നജീബിന്റെ തിരോധാനം സി.ബി.ഐ അന്വേഷിക്കണം: എം.എസ്.എഫ്
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ തിരോധാനത്തെ കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് എം.എസ്.എഫ്. നജീബ് അപ്രത്യക്ഷനായിട്ട് അഞ്ചുമാസം പിന്നിട്ടെങ്കിലും സര്‍വകലാശാലാ അധികാരികള്‍ തികഞ്ഞ നിസംഗതയാണു പുലര്‍ത്തുന്നതെന്നും അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് പോലും ഇതുവരെ സമര്‍പ്പിച്ചിട്ടില്ലെന്നും ദേശീയ അധ്യക്ഷന്‍ ടി.പി അഷ്‌റഫലി ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടന സംഭവത്തില്‍ പ്രതിസ്ഥാനത്താണ്. കാണാതാവുന്നതിന്റെ തലേദിവസം നജീബിനെ മര്‍ദിച്ചവര്‍ ഇപ്പോഴും സര്‍വകലാശാലയിലുണ്ട്. ഇവരെ അറസ്റ്റ് ചെയ്യുകയോ മൊഴിയെടുക്കുകയോ ചെയ്തിട്ടില്ല. മകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത നജീബിന്റെ മാതാവിനെ കസ്റ്റഡിയിലെടുക്കുകയും വിദ്യാര്‍ഥിയുടെ വീട് പരിശോധിക്കുകയുമാണ് പൊലിസ് ചെയ്തത്.
കേസന്വേഷണത്തില്‍ ഡല്‍ഹി പൊലിസ് പൂര്‍ണപരാജയമാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ കേസ് സി.ബി.ഐക്കു വിടണം. അല്ലെങ്കില്‍ ഇക്കാര്യമാവശ്യപ്പെട്ട് രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അഷറഫലി പറഞ്ഞു.
ജെ.എന്‍.യുവിലെ ഗവേഷണമേഖലയെ തകര്‍ക്കാനുള്ള നീക്കത്തിനെതിരേ വിദ്യാര്‍ഥികള്‍ നടത്തിവരുന്ന സമരങ്ങള്‍ക്ക് എം.എസ്.എഫ് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. അന്തരിച്ച ഇ. അഹമ്മദ് എം.പിയോട് ഡല്‍ഹി ആര്‍.എം.എല്‍ ആശുപത്രി അധികൃതര്‍ കാണിച്ച അവഗണന സംബന്ധിച്ച് പാര്‍ലമെന്ററി സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുയര്‍ത്തി അടുത്തമാസം 16ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."