നിയന്ത്രണംവിട്ട കാര്‍ വീടിനു മുന്നിലേക്കു പാഞ്ഞു കയറി വീട്ടമ്മ മരിച്ചു
വിഴിഞ്ഞം: കാഞ്ഞിരംകുളം കരിച്ചലില്‍ നിയന്ത്രണംവിട്ട കാര്‍ പാഞ്ഞു കയറിയുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. ഭര്‍ത്താവിനും ആറ് മാസം ഗര്‍ഭിണിയായ മകള്‍ക്കും സാരമായി പരുക്കേറ്റു. ചെറുമകളെ സ്‌കൂള്‍ ബസിലേക്ക് കയറ്റി വിട്ടശേഷം വീടിന് മുന്നില്‍ നിന്ന കരിച്ചല്‍ പനച്ചമൂട് താഴെ കടയാറ വീട്ടില്‍ ശശിയുടെ ഭാര്യ സരള (45) ആണ് മരിച്ചത്. ശശി (60), മകള്‍ ദീപ്തി(28) എന്നിവരെ പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ എട്ടരയോടെ കാഞ്ഞിരംകുളം കരിച്ചല്‍ പമ്പ് ഹൗസിന് സമീപമായിരുന്നു അപകടം. പൂവാറില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാരുതി സെലേറിയോ കാറാണ് നിയന്ത്രണം വിട്ട് വിടിന്റെ തൂണ് തകര്‍ത്ത് മുറ്റത്ത് നിന്ന സരളയെയും ഇടിച്ച് തെറിപ്പിച്ച ശേഷം മറിഞ്ഞത്. ടെക്‌നോപാര്‍ക്കില്‍ ജോലിക്കാരനായ കാരോട് സ്വദേശി സൂരജ് (28) ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. രാവിലെ ജോലിക്കു പോകുകയായിരുന്ന സൂരജ് എതിരേ വേഗതയിലെത്തിയ വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതാണന്നാണ് മൊഴിനല്കിയിരിക്കുന്നതെന്നും എയര്‍ബാഗുള്ള കാറായിരുന്നതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെയുകയായിരുന്നുവെന്നും കാഞ്ഞിരംകുളം പൊലിസ് പറഞ്ഞു.
അപകടത്തില്‍ തകര്‍ന്ന തൂണിന്റെ കല്ലുകള്‍ പതിച്ചും വീട്ടിലേക്ക് പാഞ്ഞു കയറിയ കാര്‍ ഇടിച്ചുമാണ് വീടിന്റെ മുന്‍വശത്ത് തന്നെയുണ്ടായിരുന്ന ശശിക്കും ഗര്‍ഭിണിയായ മകള്‍ ദീപ്തിക്കും സാരമായി പരുക്കേറ്റത്. കാര്‍ ഇടിച്ച് തെറിപ്പിച്ച് തൂണിന്റെയും മറിഞ്ഞ കാറിന്റെയും അടിയില്‍ കുടുങ്ങിയ സരളയെ പൊലിസും നാട്ടുകാരും ഏറെ ശ്രമപ്പെട്ട് കാര്‍ ഉയര്‍ത്തി മാറ്റിയ ശേഷമാണ് അശുപത്രിയിലേക്ക് കൊണ്ടുപോയത്. ഗുരുതരമായി പരുക്കേറ്റ സരള ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെട്ടു. റോഡരികിലെ ചെറിയൊരു ഷീറ്റ് മേഞ്ഞ ഇവരുടെ വീട്ടിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. തൊഴിലുറപ്പു തൊഴിലാളിയാണ് മരണമടഞ്ഞ സരള. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയ മൃതദേഹം വൈകിട്ടോടെ സംസ്‌കരിച്ചു. അപകടത്തിനിടയാക്കിയ കാര്‍ കസ്റ്റഡിയിലെടുത്ത കാഞ്ഞിരംകുളം പൊലിസ് മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."