യുവതീ പ്രവേശനത്തില്‍ നിലപാടില്ലാതെ ബി.ജെ.പി നേതാക്കള്‍, ഞങ്ങളീ അക്രമം നടത്തിയത് എന്തിനെന്ന് അണികള്‍
തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് രാജ്യസഭാംഗം വി. മുരളീധരന്റെ പരസ്യപ്രസ്താവനയില്‍ ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ ഭിന്നത. യുവതീപ്രവേശനത്തെ അനുകൂലിച്ച വി. മുരളീധരനെതിരേ പാര്‍ട്ടിയിലെ ഒരുവിഭാഗം രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. യുവതീപ്രവേശന വിഷയത്തില്‍ നേതാക്കള്‍ തോന്നിയ പോലെ നിലപാട് മാറ്റുന്നതാണ് കടുത്ത വിമര്‍ശനത്തിനിടയാക്കിയത്.
പാര്‍ട്ടി സീറ്റില്‍ പാര്‍ലമെന്റിലെത്തിയ മുരളീധരന്‍ പാര്‍ട്ടിവിരുദ്ധ നിലപാടാണ് പ്രചരിപ്പിക്കുന്നതെന്നാണ് പുതിയ വിവാദം. വിശ്വാസികളായ യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശനമാകാമെന്ന് കഴിഞ്ഞ ദിവസം മുരളീധരന്‍ ഒരു സ്വകാര്യചാനലില്‍ പറഞ്ഞിരുന്നു. ശബരിമലയില്‍ യുവതീപ്രവേശനത്തിന് താന്‍ എതിരല്ല. വിശ്വാസി എന്ന നിലയില്‍ ശബരിമലയില്‍ ഒരു സ്ത്രീ പ്രവേശിക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതില്‍ യാതൊരുവിധ പ്രശ്‌നവുമില്ലെന്നും മുരളീധരന്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ നിലപാടിനെതിരായ ഈ പ്രസ്താവനയാണ് നേതൃത്വത്തിനിടയില്‍ വിള്ളലുണ്ടാക്കിയത്.
ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരേ ബി.ജെ.പി ശക്തമായ സമരം നയിക്കുമ്പോഴാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ദേശീയ ചാനലില്‍ ഈ പ്രസ്താവന നടത്തിയത്. കേരളത്തില്‍ യുവതീപ്രവേശനത്തെ എതിര്‍ത്തിരുന്ന നേതാവ് ഡല്‍ഹിയിലെത്തിയതോടെ നിലപാട് മാറ്റിയതാണ് അണികള്‍ക്കിടയില്‍ രൂക്ഷവിമര്‍ശത്തിനിടയാക്കിയത്. പാര്‍ട്ടിയെ ധിക്കരിച്ചുകൊണ്ടുള്ള മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരേ കൃഷ്ണദാസ് പക്ഷവും രംഗത്തെത്തിയിട്ടുണ്ട്.
തുടര്‍ച്ചയായി നേതാക്കള്‍ നിലപാട് മാറ്റുന്നതില്‍ അണികള്‍ക്കിടയിലും അമര്‍ഷമുണ്ട്. ശബരിമല സമരം സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരേ അല്ലെന്നും കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരേയുള്ള സമരമാണെന്നും നേരത്തേ ശ്രീധരന്‍ പിള്ള പരസ്യമായി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രനും ശ്രീധരന്‍ പിള്ളയുടെ വാക്കുകള്‍ ആവര്‍ത്തിച്ചു.
സമരം സ്ത്രീപ്രവേശനത്തിന് എതിരല്ലെന്നും എന്നാല്‍ സ്ത്രീപ്രവേശനം അനുവദിക്കാന്‍ ആകില്ലെന്നുമാണ് അന്ന് ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കിയത്.
ശബരിമല വിധി വന്നപ്പോള്‍ സ്വാഗതം ചെയ്ത പാര്‍ട്ടി പിന്നീടാണ് രാഷ്ട്രീയ മുതലെടുപ്പിനായി യുവതീപ്രവേശനത്തെ എതിര്‍ത്തത്. ഇപ്പോഴും ദേശീയ നേതൃത്വത്തില്‍ യുവതീപ്രവേശനത്തെ അനുകൂലിക്കുന്നവരുണ്ട്. ഇതിന് വിഭിന്നമായാണ് കേരളത്തില്‍ യുവതീപ്രവേശനത്തെ എതിര്‍ത്ത് ബി.ജെ.പി സമരം ചെയ്യുന്നത്. കേരളത്തില്‍ വേരുറപ്പിക്കാന്‍ കിട്ടിയ അവസരം പ്രയോജനപ്പെടുത്താനായി സമരം ചെയ്യുന്നതിനിടയില്‍ നേതാക്കള്‍ നിലപാടുകളില്‍ തരാതരം മാറ്റിപ്പറയുന്നതാണ് അണികളെ അസ്വസ്ഥരാക്കുന്നത്.
യുവതീപ്രവേശനമാകാമെന്ന് നേതാക്കള്‍ നിലപാട് മാറ്റുമ്പോള്‍ പിന്നെന്തിനാണ് സമരമെന്ന ചോദ്യമാണ് അണികള്‍ ചോദിക്കുന്നത്.
പ്രസ്താവന വിവാദമായതോടെ ശബരിമലയില്‍ യുവതീപ്രവേശനമാകാമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും പറഞ്ഞു മുരളീധരനും രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."