പാം ഓയില്‍ നിയന്ത്രണം: പാക് വിപണി ലക്ഷ്യമിട്ട് മലേഷ്യ
ക്വാലാലംബൂര്‍: മലേഷ്യയില്‍ നിന്നുള്ള പാംഓയില്‍ ഇറക്കുമതിയെ ഇന്ത്യ നിരുല്‍സാഹപ്പെടുത്തിയതോടെ പുതിയ വിപണി തേടി മലേഷ്യന്‍ സര്‍ക്കാര്‍. കശ്മിര്‍ പ്രശ്‌നം, പൗരത്വ നിയമ ഭേദഗതി എന്നിവയില്‍ കേന്ദ്ര സര്‍ക്കാരിന്റെ മുസ്‌ലിംവിരുദ്ധ നിലപാടിനെ മലേഷ്യ എതിര്‍ത്തതോടെയാണ് ഇന്ത്യ-മലേഷ്യ ബന്ധത്തില്‍ വിള്ളല്‍ വീണത്. ഇത് വ്യാപാര ബന്ധത്തിലേക്കും വഴിമാറുകയായിരുന്നു.
പാകിസ്താന്‍ മലേഷ്യയുടെ പാംഓയിലും അനുബന്ധ ഉല്‍പന്നങ്ങളും പതിവായി വാങ്ങുന്ന രാജ്യമാണെന്നും ആശ്രയിക്കാവുന്ന ഇറക്കുമതിക്കാരാണെന്നും മലേഷ്യന്‍ വ്യവസായമന്ത്രി തെരേസ കോക് പറഞ്ഞു. പാക് സന്ദര്‍ശനത്തിനിടെ വ്യവസായ- വാണിജ്യ-ഉല്‍പാദന മേഖലയിലെ ഉപദേശകനായ അബ്ദുല്‍ റസാഖ് ദാവൂദുമായി കോക് കൂടിക്കാഴ്ച നടത്തിയിരുന്നു. 2018ല്‍ 73 കോടി ഡോളര്‍ വിലവരുന്ന 1.16 ദശലക്ഷം മെട്രിക് ടണ്‍ പാംഓയിലാണ് മലേഷ്യയില്‍ നിന്ന് പാകിസ്താന്‍ ഇറക്കുമതി ചെയ്തത്.
മലേഷ്യയുടെ പേരു പറയാതെ സംസ്‌കരിച്ച പാംഓയില്‍ ഇറക്കുമതിക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. അതോടൊപ്പം പാംഓയില്‍ വ്യാപാരികളോടും സംസ്‌കരിക്കുന്നവരോടും മലേഷ്യന്‍ പാംഓയില്‍ ഉപേക്ഷിക്കാന്‍ അനൗദ്യോഗികമായി ആവശ്യപ്പെടുകയും ചെയ്തു. ലോകത്തെ പ്രധാന പാംഓയില്‍ ഉല്‍പാദകരാണ് മലേഷ്യയും ഇന്തോനേഷ്യയും. ഏറ്റവും വലിയ പാംഓയില്‍ ഇറക്കുമതിക്കാരായ ഇന്ത്യ 2018ല്‍ 130 കോടി ഡോളറിന്റെ പാംഓയിലാണ് മലേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തത്.
അസംസ്‌കൃത പാംഓയിലും പാംഒലീനും ഇറക്കുമതി ചെയ്യുന്നതിന് കഴിഞ്ഞയാഴ്ചയാണ് ഇന്ത്യയിലെ വിദേശവ്യാപാര ഡയരക്ടറേറ്റ് ജനറല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ഇറക്കുമതിക്കാര്‍ ഇനി ലൈസന്‍സിന് അപേക്ഷിക്കണം.
മലേഷ്യന്‍ പാംഓയിലിന് നിരോധനം കൊണ്ടുവന്നില്ലെങ്കിലും വ്യാപാരികള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയതോടെ ഇന്ത്യന്‍ വ്യാപാരികള്‍ ഇന്തോനേഷ്യയില്‍ നിന്ന് മലേഷ്യയിലേതിനെക്കാള്‍ ടണ്ണിന് 10 ഡോളര്‍ കൂടുതല്‍ നല്‍കിയാണ് നിലവില്‍ പാംഓയില്‍ ഇറക്കുമതി ചെയ്യുന്നത്.
അതേസമയം ഇന്ത്യ തങ്ങളുടെ പാംഓയില്‍ ബഹിഷ്‌കരിച്ചെന്ന വാര്‍ത്ത മലേഷ്യന്‍ വ്യവസായമന്ത്രി തെരേസ കോക് നിഷേധിച്ചു. ഇന്ത്യന്‍ വ്യാപാരികള്‍ അസംസ്‌കൃത പാംഓയില്‍ ആവശ്യപ്പെടുകയാണുണ്ടായതെന്ന് അവര്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."