പൗരത്വ പ്രക്ഷോഭത്തിനെതിരേ സിറോ മലബാര്‍ സഭാ മുഖപത്രം
കാസര്‍കോട്: രാജ്യത്താകെ നടക്കുന്ന പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭത്തിനെതിരേ സിറോ മലബാര്‍ സഭ മുഖപത്രമായ ലെയ്റ്റിവോയ്‌സില്‍ മുഖപ്രസംഗം.
'കണ്ണുതുറക്കാത്ത ക്രൈസ്തവര്‍' എന്ന പേരില്‍ ഏറ്റവും പുതിയ ലക്കത്തില്‍ എഴുതിയിരിക്കുന്ന മുഖപ്രസംഗത്തിലാണ് പ്രക്ഷോഭ രംഗത്തുള്ള സംഘടനകളെ രൂക്ഷമായി വിമര്‍ശിക്കുന്നത്.
മാത്രമല്ല, ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങളെ നേരിടാന്‍ സര്‍ക്കാര്‍ മടികാണിക്കരുതെന്നും മുഖപ്രസംഗത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
'പാക്കിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ മുസ്‌ലിം ഭൂരിപക്ഷവും ഭരണവുമുള്ള രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ മതപീഡനങ്ങള്‍ മൂലം അഭയാര്‍ഥികളായി വരുമ്പോള്‍ സ്വീകരിക്കണമെന്ന് പറയുന്നതും അവര്‍ക്ക് പൗരത്വം നല്‍കുന്ന കാലാവധിക്ക് ഇളവ് നല്‍കിയതും മതേതരത്വത്തെ കളങ്കപ്പെടുത്തുമെന്ന് വാദിക്കുന്നവരുടെ മനസിലിരിപ്പ് മനസിലാക്കുവാന്‍ ഡോക്ടറേറ്റ് വേണ്ട, സാമാന്യ ബുദ്ധി മതി.
നിലവിലുളള ഇന്ത്യന്‍ പൗരന്‍മാരെ ബാധിക്കാത്ത കാര്യങ്ങളില്‍ തെറ്റിദ്ധാരണ പരത്തി തെരുവിലേക്ക് നിര്‍ദ്ദോഷികളായ ജനസമൂഹത്തെ തള്ളിവിടുന്ന ഭീകരതയ്ക്ക് അറുതി വരുത്താന്‍ ഭരണ സംവിധാനങ്ങള്‍ മടിക്കുന്നതെന്ത്? -മുഖ്യപ്രസംഗത്തില്‍ ചോദിക്കുന്നു. പൗരത്വ നിയമഭേദഗതിക്ക് പിന്നാലെ വരുന്ന പൗരത്വ രജിസ്റ്റര്‍ ലക്ഷക്കണക്കിന് ക്രൈസ്തവരെയും അഭയാര്‍ഥികളാക്കുമെന്ന ആശങ്ക നിലനില്‍ക്കെ സിറോ മലബാര്‍ സഭയുടെ മുഖപത്രം സ്വീകരിച്ച നിലപാട് സഭയുടേതാണോയെന്ന് വ്യക്തമല്ല.
ക്രൈസ്തവരെ ഐ.എസ് ഭീകരര്‍ കൊല്ലുന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന മുഖപ്രസംഗം രാജ്യനിയമങ്ങള്‍ മാനിക്കുവാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി മതങ്ങളേയും വിശ്വാസങ്ങളോയും ഉപകരണങ്ങളാക്കി ജനങ്ങളെ തെരുവിലിറക്കുന്നത് അപലപനീയമാണെന്നും സൂചിപ്പിക്കുന്നുണ്ട്.
'ഇന്നു ഞാന്‍ നാളെ നീ' എന്ന ചില മതസംഘടനകളുടെ വിരട്ടല്‍ ഇന്ത്യയിലെ ക്രൈസ്തവരോട് വേണ്ട. ലോകത്തുടനീളം ക്രൈസ്തവരെ കൊന്നൊടുക്കി, അഭയാര്‍ഥികളായി ക്രൈസ്ത രാജ്യങ്ങളില്‍ അഭയം തേടി, ആ രാജ്യങ്ങളിലും അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നവരുടെ വേദോപദേശം കേള്‍ക്കാന്‍ മാത്രം മണ്ടന്‍മാരല്ല ഇന്ത്യയിലെ ക്രൈസ്തവ സഭകള്‍' എന്നും മുഖപ്രസംഗം പറയുന്നു.
പൗരത്വ നിയമ ഭേദഗതിക്കും പൗരത്വ രജിസ്റ്ററിനുമെതിരേ കേരളത്തില്‍ ഒന്നിച്ചുള്ള പ്രക്ഷോഭം മുന്നോട്ടുപോകുമ്പോഴാണ് വ്യത്യസ്ത നിലപാടുമായി സിറോ മലബാര്‍ സഭ രംഗത്തു വന്നിരിക്കുന്നത്.
മറ്റ് ക്രൈസ്തവ സഭകള്‍ ഈ വിഷയത്തില്‍ നിലപാട് പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും പ്രക്ഷോഭത്തിന് എതിരായ നിലപാട് സ്വീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ സിറോ മലബാര്‍ സഭയുടെ നിലപാട് ചര്‍ച്ചയാകാനിടയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."