പ്രതിരോധ മന്ത്രി സംസാരിച്ചത് രണ്ടു മണിക്കൂര്‍; രണ്ടു ചോദ്യങ്ങള്‍ക്ക് മാത്രം ഉത്തരമില്ലെന്ന് രാഹുല്‍
ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ മോദിക്കെതിരേ ആരോപണം ഉന്നയിച്ചതിനു പിന്നാലെ ട്വിറ്ററിലും രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഫ്രാന്‍സുമായുള്ള യുദ്ധവിമാന ഇടപാടില്‍ പാര്‍ലമെന്റില്‍ താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ എല്ലാ ഇന്ത്യക്കാരും പ്രധാനമന്ത്രി മോദിയോടും മന്ത്രിസഭാ അംഗങ്ങളോടും ചോദിക്കണമെന്നും രാഹുല്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
പ്രതിരോധ മന്ത്രി രണ്ടു മണിക്കൂറാണ് റാഫേല്‍ വിഷയവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ സംസാരിച്ചത്. എന്നാല്‍ താന്‍ ചോദിച്ച രണ്ടു ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അവര്‍ക്കായില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. പാര്‍ലമെന്റില്‍ ചോദിച്ച രണ്ടു ചോദ്യങ്ങളുടെ വിഡിയോയും രാഹുല്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡിനെ മറികടന്ന് അനില്‍ അംബാനിയെ ഇടപാടിലെ ഓഫ്സെറ്റ് പങ്കാളിയാക്കിയത് ആരാണ്?, എട്ടു മുതല്‍ 10 വര്‍ഷങ്ങളുടെ ചര്‍ച്ചകള്‍ക്കു ശേഷമാണ് 126 വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പിടാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതു മറികടന്ന് 36 വിമാനങ്ങള്‍ വാങ്ങാന്‍ പ്രധാനമന്ത്രി തീരുമാനിച്ചതിനെതിരേ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ എതിര്‍പ്പ് അറിയിച്ചിരുന്നു?- ഉണ്ട് എന്നോ അല്ല എന്നോ ഉത്തരം പറഞ്ഞാല്‍ മതി.
രണ്ടു ചോദ്യങ്ങള്‍ക്കും പ്രതിരോധ മന്ത്രി മൗനം പാലിക്കുന്നതും പിന്നീട് മുന്നിലിരിക്കുന്ന ഗ്ലാസില്‍നിന്ന് വെള്ളം കുടിക്കുന്നും വിഡിയോയില്‍ കാണിക്കുന്നുണ്ട്. ഈ വിഡിയോ എല്ലാവരും ഷെയര്‍ ചെയ്യണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. രണ്ടു ചോദ്യങ്ങള്‍ രണ്ട് ഉത്തരങ്ങള്‍ എന്ന ഹാഷ്ടാഗും രാഹുല്‍ ട്വീറ്റിനൊപ്പം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."