കൃഷിയിടത്തില്‍ അജ്ഞാതര്‍ കോഴിമാലിന്യം തള്ളി
വേങ്ങര: കൃഷി നടക്കുന്ന വേങ്ങര പാടത്ത് അജ്ഞാതര്‍ കോഴിമാലിന്യം തളളി. കൂരിയാട് മണ്ണില്‍പിലാക്കലിലെ കെ.എസ്.ഇ.ബി സബ് സ്റ്റേഷനു പിന്‍ഭാഗത്താണ് നൂറ്റിമുപ്പതോളം ചാക്ക് കോഴിമാലിന്യം തള്ളിയത്. നരിക്കോടന്‍ ഹംസയുടെ സ്ഥലത്ത് കുറ്റിക്കായി ചിന്നന്റെ കൃഷിയിടത്തിലാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ കോഴിക്കടയില്‍ നിന്നുപേക്ഷിച്ച മാലിന്യങ്ങള്‍ ഉപേക്ഷിച്ചത്. കൊയ്ത്തിനു ശേഷം കണ്ടത്തില്‍ ഇടവിളയായി പയര്‍ വിത്ത് വിതച്ചതായിരുന്നു.
വിളകള്‍ക്കിടയിലൂടെ വാഹനത്തില്‍ കൊണ്ട് വന്നതിനാല്‍ കൃഷിയും പാടെ നശിച്ചിട്ടുണ്ട്. കൃഷി ഓഫിസര്‍ എം നജീബ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഇ മുഹമ്മദലി, പി അബ്ദുല്‍ അസീസ് എന്നിവര്‍ സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ തൊട്ടടുത്ത തരിശു പാടത്ത് ജെ.സി.ബി ഉപയോഗിച്ചു കുഴിച്ചുമൂടി. ഈ പ്രദേശങ്ങളിലും ദേശീയ പാതയിലെ കൊളപ്പുറം മുതല്‍ കൂരിയാട് വരെയുളള പാടത്തും കൂരിയാട്ടു നിന്ന് പാക്കടപ്പുറായയിലേക്കുളള റോഡിന്റെ ഇരു വശങ്ങളിലും മാലിന്യം തള്ളല്‍ പതിവാണ്.
നാട്ടുകാര്‍ ജാഗ്രതാ സമിതി രൂപീകരിച്ച് രാത്രികാലങ്ങളില്‍ കാവലിരുന്ന് മാലിന്യവുമായി എത്തുന്നവരെ പിടികൂടാന്‍ പദ്ധതിയിട്ടിട്ടുണ്ട്. അതേസമയം, കോഴികടകളില്‍ നിന്ന് മാലിന്യം ശേഖരിക്കുന്ന കരാറുകാരാണ് ഇതിനു പിന്നിലെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."