'കശ്മിര്‍ തീരുമാനം ചരിത്രപരം'
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ വിമര്‍ശിച്ച് മുന്‍ കരസേനാ മേധാവിയും നിലവിലെ സംയുക്ത സൈനിക മേധാവിയുമായ ബിപിന്‍ റാവത്ത് നടത്തിയ പ്രസ്താവന വിവാദമുണ്ടാക്കിയതിനു പിറകേ, കശ്മിര്‍ വിഷയത്തില്‍ സര്‍ക്കാരിനെ പരസ്യമായി പിന്തുണയ്ക്കുന്ന നിലപാടുമായി കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെ രംഗത്ത്. കശ്മിരിനു പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയതു ചരിത്രപരമായ തീരുമാനമായിരുന്നുവെന്നാണ് അദ്ദേഹം ഇന്നലെ പറഞ്ഞത്. ദേശീയ ആര്‍മി ദിനമായിരുന്ന ഇന്നലെ അതുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം.
ജമ്മു കശ്മിരിനെ രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന ചരിത്രപരമായി തീരുമാനമെന്നാണ് കശ്മിരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ അദ്ദേഹം വിശേഷിപ്പിച്ചത്. തീവ്രവാദത്തോട് ഒരിക്കലും സന്ധിചെയ്യില്ലെന്നു വ്യക്തമാക്കിയ അദ്ദേഹം, അത്തരം പ്രശ്‌നങ്ങള്‍ക്കു മറുപടി നല്‍കാന്‍ നിരവധി മാര്‍ഗങ്ങളുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഇന്നലെ നടന്ന പരിപാടിയില്‍ കര, വ്യോമ, നാവികസേനാ മേധാവികള്‍ക്കു പുറമേ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും പങ്കെടുത്തു.
എല്ലാ വര്‍ഷവും ജനുവരി 15നാണ് ആര്‍മി ദിനമായി ആചരിക്കുന്നത്. ഇന്നലെ 72ാം ആര്‍മി ദിനാഘോഷങ്ങളാണ് നടന്നത്.
സൈന്യത്തിന്റെ പാഠപുസ്തകം ഭരണഘടനയാണെന്നും അതിന് അനുസരിച്ചാണ് നീങ്ങുകയെന്നും വ്യക്തമാക്കി കഴിഞ്ഞ ദിവസം കരസേനാ മേധാവി രംഗത്തെത്തിയിരുന്നു.
സ്ഥാനമേറ്റെടുത്ത ശേഷം ഇത്തരം പ്രസ്താവനകള്‍ തുടര്‍ച്ചയായി നടത്തിയതോടെ 'ജോലിയെടുക്കൂ, സംസാരം കുറയ്ക്കൂ'വെന്ന് കരസേനാ മേധാവിയെ ഉപദേശിച്ച് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി രംഗത്തെത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."