നടിക്കെതിരായ ആക്രമണം; പള്‍സര്‍ സുനിയെ പരിചയമില്ലെന്ന് മനോജ് കാരന്തൂര്‍
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പള്‍സര്‍ സുനിയെ മുന്‍പരിചയമില്ലെന്ന് നടിക്ക് വാഹനം ഏര്‍പ്പാടാക്കികൊടുത്ത പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂര്‍. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് സുനിയെ പരിചയപ്പെട്ടത്. സുനിയാണ് നടിയുടെ ഡ്രൈവര്‍ മാര്‍ട്ടിനെ പരിചയപ്പെടുത്തിയത്.
ഒരാഴ്ചയോളം അയാള്‍ വണ്ടിയോടിച്ചു. ഡ്രൈവര്‍ അവധിയില്‍ പോയപ്പോള്‍ സുനിയാണ് ഗോവയ്ക്ക് വാഹനം ഓടിച്ചിരുന്നത്. ഷൂട്ടിങ്ങിനുശേഷം പറഞ്ഞുവിട്ടു. ശേഷം നിര്‍മാതാവിന്റെ വാഹനം ഓടിച്ചിരുന്നത് സുനി ആയിരുന്നെന്നും മനോജ് പറഞ്ഞു. പ്രമുഖ നടനെതിരേ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മനോജ് പറഞ്ഞു.
പ്രതിയുടെ വീട്ടില്‍ റെയ്ഡ്
സ്വന്തം ലേഖകന്‍
തലശ്ശേരി:യുവ നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലിസ് പ്രതിപട്ടികയില്‍ ചേര്‍ത്ത വിജീഷിന്റെ കതിരൂര്‍ ചുണ്ടങ്ങാപൊയിലിലെ ഇടയില്‍പീടിക മംഗലശ്ശേരി വീട്ടില്‍ പൊലിസ് റെയ്ഡ്. കൂത്തുപറമ്പ് സി.ഐ യു.പ്രേമന്‍,കതിരൂര്‍ എസ്.ഐ കനകന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു വിജീഷിന്റെ വീട്ടിലും പരിസരങ്ങളിലും റെയ്ഡ് നടത്തിയത്.
ഇന്നലെ പുലര്‍ച്ചെ മൂന്നോടെയായിരുന്നു പരിശോധന. ഈസമയം വീട്ടില്‍ വിജേഷിന്റെ മാതാപിതാക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുറച്ചുനാളുകളായി ഇയാളെക്കുറിച്ച് ഒരു വിവരവും തങ്ങള്‍ക്കില്ലെന്നാണു രക്ഷിതാക്കള്‍ പൊലിസിനു മൊഴി നല്‍കിയതെന്ന് അറിയുന്നു.
സാമ്പത്തിക ഇടപാടുകള്‍ നടത്തി പണവുമായി വിജേഷ് കടന്നുകളയുകയായിരുന്നുവെന്ന് ആരോപണമുണ്ട്. വിജീഷ് വരുത്തിവച്ച കടബാധ്യതകള്‍ രക്ഷിതാക്കള്‍ അടച്ചുതീര്‍ത്തുവെന്നാണ് അറിയുന്നത്. അതിനിടെ വിജീഷ് തലശ്ശേരി കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിക്കുന്നതായും ചില അഭിഭാഷകരെ സഹോദരങ്ങള്‍ സമീപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികളെ പിടികൂടാന്‍ നടപടി ഊര്‍ജിതം: മുഖ്യമന്ത്രി
തിരുവനന്തപുരം: നടിക്കെതിരായി ഉണ്ടായ അക്രമത്തില്‍ എല്ലാ പ്രതികളെയും പിടികൂടുക എന്നതാണ് പ്രഥമ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലിസ് കാര്യക്ഷമമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. സംസ്ഥാനം ഗൗരവമായി കണ്ട വിഷയമാണ് ഈ ആക്രമണം. പൊലിസ് ഫലപ്രഥമായ നടപടി സ്വീകരിച്ചു എന്നതാണ് നടിയും അവരുമായി ബന്ധപ്പെട്ടവരും പൊതുസമൂഹവും സ്വീകരിച്ച നിലപാട്.
സംഭവത്തില്‍ ഉള്‍പ്പെട്ടെ മിക്കവാറും എല്ലാവരും പിടിയിലായി. പ്രധാന പ്രതികളില്‍ ഒരാളെ കിട്ടാനുണ്ട്. ഇയാളെ പിടികൂടാന്‍ ഊര്‍ജിത ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതികളെ പിടികൂടുകയാണ് പ്രാഥമിക ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ പേര് വലിച്ചിഴക്കുന്നത്
ഗൂഢാലോചന: ദിലീപ്
കൊച്ചി:യുവ നടിയെ ആക്രമിച്ച കേസില്‍ തന്റെ പേര് വലിച്ചിഴക്കുന്നത് ഗൂഢാലോചയുടെ ഭാഗമാണെന്ന് നടന്‍ ദിലീപ്.
സംഭവവുമായി തനിക്ക് യാതൊരു ബന്ധവുമില്ല. യഥാര്‍ഥ പ്രതികളെ കണ്ടുപിടിക്കേണ്ടത് തന്റെ കൂടി ആവശ്യമാണ്. തന്നെ ആരും ചോദ്യം ചെയ്തിട്ടില്ല. ആലുവയിലെ വീട്ടില്‍ മഫ്തിയില്‍ അന്വേഷണ ഉദ്യോഗസ്ഥരെത്തി തന്നെ ചോദ്യം ചെയ്‌തെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. ആലുവയിലെ ആ നടന്‍ ആരെന്ന് വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ തന്നെ വ്യക്തമാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.
തനിക്കെതിരെ നടക്കുന്നത് സംഘടിത ആക്രമണമാണ്. ചിലര്‍ തന്നെ ക്രൂശിക്കാന്‍ ശ്രമിക്കുകയാണ്. ആ നടന്‍ ആരാണെന്ന് പൊലിസിനോട് ചോദിക്കണം. ആ നടന്‍ താനല്ലെന്നും ദിലീപ് ഫേസ് ബുക്കില്‍ പ്രതികരിച്ചു.
ക്വട്ടേഷന്‍ കൊടുത്തവരും എടുത്തവരും
ശിക്ഷിക്കപ്പെടുമെന്ന് കോടിയേരി
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ ക്വട്ടേഷന്‍ എടുത്തവരും കൊടുത്തവരും ശിക്ഷിക്കപ്പെടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വൈറ്റിലയില്‍ ഡി.വൈ.എഫ്.ഐനടത്തിയ ജനകീയ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട കാര്യമില്ല. ഉത്തരവാദികള്‍ ആരായാലും ഏത് പാര്‍ട്ടിക്കാരനായാലും ശിക്ഷിക്കപ്പെടും. ഇടതു സര്‍ക്കാര്‍ ഭരിക്കുന്നതുകൊണ്ട് മാത്രമാണ് നടി പരാതി നല്‍കാന്‍ ധൈര്യപ്പെട്ടതെന്നും കൊടിയേരി പറഞ്ഞു.
കേസന്വേഷണം വഴിതെറ്റിക്കാനുള്ള ഗൂഢ ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. പിടിയിലായ ഒരു പ്രതി ആര്‍.എസ്.എസുകാരനായതിനാലാണ് കേസ് വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
നടിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട് തങ്ങളെ ചെളിവാരിയെറിയാന്‍ ചിലര്‍ ശ്രമിക്കുന്നതായി നടി കെ.പി.എസ്.സി ലളിത പറഞ്ഞു. സഹായിക്കേണ്ടവര്‍ മാറിനിന്ന് കുറ്റം പറയുകയാണ്. ഇതൊന്നും വിശ്വസിക്കരുതെന്നും അവര്‍ പറഞ്ഞു. ഡി.വൈ.എഫ്.ഐ എറണാകുളം ജില്ലാ പ്രസിഡന്റ് പ്രിന്‍സി കുര്യക്കോസ് അധ്യക്ഷതനായി.
കേസ് അന്വേഷണത്തില്‍
വീഴ്ച പറ്റി: പി.ടി തോമസ്
കൊച്ചി:യുവനടി അക്രമത്തിനിരയായ കേസില്‍ മുഖ്യപ്രതിയെ ഇതുവരെ പിടിക്കാന്‍ കഴിയാത്തത് പൊലിസിന്റെ വീഴ്ചകൊണ്ടാണെന്ന് പി.ടി.തോമസ് എം.എല്‍.എ. സംഭവദിവസം രാത്രി 12.15ന് പള്‍സര്‍ സുനി ഗാന്ധി നഗറില്‍ ഉണ്ടെന്നറിഞ്ഞിട്ടും എങ്ങനെ രക്ഷപ്പെട്ടുവെന്ന് അദ്ദേഹം ചോദിച്ചു.
പൊലിസ് ആരുടേയോ നിയന്ത്രണത്തില്‍ കളിക്കുകയാണ്. മുഖ്യപ്രതി പിടിക്കപ്പെട്ടാലും രക്ഷപ്പെടാനുള്ള സാഹചര്യവും ഇപ്പോള്‍ തന്നെ ഒരുങ്ങിയിരിക്കുകയാണ്. ഡി.ജി.പിയെ 11 മണിക്ക് വിവരം അറിയിച്ചിരുന്നുവെന്നാണ് സംവിധായകന്‍ ലാല്‍ പറഞ്ഞത്.
എന്നാല്‍ 12ന് താന്‍ വിളിച്ചറിയിച്ചപ്പോഴാണ് ഐ.ജിയും, കമ്മിഷണറും വിവരം അറിഞ്ഞത്. പൊലിസിന് സര്‍ക്കാര്‍ കൂച്ചുവിലങ്ങിട്ടിരിക്കുകയാണ്.
സംഭവം നടന്ന പ്രദേശങ്ങളില്‍ 14ഓളം ട്രാഫിക് സിഗ്‌നലുകളുണ്ട്. നിരവിധി നിരീക്ഷണ കാമറകളുണ്ട്. എന്നാല്‍ ഈ കാമറക്കണ്ണിലൊന്നും വണ്ടി പെടാത്ത സാഹചര്യം പൊലിസിന്റെ അനാസ്ഥയാണ് കാണിക്കുന്നത്. പി.ടി.തോമസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."