'ഭരണഘടനയുടെ ആമുഖം വായിക്കുന്നത് വിദ്വേഷ പ്രസംഗമാണോ'; രാജ്യത്തെ വിഭജിക്കുന്നതിന് എതിരായ പോരാട്ടം തുടരുമെന്നും ചന്ദ്രശേഖര്‍ ആസാദ്
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അറസ്റ്റിലായ ചന്ദ്രശേഖര്‍ ആസാദിന് ഉജ്വല സ്വീകരണം. ദല്‍ഹി ജുമാ മസ്ജിദില്‍ വെച്ച് നാടകീയ നീക്കങ്ങളിലൂടെ ഡല്‍ഹി പൊലിസ് പിടികൂടിയ ഭീം ആര്‍മി നേതാവ് രാവണ്‍ ജയില്‍ മോചിതനാകുന്നത് കാണാന്‍ വന്‍ജനാവലി തന്നെയാണ് എത്തിയത്. ഭരണഘടനയുടെ ആമുഖം വായിച്ചതാണ് താന്‍ ചെയ്ത കുറ്റമെന്ന് ആസാദ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
'ഞങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതങ്ങിനെ തന്നെ തുടരും. ഭരണഘടനയുടെ ആമുഖം വായിക്കുന്നത് കുറ്റമാണോ'- ചന്ദ്രശേഖര്‍ ആസാദ് ചോദിച്ചു.
ഇന്നലെയാണ് ചന്ദ്രശേഖര്‍ ആസാദിന് തീസ് ഹസാരി കോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ ഡല്‍ഹിയില്‍ തങ്ങുവാനോ ഏതെങ്കിലും സമര പരിപാടികളില്‍ പങ്കെടുക്കാനോ ആസാദിന് അനുവാദമില്ല. മാത്രമല്ല പുറത്തിറങ്ങി 24 മണിക്കൂറിനകം ഷഹരന്‍പൂരിലെ സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകണമെന്നും കര്‍ശന നിര്‍ദേശമുണ്ട്. ഈ നിബന്ധനകള്‍ക്ക് അടുത്ത ഒരു മാസം വരെയും സാധുതയുണ്ടാകുമെന്നും കോടതി വ്യക്തമാക്കുന്നു. ഡിസംബര്‍ 21 മുതല്‍ ജുഡീഷ്യല്‍ കഴിയുകയായിരുന്നു അദ്ദേഹം.
അതേസമയം, തനിക്കുമേല്‍ ചുമത്തിയ നിയന്ത്രണങ്ങളില്‍ കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 'കോടതിയാണ് എന്നെ മോചിപ്പിച്ചത്. എനിക്ക് നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്'- രാവണ്‍ പറഞ്ഞു.
ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ പ്രോസിക്യൂഷനെതിരെ രൂക്ഷ വിമര്‍ശനവുമായി തിസ് ഹസാരി അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഡോ. കാമിനി ലോ ചൊവ്വാഴ്ച രംഗത്തെത്തിയിരുന്നു. പ്രതിഷേധിക്കുക എന്നത് ഭരണഘടനപരമായ അവകാശമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ വഴി ആസാദ് കലാപത്തിന് ആഹ്വാനം നടത്തിയെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വാദിച്ചപ്പോള്‍ ജഡ്ജി തെളിവ് ആവശ്യപ്പെടുകയും ചെയ്തു. ഡല്‍ഹി ജുമാ മസ്ജിദ് പാകിസ്താനിലാണെന്ന പോലെയാണല്ലോ പെരുമാറുന്നതെന്ന് അവര്‍ പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."