കാട്ടുതീ: വയനാട് വന്യജീവി സങ്കേതത്തില്‍ സന്ദര്‍ശക വിലക്ക്
സുല്‍ത്താന്‍ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിന് കീഴിലെ മുത്തങ്ങ, തോല്‍പ്പെട്ടി ഇക്കോ ടൂറിസം സെന്ററുകളിലേക്കുള്ള സന്ദര്‍ശകരുടെ പ്രവേശനം നിരോധിച്ചു. മാര്‍ച്ച് 31 വരെയാണ് താല്‍ക്കാലിക നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആന്‍ഡ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവനുസരിച്ചാണ് നടപടി.
കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തില്‍ ദിവസങ്ങളായി തുടരുന്ന അനിയന്ത്രിതമായ കാട്ടുതീ കേരള വനാതിര്‍ത്തി വരെ എത്തുകയും വന്യജീവികള്‍ കൂട്ടത്തോടെ ബന്ദിപൂര്‍ വനമേഖലയില്‍ നിന്ന് വയനാട് വന്യജീവി സങ്കേതത്തിലേക്ക് പലായനം ചെയ്യുന്ന സാഹചര്യത്തിലുമാണ് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചിടുന്നത്. കടുത്ത വേനലിലും രൂക്ഷമായ വരള്‍ച്ചയിലും വയനാട് വന്യജീവി സങ്കേതം കാട്ടുതീയുടെ ഭീഷണിയിലാണ്. വന്യജീവി സങ്കേതത്തില്‍ തീറ്റയും വെള്ളവും കുറഞ്ഞ സാഹചര്യത്തില്‍ വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് കടന്നു വരാനുള്ള സാധ്യതയും കൂടുതലാണ്. ഈ സാഹചര്യത്തില്‍ ഇക്കോ ടൂറിസം സെന്ററിലേക്കുള്ള സന്ദര്‍ശകരുടെ വരവ് വന്യജീവികള്‍ക്ക് അലോസരം സൃഷ്ടിക്കുകയും സന്ദര്‍ശകരുടെ സുരക്ഷിതത്വത്തിന് തന്നെ ഭീഷണിയാവുകയും ചെയ്യും. സന്ദര്‍ശകരുടെ സാന്നിധ്യവും വാഹനങ്ങളും കാട്ടുതീയുടെ സാധ്യത വര്‍ധിപ്പിക്കാനിടയുണ്ടെന്ന സാഹചര്യവും കൂടി കണക്കിലെടുത്താണ് ഇക്കോടൂറിസം സെന്ററുകള്‍ താല്‍ക്കാലികമായി അടച്ചിടാന്‍ വനം വകുപ്പ് തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."