മുത്വലാഖ്, രാമക്ഷേത്രം: ബി.ജെ.പിയെ തള്ളി ജെ.ഡി.യു
പട്‌ന: തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ബി.ജെ.പി ഉയര്‍ത്തുന്ന വര്‍ഗീയ പ്രീണന നയത്തിനെതിരേ സഖ്യകക്ഷിയായ ജെ.ഡി.യു. മുത്വലാഖ്, രാമക്ഷേത്ര നിര്‍മാണം എന്നീ വിഷയങ്ങളില്‍ ബി.ജെ.പിയുടെ നിലപാടല്ല ജെ.ഡി.യുവിനെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാര്‍ വ്യക്തമാക്കി.
ഇക്കാര്യത്തില്‍ ജെ.ഡി.യു സ്വീകരിക്കുന്ന നിലപാട് ബി.ജെ.പി നിലപാടിനോട് യോജിക്കുന്നതല്ല. ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് തിരുത്താനും ഇപ്പോള്‍ തയാറല്ല. ഇന്നലെ പട്‌നയില്‍ വാര്‍ത്താ ലേഖകര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് വിഷയവും സമാധാനത്തിലും തുറന്ന ചര്‍ച്ചയോടെയും പരിഹരിക്കേണ്ടതാണെന്നാണ് ജെ.ഡി.യു നിലപാടെന്നും നിതീഷ് പറഞ്ഞു.
രാജ്യം മുന്നോട്ടുപോകുന്നത് ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്. റാഫേല്‍ വിഷയത്തില്‍ സുപ്രിം കോടതി വിധി പുറപ്പെടുവിച്ചതിനെയാണ് ജെ.ഡി.യു പിന്തുണയ്ക്കുന്നതെന്നും നിതീഷ് പറഞ്ഞു.
നേരത്തെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളിലൊരാളായ കെ.സി ത്യാഗിയും ഇതേ നിലപാട് അറിയിച്ചിരുന്നു.
മുത്വലാഖും രാമക്ഷേത്ര നിര്‍മാണവും ജെ.ഡി.യുവിന്റെ അജണ്ടയിലുള്ള കാര്യമല്ലെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."