നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന അന്വേഷിക്കണം: ഡി.വൈ.എഫ്.ഐ
ന്യൂഡല്‍ഹി: കൊച്ചിയില്‍ ചലച്ചിത്ര നടിക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ. ഇത്തരക്കാരെ ഒരുവിധത്തിലും വളരാന്‍ അനുവദിക്കരുതെന്നാണ് തങ്ങളുടെ നിലപാടെന്നും ഇക്കാര്യത്തില്‍ ഒന്നിച്ചു നില്ക്കാന് രാഷ്ട്രീയം നോക്കേണ്ട കാര്യമില്ലെന്നും ദേശീയ അധ്യക്ഷന്‍ അഡ്വ. പി.എ മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നടിയെ അക്രമിച്ച വ്യക്തിക്കെതിരേ മറ്റൊരു നടിയുടെ ഭര്‍ത്താവ് നേരത്തെ പരാതി നല്‍കിയിരുന്നു. അന്ന് നടപടിയെടുത്തിരുന്നെങ്കില്‍ ഇന്ന് ഇതുണ്ടാകുമായിരുന്നില്ല. ഇത്തരം സംഭവങ്ങളെ സമൂഹം ഗൗരവത്തോടെ കൈകാര്യം ചെയ്യണം. സദാചാര പൊലിസ് ചമയല്‍ എസ്.എഫ്.ഐയോ ഡി.വൈ.എഫ്.ഐയോ അംഗീകരിക്കില്ലെന്നും റിയാസ് പറഞ്ഞു.
കോഴിക്കോട് സ്വദേശിനി സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ രസീല രാജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ന് 'ഡിമാന്റ് ഡേ'യായി ആചരിക്കും. 'സുരക്ഷിതത്വമില്ലെങ്കില്‍ അതിനെതിരേ ശബ്ദമുയര്‍ത്തുക' എന്ന വിഷയത്തില്‍ നടത്തുന്ന കാംപയിനിന്റെ ഭാഗമായി പ്രധാനമന്ത്രിക്ക് ഇ മെയില്‍ അയയ്ക്കും.
രസീല രാജുവിന്റെ കേസില്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷണം നടത്തണം. ജോലി സ്ഥലത്ത് സ്ത്രീകള്‍ക്കെതിരായി ആക്രമണമുണ്ടാകുന്നത് ആദ്യത്തെ സംഭവമല്ല. ഐ.ടി കമ്പനികള്‍, കാള്‍ സെന്ററുകള്‍ തുടങ്ങി പുതിയ കാലത്തെ തൊഴിലിടങ്ങളിലെല്ലാം ഇത്തരത്തിലുള്ള തൊഴില്‍ നിയമത്തിന്റെ ലംഘനങ്ങള്‍ നടക്കുന്നുണ്ട്.
ഭഗത് സിംഗിന്റെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് മാര്‍ച്ച് 23ന് എല്ലാ ജില്ലകളിലും ടുവീലര്‍ ജാഥകള്‍ നടത്തുമെന്നും റിയാസ് പറഞ്ഞു. ജനറല്‍ സെക്രട്ടറി അവോയ് മുഖര്‍ജിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."