മറക്കാനാകാത്ത ദ്വീപ് നോമ്പോര്‍മകള്‍
റമദാന്‍ കാല ഓര്‍മകളില്‍ ഒളിമങ്ങാതിരിക്കുന്നത് ചെറുപ്പ കാലത്തെ നോമ്പോര്‍മകളാണ്. ജനനവും ബാല്യവും കൗമാരവും പിന്നിട്ട ലക്ഷദ്വീപിലെ നോമ്പോര്‍മകള്‍. കാര്‍ഷിക വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന അച്ഛന്റെ മകനായി പിറന്നതു മുതല്‍ പതിനെട്ടു വര്‍ഷത്തോളം ദ്വീപിലെ ഭൂരിഭാഗം വരുന്ന മുസ്്‌ലിം സമൂഹവുമായി ഇടപഴകിയായിരുന്നു ജീവിതം. പിന്നീട് ഇങ്ങോട്ട് വിദ്യാഭ്യാസം, ജോലി ആവശ്യാര്‍ഥം ദ്വീപ് വിട്ടു മറ്റു ദേശങ്ങളിലെത്തിയെങ്കിലും റമദാന്‍ കാലത്തെ ദ്വീപ് നിവാസികളുടെ രീതികള്‍ മറ്റു ദേശങ്ങളില്‍ നിന്ന് ചെറിയ തോതിലെങ്കിലും വ്യത്യസ്ഥതയുള്ളതാണെന്ന് തോന്നിയിട്ടുണ്ട്.
വ്രതാനുഷ്ഠാന കാലത്തെ ദ്വീപിലെ മുസ്്‌ലികളുടെ ചിട്ടയോടെയുള്ള ജീവിത രീതിയാണ് എന്നെ ഏറെ ആകര്‍ഷിച്ചിരുന്നത്. നടപ്പിലും നോട്ടത്തിലും വരെ ഈ അച്ചടക്കമുണ്ടാകും. നിസ്‌കാരത്തിനും പ്രാര്‍ഥനക്കുമായി കൂടുതല്‍ സമയം ചെലവഴിക്കുന്നതിനാല്‍ ഇക്കാലയളവില്‍ പലപ്പോഴും ദ്വീപ് കൂടുതല്‍ ശാന്തമാണെന്ന് തോന്നിയിട്ടുണ്ട്. ലക്ഷ്വദ്വീപിലെ മിനിക്കോയി, കവരത്തി അടക്കം ഒന്‍പത് ഐലന്‍ഡിലുകളിലായിരുന്നു പലപ്പോഴായി ഞങ്ങള്‍ നാലു മക്കളടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്.
നോമ്പുകാലമായാല്‍ ഞങ്ങള്‍ക്ക് ചുറ്റിലുമുള്ള വീടുകളില്‍ നിന്നെല്ലാമുള്ള വിഭവങ്ങള്‍ വീട്ടിലെത്തും. വിഭവങ്ങള്‍ മാത്രമല്ല ഇതിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത്, സ്‌നേഹവും സാഹോദര്യവും തന്നെയാണ്. കളങ്കമില്ലാത്ത ദ്വീപുകാരുടെ സ്‌നേഹം ആവോളം ആസ്വദിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വിഭവ സമൃദ്ധമായിരിക്കും ദ്വീപിലെ ഓരോ വീട്ടിലെയും നോമ്പുതുറ. ദേശത്തിന്റെ രുചി വിളിച്ചറിയിക്കുന്ന വിഭവങ്ങള്‍. ഇതെല്ലാം മറ്റു വീടുകളിലേക്കും പങ്കുവെച്ചാണ് ദ്വീപുകാരുടെ നോമ്പുതുറ. ട്യൂണ മത്സ്യങ്ങളുടെ ഖനിയായ ദ്വീപില്‍ ഇതുമായി ബന്ധപ്പെട്ട വിഭവങ്ങളാണ് കൂടുതലും.
മീന്‍ ഭിരിയാണി നോമ്പുകാലത്തെ പ്രധാന വിഭവം തന്നെയാണ്. എന്നാല്‍ മീന്‍ വിഭവങ്ങളില്‍ മാത്രമൊതുങ്ങുന്നതല്ല ദ്വീപുകാരുടെ കൈപുണ്യം. റമദാന്‍ കാലത്തുമാത്രം വീടുകളില്‍ സുലഭമാകുന്ന വിവിധതരം വിഭവങ്ങളിലും ദ്വീപിലുണ്ട്. റമദാന്‍ കാലത്ത് എവിടെയായാലും ചെറുപ്പത്തിലുള്ള ദ്വീപിലെ നോമ്പുകാലം ഇന്നും മനസ്സില്‍ നിറഞ്ഞിരിക്കുന്നതാണ്. പുറത്തു നിന്നുള്ളവരാണെങ്കിലും ഞങ്ങളെ ദ്വീപുകാര്‍ അവരിലൊരാളായിട്ട് തന്നെയാണ് പരിഗണിച്ചിരിന്നത്. ദ്വീപ് വിട്ടിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ദ്വീപുകാരുമായുള്ള ബന്ധം തുടരുന്നതും കളങ്കമില്ലാത്ത അവരുടെ സ്‌നേഹത്തിന്റെ സത്യം കൊണ്ടുതന്നെയാണ്. നോമ്പുകാലത്ത് മത്രമല്ല, മറ്റു സമയങ്ങളിലും ദ്വീപ് ഇങ്ങനെയൊക്കെ തന്നെയാണ്. വിശ്വാസവും സ്‌നേഹവും പങ്കുവെക്കലുമാണ് ദ്വീപിലെ ജീവിതം എനിക്ക് നല്‍കിയ വലിയ പാഠം. വീടുകള്‍ക്ക് ലോക്ക് (പൂട്ട്) പോലും വെക്കാറില്ലെന്നത് മറ്റു ദേശങ്ങളിലെത്തിയ എന്നെപോലുള്ളവര്‍ക്ക് ആശ്ചര്യത്തോടെ മാത്രം കാണാന്‍ കഴിയുന്ന വിശ്വാസത്തിന്റെ ഉദാത്ത മാതൃകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."