കിം ജോങ് നാമിന്റെ വധം; ഉ.കൊറിയന്‍ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യണമെന്ന് മലേഷ്യ
ക്വാലാലംപൂര്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിം ജോങ്് നാമിന്റെ വധക്കേസില്‍ അന്വേഷണം ഉ.കൊറിയന്‍ ഉദ്യോഗസ്ഥരിലേക്ക്. മലേഷ്യയിലെ ഇന്തോനേഷ്യന്‍ എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് മലേഷ്യന്‍ പൊലിസ് പറഞ്ഞു. സെക്കന്‍ഡ് സെക്രട്ടറി ഹ്യോന്‍ ക്വാങ് സോങ് (44) ഉള്‍പ്പെടെ മൂന്നു പേരെയാണ് ചോദ്യം ചെയ്യണമെന്ന് പൊലിസ് ആവശ്യപ്പെട്ടത്. എയര്‍ കൊറിയോ ജീവനക്കാരന്‍ കിം ഉക്ക് (37), ഉ.കൊറിയന്‍ പൗരനായ റിജിയു(30) എന്നിവരാണ് മറ്റു രണ്ടുപേര്‍. ജെയിംസ് എന്നറിയപ്പെടുന്ന റിജിയു ഇപ്പോള്‍ മലേഷ്യയിലുണ്ടെന്നാണ് സംശയിക്കുന്നത്.
കിം ജോങ് നാം വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന വിഷബാധയേറ്റാണ് മരിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. കൃത്യം ചെയ്ത രണ്ടു സ്ത്രീകളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കിമ്മിനെ കൊലപ്പെടുത്താനാണ് തങ്ങള്‍ ഇതുചെയ്യുന്നതെന്ന് അറിയില്ലായിരുന്നുവെന്ന് പിടിയിലായ സ്ത്രീകള്‍ മൊഴിനല്‍കി. റിയാലിറ്റി ഷോയെന്ന പേരിലാണ് വിഷം കിമ്മിന്റെ മുഖത്തേക്ക് ഇവര്‍ സ്‌പ്രേ ചെയ്തത്.
എന്നാല്‍ പ്രതികള്‍ക്ക് മികച്ച പരിശീലനം ലഭിച്ചിരുന്നുവെന്ന് മലേഷ്യന്‍ പൊലിസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആക്രമണത്തിനു ശേഷം ഇവര്‍ വിഷം പുരണ്ട കൈകഴുകിയത് ഇതിന്റെ സൂചനയാണെന്ന് പൊലിസ് കരുതുന്നു. കിമ്മിന്റെ കൊലപാതകം നടന്ന് ഒരാഴ്ചക്കു ശേഷമാണ് പൊലിസ് ഔദ്യോഗിക വിശദീകരണവുമായി രംഗത്തു വന്നത്. കിം ജോങ് നാമിന്റെ വധത്തില്‍ ഉ.കൊറിയന്‍ സര്‍ക്കാരിന്റെ പങ്കിലേക്ക് വിരല്‍ചൂണ്ടുന്ന സൂചനകളാണ് മലേഷ്യന്‍ പൊലിസ് മേധാവി ഖാലിദ് അബൂബക്കര്‍ നല്‍കിയത്. പ്രതികളെ ചോദ്യം ചെയ്യാന്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഉത്തര കൊറിയന്‍ സ്ഥാനപതിക്ക് കത്തെഴുതിയതായി അദ്ദേഹം പറഞ്ഞു.
തങ്ങളുടെ അപേക്ഷയോട് സഹകരിച്ചില്ലെങ്കില്‍ പ്രതികളെന്ന് സംശയിക്കുന്നവരെ ബലം പ്രയോഗിച്ച് ചോദ്യംചെയ്യേണ്ടിവരുമെന്ന് പൊലിസ് പറഞ്ഞു. കിം ജോങ് നാമിന്റെ മൃതദേഹം സൂക്ഷിച്ച ആശുപത്രി മോര്‍ച്ചറി തകര്‍ക്കാന്‍ ശ്രമിച്ചതിനാല്‍ ആശുപത്രിക്ക് പൊലിസ് സുരക്ഷ ശക്തിപ്പെടുത്തിയതായി പൊലിസ് മേധാവി പറഞ്ഞു. നാമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 10 പേരെയാണ് പൊലിസ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. കഴിഞ്ഞ 13 നാണ് കിം ജോങ് നാം ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ ആക്രമണത്തിന് ഇരയായത്.
അതേസമയം, നാമിന്റെ മരണവുമായി ബന്ധപ്പെട്ട് എംബസി ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാനുള്ള നീക്കത്തെ ഉത്തരകൊറിയന്‍ ഭരണകൂടം രൂക്ഷമായി വിമര്‍ശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മലേഷ്യന്‍ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുള്ള ഉത്തരകൊറിയക്കാരെ എത്രയും വേഗം വിട്ടയയ്ക്കണമെന്നും അവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കേസില്‍ അറസ്റ്റിലായ വിദേശ വനിതകളെയും വിട്ടയക്കണമെന്ന് ഉ.കൊറിയന്‍ എംബസി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."