ദേവീന്ദര്‍ സിങ്ങിനെ നിശബ്ദനാക്കുന്നു പുല്‍വാമ ഭീകരാക്രമണം വീണ്ടും അന്വേഷിക്കണം: കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കശ്മീരില്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ ഡിവൈ.എസ്.പി ദേവീന്ദര്‍ സിങ് ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വമര്‍ശനവുമായി കോണ്‍ഗ്രസ് . കേസ് അന്വേഷണം ആറു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കേസ് എന്‍.ഐ.എയ്ക്ക് കൈമാറിയത് ദേവീന്ദര്‍ സിങിനെ നിശബ്ദനാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇതോടെ കേസ് ഇല്ലാതായെന്നും രാഹുല്‍ ട്വീറ്ററിലൂടെ പ്രതികരിച്ചു.
ദേവീന്ദര്‍ സിങ്ങിനെ നിശബ്ദനാക്കുന്നതിനുള്ള ഏറ്റവും എളുപ്പമാര്‍ഗം കേസ് എന്‍.ഐ.എയ്ക്ക് കൈമാറുക എന്നതാണെന്ന് രാഹുല്‍ ആരോപിച്ചു. എന്‍.ഐ.എ അധ്യക്ഷന്‍ വൈ.സി മോദിയുടെ കൈയില്‍ എത്തുന്നതോടെ കേസ് ചത്തതിന് തുല്യമാകും. എന്‍.ഐ.എയുടെ തലവന്‍ മറ്റൊരു മോദിയാണ്. 2002 ലെ ഗുജറാത്ത് കലാപക്കേസും 2003ല്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി ഹരേണ്‍ പാണ്ഡ്യ കൊല്ലപ്പെട്ട കേസും അന്വേഷിച്ചത് അദ്ദേഹമാണെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. ദേവേന്ദര്‍ സിങിനെ നിശബ്ദനാക്കാനുള്ള ആവശ്യം ആരുടേതാണെന്നും എന്തിനാണിതെന്നും രാഹുല്‍ ചോദിച്ചു.
2019 ഫെബ്രുവരിയില്‍ നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ പുനരന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ദേവീന്ദര്‍ സിങ്ങിനെ ആ സമയത്ത് ജില്ലയിലെ ഡി.എസ്.പിയായി നിയമിച്ചത് സംബന്ധിച്ചും ഭീകരാക്രമണത്തില്‍ അദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ചും അന്വേഷണം വേണം. സിങ് അറസ്റ്റിലായതിന് പിന്നാലെ ജനങ്ങളുന്നയിക്കുന്ന സംശയങ്ങള്‍ക്ക് പ്രധാനമന്ത്രി മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മറുപടി നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
സിങിന്റെ അറസ്റ്റ് ഗൗരവതരമായ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനാഥെ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ എന്തുകൊണ്ടാണ് നിശബ്ദത പാലിക്കുന്നത്. സര്‍ക്കാരിന്റെ നിശബ്ദത ദുരൂഹമാണ്. പുല്‍വാമ ഭീകരാക്രമണത്തിലും പാര്‍ലമെന്റ് ആക്രമണത്തിലും ദേവീന്ദര്‍ സിങ്ങിന്റെ പങ്ക് അന്വേഷിക്കണം. പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച ഇത്രയധികം ആര്‍ഡിഎക്‌സ് എവിടെനിന്ന് വന്നുവെന്ന് അന്വേഷിക്കണം.
ആരുടെ സംരക്ഷണമാണ് ദേവീന്ദര്‍ ആസ്വദിക്കുന്നത്. സ്വാമി അസീമാനന്ദ, പ്രജ്ഞ സിങ് ഠാക്കൂര്‍ എന്നിവരുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തില്‍ എന്‍.ഐ.എ വഹിച്ച പങ്ക് സംശയാസ്പദമാണെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.
ദേവീന്ദര്‍ സിങ്ങിന്റെ വിഷയത്തില്‍ പ്രധാന മന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും നിശബ്ദതയെ ചോദ്യം ചെയ്ത് മുമ്പും രാഹുല്‍ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."