ശരീരത്തെ ശുദ്ധീകരിക്കുന്ന കാലം
നോമ്പുകാലം പ്രാര്‍ഥനയുടെ കാലവും ഒപ്പം ശരീരത്തെ ശുദ്ധീകരിക്കുന്ന കാലം കൂടിയാണ്. റമദാന്‍ എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മവരുന്നത് മുവാറ്റുപുഴ നിര്‍മ്മല കോളജില്‍ പഠിച്ചിരുന്ന കാലമാണ്. അന്ന് എന്റെ വീടിന്റെ ചുറ്റുവട്ടത്തൊന്നും മുസ്‌ലിങ്ങളൊന്നും ഇല്ലായിരുന്നു.അതുകൊണ്ടുതന്നെ നോമ്പിനെ പറ്റി അടുത്തറിയാനും മാര്‍ഗമില്ലായിരുന്നു. പിന്നെ പുസ്തകങ്ങളിലും പത്രങ്ങളിലുമൊക്കെ വായിച്ചുള്ള അറിവായിരുന്നു.
ഒരു ദിവസം മുഴുവന്‍ അന്നപാനിയങ്ങള്‍ ഉപേക്ഷിച്ച് നോമ്പെടുക്കുന്നവരുടെ സഹനം എന്നും ആശ്ചര്യമായിരുന്നു.തിരുവാതിരയ്ക്കും ഏകാദശിക്കുമൊക്കെ നോമ്പെടുക്കാറുള്ള എനിക്കു റമദാനിലെ ഒരു നോമ്പ് സ്വപ്നമായിരുന്നു.നിര്‍മ്മല കോളജിലെ പ്രിയ സുഹൃത്ത് ഷംനാസാണ് എനിക്ക് നോമ്പെടുക്കാന്‍ പ്രജോദനമായത്. നോമ്പെടുത്ത് ഭക്ഷണം ഒന്നും കഴിക്കാതെ ക്ലാസില്‍ ഇരിക്കുന്ന ഷംനാസിന് കൂട്ടായിട്ടാണ് ആദ്യം നോമ്പെടുത്തത്.
അങ്ങനെ പലദിവസങ്ങളിലും നോമ്പിനെ അടുത്തറിയാന്‍ സാധിച്ചു.ഉപവസിച്ചുകൊണ്ടുള്ള പ്രാര്‍ഥന ആത്മീയമായ ഉണര്‍വ്വ് കൂടിയാണ് നല്‍കുന്നത്.ആ പ്രാര്‍ഥനയില്‍ എല്ലാവരും കടന്നുവരാറുമുണ്ട്. സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരും രോഗികളും നാടിന്റെ പുരോഗതിയും സാമൂഹിക നന്മയുമൊക്കെ പ്രാര്‍ഥനാവിഷയമാകാറുമുണ്ട്.
വിഷന്നുവലയുന്നവന്റെ വേദനയും നോമ്പിലൂടെ അനുഭവിച്ചറിയാന്‍ സാധിക്കും.കഴിഞ്ഞ തവണ ജില്ലാപഞ്ചായത്തംഗം ആയിരുന്നപ്പോള്‍ ഒപ്പമുണ്ടായിരുന്ന മറ്റ് നോമ്പെടുക്കുന്ന അംഗങ്ങളുടെ വീട്ടില്‍ നോമ്പുതുറക്കാന്‍ അവസരം ലഭിച്ചതും വേറിട്ട അനുഭവമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."