സാഹസിക പ്രകടനങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു
വാടാനപ്പള്ളി: ചേറ്റുവ അഴിമുഖത്ത് നിര്‍മിച്ച പുലിമുട്ടിനു മുകളിലൂടേയുള്ള സഞ്ചാരവും യുവാക്കളുടെ സാഹസിക പ്രകടനങ്ങളും അപകട ഭീഷണി ഉയര്‍ത്തുന്നു. ദിനംപ്രതി നിരവധി പേരാണ് ചേറ്റുവ അഴിമുഖത്തെ പുലിമുട്ടിനു മുകളിലൂടെ സഞ്ചരിക്കുന്നത്.
മത്സ്യബന്ധന മിനി തുറമുഖത്തിന്റെ ഭാഗമായാണ് ചേറ്റുവ അഴിമുഖത്തിനു വടക്കു ഭാഗത്തെ കടല്‍ തീരത്ത് നിന്ന് 514 മീറ്റര്‍ നീളത്തില്‍ പുലിമുട്ട് നിര്‍മിച്ചിരിക്കുന്നത്. ഈ പുലിമുട്ടിന്റെ പല ഭാഗങ്ങളും പലതവണ കടലിലേക്ക് ഇരിക്കുകയും കേടുപാടുകള്‍ സംഭവിച്ചിട്ടും അവിടെ വീണ്ടും കല്ലും, കല്‍പ്പൊടികളും കൊണ്ട് വീണ്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ ഒഴിവ് ദിവസങ്ങളില്‍ ഇപ്പോഴും പുലിമുട്ടിലേക്ക് നിരവധി സഞ്ചാരികളാണ് എത്തുന്നത്. കൂടാതെ സഞ്ചാരികള്‍ക്കിടയില്‍ പുലിമുട്ടിനു മുകളില്‍ യുവാക്കള്‍ ബൈക്കില്‍ സഞ്ചരിച്ച് സാഹസിക അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. പുലിമുട്ടിന്റെ ഇരു വശങ്ങളിലും കടലിലേക്ക് ഇറങ്ങി ചൂണ്ടയിട്ട് മീന്‍ പിടിക്കുകയും ഇതു മൊബൈലില്‍ പകര്‍ത്തുകയും ചെയ്യുന്നതിനും ഇവിടെ നിരോധനമുണ്ട്.
പുലിമുട്ടിന് മുകളിലേക്ക് കയറി പോകരുതെന്ന് ചൂണ്ടിക്കാട്ടി പൊലിസ് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നെങ്കിലും ഇവയൊന്നും മുഖവിലക്കെടുക്കാതെയാണ് സഞ്ചാരികളും, ബൈക്കുമായി യുവാക്കളുടെ സംഘവും പുലിമുട്ടിലേക്ക് പ്രവേശിക്കുന്നത്. നിരവധി പേരാണ് ദിനം പ്രതി ഇവിടെ ബൈക്കുകളിലെത്തി പുലിമുട്ടിനു മുകളിലൂടെ ചീറിപ്പായുന്നതും സാഹസിക അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നതും. ഇത് നിയന്ത്രിക്കുന്നതിനും ഇവിടെ ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കാനും മേഖലയില്‍ പൊലിസ് നിരീക്ഷണം ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."