അക്രമികളെ നിലക്കുനിര്‍ത്തണം: പത്രപ്രവര്‍ത്തക യൂനിയന്‍
കാസര്‍കോട്: മാധ്യമ പ്രവര്‍ത്തകര്‍ നിരന്തരം ആക്രമിക്കപ്പെടുന്നതു തടയാന്‍ ബന്ധപ്പെട്ടവര്‍ ഉടന്‍ ഇടപെടണമെന്ന് കേരള പത്ര പ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അക്രമമുണ്ടായതിനു പുറകേ വ്യാഴാഴ്ച കാസര്‍കോട്ട് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന ഫോട്ടോഗ്രഫര്‍മാരെയും കാമറാമാന്മാരെയും കൈയേറാന്‍ ശ്രമിച്ചു. ദേശാഭിമാനി ഫോട്ടോഗ്രഫര്‍ സുരേന്ദ്രന് മടിക്കൈ, മലയാള മനോരമ ഫോട്ടോഗ്രഫര്‍ രാഹുല്‍ ആര്. പട്ടം, ഏഷ്യാനെറ്റ് ന്യൂസ് കാമറാമാന് കെ. സുനില്‍കുമാര്‍ എന്നിവര്‍ക്കെതിരേയായിരുന്നു കൈയേറ്റ ശ്രമം. ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടഞ്ഞ അക്രമികള്‍ മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയുംചെയ്തു.
കാസര്‍കോട് പൊലിസ് സ്റ്റേഷനുസമീപത്തായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് കാമറാമാന് കെ. സുനില്‍കുമാറിനു നേരെയുണ്ടായ കൈയേറ്റ ശ്രമം. ചേറ്റുകുണ്ടില്‍ അക്രമിക്കപ്പെട്ട മനോരമ ന്യൂസിലെ എം.ബി ശരത്ചന്ദ്രനും ടി. ആര് ഷാനും 24 ന്യൂസിലെ ജി.എന്‍.എഫ് രഞ്ജുവും ആശുപത്രിയിലാണ്.
മാധ്യമപ്രവര്‍ത്തകരെ അക്രമിക്കുന്നവരെ നിലയ്ക്കുനിര്‍ത്താന്‍ ബന്ധപ്പെട്ട നേതൃത്വങ്ങള്‍ ഇടപെടണം. അക്രമം തുടരുമ്പോള്‍ കര്‍ശനമായ നിലപാട് സ്വീകരിക്കാന്‍ പത്രപ്രവര്‍ത്തക യൂനിയന്‍ നിര്‍ബന്ധിക്കപ്പെടുമെന്നും കെ.യു.ഡബ്ല്യു.ജെ ജില്ലാ പ്രസിഡന്റ് ടി.എ ഷാഫിയും സെക്രട്ടറി ഒ.വി സുരേഷും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."