മത്സ്യമേഖലയോടുള്ള അവഗണനയ്ക്കെതിരേ സമരം ചെയ്യും: മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്
ആലപ്പുഴ: മത്സ്യബന്ധന മേഖലയോടുള്ള സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരേ ശക്തമായ സമര പരിപാടികള്‍ ആവിഷ്‌ക്കരിക്കാന്‍ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു. തീരദേശ പരിപാലന നിയമത്തില്‍ 50 മീറ്റര്‍ മാത്രമാക്കി ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും 200 മീറ്റര്‍ ദൂരപരിധിയില്‍ താമസിക്കുന്ന തീരദേശത്തെ വീട്ടുടമകളില്‍ നിന്നും കെട്ടിട നികുതിയായി മൂന്നിരട്ടി തുകയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈടാക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. മത്സ്യത്തൊഴിലാളി മേഖലയിലെ വിവിധ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും പ്രാദേശിക സര്‍ക്കാരുകളും തികഞ്ഞ പരാജയമാണെന്ന് യോഗം വിലയിരുത്തി. മുന്‍ കാലങ്ങളില്‍ ലഭ്യമായിരുന്ന സാമ്പത്തിക സഹായങ്ങളും ഫിഷറീസ് മേഖലയ്ക്ക് മാത്രമായി ഭവന പുനരുദ്ധാരണ ടോയ്‌ലറ്റ് പദ്ധതികളും ഈ സര്‍ക്കാര്‍ വന്നതിനു ശേഷം ലഭ്യമായിട്ടില്ല.
കടല്‍ക്ഷോഭം മൂലം ദുരിതബാധിതരായി കാംപില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പദ്ധതിയും അവതാളത്തിലാണ്. തീരപ്രദേശത്ത് കടലാക്രമണം തടയാന്‍ പ്രഖ്യാപനങ്ങള്‍ക്ക് അപ്പുറം യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.
മത്സ്യബന്ധന വള്ളങ്ങളുടെ ലൈസന്‍സ് രജിസ്‌ട്രേഷന്‍ ഫീസ് നിലവിലുള്ളതിന്റെ നാലിരട്ടിയായി വര്‍ധിപ്പിച്ചും കേരളത്തിന്റെ സ്വന്തം സൈന്യത്തെ അവഗണിക്കുന്ന സമീപനങ്ങള്‍ക്കെതിരേ പ്രാദേശിക തലം മുതല്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ജെയിംസ് ചിങ്കുതറ അധ്യക്ഷനായ യോഗം സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് എ.കെ ബേബി ഉദ്ഘാടനം ചെയ്തു. കെ.പി ജോസി, എ.എസ് വിശ്വനാഥന്‍, എ.ആര്‍ കണ്ണന്‍, ബി. സുലേഖ, സജിമോള്‍ ഫ്രാന്‍സിസ്, അഡ്വ. റീഗോരാജു, ബിനു കള്ളിക്കാട്, സജീവന്‍ വലിയഴീക്കല്‍, എന്‍. ഷിനോയ്, റോസ് ലീമ, എസ് .സുധിലാല്‍, ഇ.വി രാജു, കെ.സുഗുണന്‍, സന്തോഷ് പട്ടണം, എ.പി അനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."