ഷിനൂപിന്റെ മരണം: മുഴുവന്‍ പ്രതികളും റിമാന്‍ഡില്‍
മേപ്പയൂര്‍: കീഴ്പയ്യൂര്‍ പുറക്കാമീത്തല്‍ ഷിനൂപിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെകൂടി പൊലിസ് അറസ്റ്റ് ചെയ്തു. കീഴ്പയ്യൂര്‍ സ്വദേശി ഈന്ത്യാട്ട് മഹേഷ്, മുഴിപ്പോത്ത് കണ്ടീതാഴ സ്വദേശി പാറപ്പറമ്പില്‍ അനീഷ് എന്നിവരെയാണ് പയ്യോളി സി.ഐ ദിനേശന്‍ കോറോത്തിന്റെ നിര്‍ദേശ പ്രകാരം മേപ്പയ്യൂര്‍ എസ്.ഐ പി.കെ ജിതേഷ്, സി.പി.ഒമാരായ സുബ്രഹ്മണ്യം, സി.എം സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. പ്രതികളെ പയ്യോളി മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
മേപ്പയ്യൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവറായ ഷിനൂപിനെ കീഴ്പയ്യൂരിലെ ഉത്സവപറമ്പില്‍വച്ച് ഷിനൂപിന്റെ സുഹൃത്തുകള്‍ കൂടിയായ പ്രതികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചിരുന്നു. പിന്നീട് ആത്മഹത്യക്ക് ശ്രമിച്ച ഷിനൂപ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. ഇതു സംബന്ധിച്ച് പിതാവ് മേപ്പയ്യൂര്‍ പൊലിസില്‍ പരാതി നല്‍കിയെങ്കിലും ഗൗരവമായി അന്വേഷിക്കാന്‍ പൊലിസ് തയാറായില്ലെന്ന് ബന്ധുക്കളും നാട്ടുകാരും ഓട്ടോ തൊഴിലാളികളും ആക്ഷേപം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍,സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഷിനൂപിന്റെ വീട് സന്ദര്‍ശിക്കുകയും മരണത്തിനുത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി നാലു പേരെ പ്രതിചേര്‍ത്ത് മേപ്പയ്യൂര്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ശക്തിപ്പെടുത്തുന്നതിനായി പയ്യോളി സി.ഐയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം സംഘം രൂപീകരിക്കുകയും ചെയ്തു. പ്രതിപട്ടികയിലുള്‍പ്പെട്ട പാറപ്പറമ്പില്‍ ചിത്രേഷ്, കല്‍പത്തൂര്‍കണ്ടി നിജീഷ് എന്നിവര്‍ നേരെത്തെ അറസ്റ്റിലായിട്ടുണ്ട്. ഇതോടെ കേസിലുള്‍പ്പെട്ട മുഴുവന്‍ പ്രതികളും റിമാന്‍ഡിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."