാണ് കഴിഞ്ഞ ദിവസം രാവിലെ അഞ്ചുമണിയോടെ അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട വാഹനം നെല്‍പാടത്തേക്ക് മറിയുകയായിരുന്നു. നിസ്സാര പരിക്കുകളോടെ അവര്‍ രക്ഷപ്പെട്ടു. നടന്നു പോകുകയായിരുന്ന പ്രദേശവാസികളായ നാല് അയ്യപ്പന്മാരെ ഇടിച്ചതിനു ശേഷമാണ് വാഹനം മറിഞ്ഞത്. പള്ളിയിലേക്ക് പ്രഭാത നിസ്‌കാരത്തിനു വന്നവരും പള്ളിയിലെ ഉസ്താദുമാരും യതീംഖാന വിദ്യാര്‍ഥികളും ചേര്‍ന്നാണ് അപകടത്തില്‍പെട്ട അയ്യപ്പഭക്തരെ രക്ഷപ്പെടുത്തിയത്.
തുടര്‍ന്ന് കുട്ടികളുള്‍പ്പെടെയുള്ള അയ്യപ്പസംഘത്തെ പള്ളിയില്‍ താമസിപ്പിച്ചു. കുളിക്കാനും മറ്റുമുള്ള സൗകര്യങ്ങളും പ്രഭാതഭക്ഷണവും തീര്‍ഥാടക സംഘത്തിനു പള്ളിയില്‍തന്നെ ഒരുക്കി. കുഴല്‍മന്ദം എസ്.ഐ അനൂപിന്റെ നേതൃത്വത്തില്‍ പൊലിസ് അയ്യപ്പന്മാരെ സന്ദര്‍ശിച്ചു. പള്ളിയിലുള്ളവര്‍ തക്കസമയത്ത് ഇടപെട്ടതും അയ്യപ്പന്‍മാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിയതും രാജ്യത്തിനു മാതൃകയാണെന്ന് എസ്.ഐ അനൂപ് പറഞ്ഞു.
ഹൈദരാബാദില്‍നിന്ന് ആദ്യമായി കേരളത്തിലെത്തിയതായിരുന്നു അയ്യപ്പ ഭക്തര്‍. മുസ്‌ലിം പള്ളിയില്‍ താമസിക്കാന്‍ കഴിഞ്ഞതും അവിടത്തെ ആതിഥ്യം ലഭിച്ചതും അപൂര്‍വ അനുഭവമാണെന്നും സ്വന്തം നാട്ടില്‍ ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു.
അയ്യപ്പസ്വാമിയും വാവരും തമ്മിലുള്ള സ്‌നേഹത്തിന്റെ സന്ദേശം ഊട്ടിയുറപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണിവിടെനിന്നു തങ്ങള്‍ക്കു ലഭിച്ചതെന്നും അയ്യപ്പന്‍മാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."