ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകനെ സെന്‍കുമാറിന്റെ കൂട്ടാളികള്‍ കൈയേറ്റം ചെയ്തു
തിരുവനന്തപുരം: പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തിനിടെ തനിക്ക് ഇഷ്ടമല്ലാത്ത മാധ്യമപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. തുടര്‍ന്ന് സെന്‍കുമാറിന്റെ കൂട്ടാളികള്‍ മാധ്യമപ്രവര്‍ത്തകനെ കൈയേറ്റവും ചെയ്തു.
കലാപ്രേമി പത്രത്തിന്റെ ന്യൂസ് എഡിറ്റര്‍ കടവില്‍ റഷീദിനെയാണ് സെന്‍കുമാറിനും ബി.ഡി.ജെ.എസ് നേതാവായ സുഭാഷ് വാസുവിനുമൊപ്പം പ്രസ് ക്ലബില്‍ വാര്ത്താസമ്മേളനത്തിനെത്തിയവര് കൈയേറ്റം ചെയ്തത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തിയ വിമര്‍ശനത്തെ സംബന്ധിച്ച് റഷീദ് ചോദിച്ചപ്പോഴായിരുന്നു സെന്‍കുമാര്‍ പൊട്ടിത്തെറിച്ചത്. ''നിങ്ങള്‍ ഏതു പത്രത്തിലാ... മുന്നോട്ടു വരൂ.. നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടല്ലോ...'' എന്നിങ്ങനെ മാധ്യമപ്രവര്‍ത്തകനു നേരെ കൈചൂണ്ടി സെന്‍കുമാര്‍ അലറി. തുടര്‍ന്ന് പിന്‍നിരയിലായിരുന്ന റഷീദ് അടുത്തുചെന്നു താന്‍ മദ്യപിച്ചിട്ടില്ലെന്നും ഐ.ഡി കാര്‍ഡ് കാണിച്ച് പത്രപ്രവര്ത്തകനാണെന്നും പറഞ്ഞിട്ടും സെന്‍കുമാറിന്റെ കലി അടങ്ങിയില്ല. തുടര്‍ന്നാണ് സെന്‍കുമാറിനൊപ്പം പത്രസമ്മേളന ഹാളിലെത്തിയവര്‍ ചേര്‍ന്ന് റഷീദിനെ കൈയേറ്റം ചെയ്തതും പിടിച്ചുതള്ളി പുറത്താക്കാന്‍ ശ്രമിച്ചതും. മറ്റു മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ടതോടെയാണ് അവര്‍ അക്രമം നിര്‍ത്താനും പുറത്തുപോകാനും തയാറായത്.
സെന്‍കുമാറിനെ ഡി.ജി.പിയാക്കിയത് മഹാപരാധമായിപ്പോയെന്ന് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച ചോദ്യമാണ് സെന്‍കുമാറിനെ അസ്വസ്ഥനാക്കിയത്. ചെന്നിത്തല പറഞ്ഞതിനെ താന്‍ ഏഴാംകൂലികൊണ്ട് വെട്ടിയെന്നും ഇനിയും എന്തെങ്കിലും പറഞ്ഞാല്‍ എടുക്കാനായി എട്ടാംകൂലി പോക്കറ്റിലുണ്ടെന്നും സെന്‍കുമാര്‍ പറഞ്ഞു.
സെന്‍കുമാറിന്റെ നടപടിയില്‍ പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയും പ്രസ് ക്ലബും പ്രതിഷേധിച്ചു. തന്നെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിനെതിരേ കടവില്‍ റഷീദ് കന്റോണ്‍മെന്റ് പൊലിസ് സ്റ്റേഷനില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."