കേരളത്തെ വ്യവസായ സൗഹൃദമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ഇ.പി ജയരാജന്‍
കോഴിക്കോട്: വ്യവസായ മേഖലയിലെ ന്യൂനതകള്‍ പരിഹരിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് കേരളത്തെ വ്യവസായ സൗഹൃദമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു.
വ്യവസായ വകുപ്പിലും അനുബന്ധ വകുപ്പിലും നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി നടത്തിയ വ്യവസായ അദാലത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ സംരഭകരുമായി കൂടിക്കാഴ്ച നടത്തി വ്യവസായ മേഖലയുടെ വികസനത്തിന് ആക്കം കൂട്ടുക, പ്രതിസന്ധി നേരിടുന്ന മേഖലയുടെ വികസനത്തിന് ഊന്നല്‍ നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ഉദ്യോഗസ്ഥ തലത്തിലുള്ള അവലോകന യോഗവും അദാലത്തിനോടനുബന്ധിച്ച് നടത്തി. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം യോഗവും അദാലത്തും സംഘടിപ്പിക്കുന്നത്. തുടര്‍ ദിവസങ്ങളില്‍ മറ്റ് ജില്ലകളിലും പരിപാടി സംഘിപ്പിക്കും. വ്യവസായ സംരഭങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതലത്തില്‍ തീരുമാനമെടുക്കുന്നതില്‍ കാലതാമസമുണ്ടാവുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന കെസ്വിഫ്റ്റ് എന്ന ഓണ്‍ലൈന്‍ ഏകജാലക സംവിധാനം വ്യവസായ മേഖലയില്‍ കുതിപ്പുണ്ടാക്കും. വിവിധ വകുപ്പുകളുടെ അനുമതി ആവശ്യമായ അപേക്ഷകള്‍ക്കും ഒരാഴ്ചക്കകം നടപടി സ്വീകരിക്കാനും പുതിയ സംവിധാനം സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ കെ.ബിജു, സബ്കലക്ടര്‍ വി.വിഘ്‌നേശ്വരി, എ.ഡി.എം രോഷ്ണി നാരായണന്‍, അസിസ്റ്റന്റ് കലക്ടര്‍ കെ.എസ് അഞ്ജു, ജില്ലാ വ്യവസായ കേന്ദം ജനറല്‍ മാനേജര്‍ പി.എ നജീബ്, വടകര ആര്‍.ഡി.ഒ വി.പി അബ്ദു റഹ്മാന്‍, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. പ്രകാശന്‍ മാസ്റ്റര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, വ്യവസായ സംരഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."