2029ല്‍ 144 കോടി കടക്കും; പിന്നീട് കുത്തനെ കുറയും
ബെയ്ജിങ്: ജനസംഖ്യാ നിയന്ത്രണത്തില്‍ ചൈനയ്ക്കു ശുഭപ്രതീക്ഷയും ആശങ്കയും നല്‍കി പുതിയ റിപ്പോര്‍ട്ട്. 2030നു ശേഷം ജനസംഖ്യ പിടിതരാതെ കുത്തനെ കുറയുമെന്ന് സര്‍ക്കാര്‍ ഗവേഷകര്‍ വ്യക്തമാക്കി.
10 വര്‍ഷത്തിനകം ജനസംഖ്യ ചൈനയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തും. 1.44 ബില്യനാണ് (ഏകദേശം 144 കോടി) ഗവേഷകര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന സംഖ്യ. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇത് കുത്തനെ ഇടിഞ്ഞു തുടങ്ങുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
ചൈന അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സസ് (സി.എ.എസ്.എസ്) ആണ് 'ഗ്രീന്‍ ബുക്ക് ഓഫ് പോപുലേഷന്‍ ആന്‍ഡ് ലേബര്‍' എന്ന പേരില്‍ പുതിയ പഠനം പുറത്തുവിട്ടത്. നിലവില്‍ 139 കോടിയാണ് ചൈനീസ് ജനസംഖ്യ. ഇതു നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പല തരത്തിലുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, ഇതിന്റെ ഫലം കാണാന്‍ ഇനിയും 10 വര്‍ഷത്തിലേറെ കാത്തിരിക്കേണ്ടിവരുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.
അതേസമയം, സമാന്തരമായി ചൈനയിലെ സാമൂഹിക, സാമ്പത്തിക വികസനരംഗങ്ങളില്‍ ഇതു വന്‍ പ്രത്യാഘാതങ്ങളും സൃഷ്ടിച്ചേക്കും. രാജ്യത്ത് വാര്‍ധക്യം ബാധിക്കുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതിനാല്‍ തൊഴില്‍ രംഗങ്ങളില്‍ ബദല്‍ സംവിധാനങ്ങളെ കുറിച്ച് ഇപ്പോള്‍ തന്നെ ചിന്തിച്ചു തുടങ്ങേണ്ടിവരുമെന്ന് ഗവേഷകര്‍ പറയുന്നു.
2050 ആകുമ്പോഴേക്കും ജനസംഖ്യ 136 കോടിയാകും. പ്രത്യുല്‍പാദന നിരക്ക് മാറ്റമില്ലാതെ തുടരുകയാണെങ്കില്‍ 2065ല്‍ ഇത് 117 കോടിയിലേക്കു കൂപ്പുകുത്തുമെന്നും പഠനം പറയുന്നു.
നേരത്തെ ജനസംഖ്യാ നിയന്ത്രണത്തിനായി ചൈന ആവിഷ്‌കരിച്ച 'നാമൊന്ന് നമുക്കൊന്ന് ' കുടുംബാസൂത്രണ പദ്ധതി 2016ല്‍ മയപ്പെടുത്തിയിരുന്നു. ഒരു ദമ്പതികള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന തോതിലേക്കു നയം മാറ്റുകയായിരുന്നു.
എന്നാല്‍, ഒരു വര്‍ഷം മുന്‍പു വരെ രാജ്യത്തെ ജനനിരക്ക് 3.5ലേക്ക് താഴ്ന്നിട്ടുണ്ട്. അടുത്ത വര്‍ഷങ്ങളില്‍ ഇത് ഇനിയും താഴുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."